**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Sunday, July 22, 2012

മഴപെയ്യാന്‍ കര്‍ണ്ണാടകവക ചെറിയവെടി ഒന്ന്, വലിയവെടി നാല്

 
          പുതിയ കുടയൊരെണ്ണം മേടിച്ച് പൊതിഞ്ഞുകെട്ടിക്കൊണ്ട് നടക്കാന്‍ തുടങ്ങിയിട്ട് മാസം ഒന്ന്കഴിഞ്ഞു.ഒന്നു, രണ്ടു ചാറ്റല്‍ മഴയ്ക്ക് തുറക്കാന്‍ കഴിഞ്ഞതൊഴിച്ചാല്‍ കഷത്തില്‍ തന്നെയാണ് വയ്പ്പ്. ഉണക്കി സൂക്ഷിക്കണമെന്നും,വലിയ മഴയ്ക്ക് ചോരുമെന്നുമുള്ള മുന്നറിയിപ്പ് കമ്പനി തന്നിട്ടുള്ളതിനാല്‍ നല്ല മഴ വന്നാല്‍ തുറക്കാതിരിക്കുന്നതാണ് ബുദ്ധി. ഇന്നും മഴയ്ക്ക് സാധ്യത യൊന്നും കാണുന്നില്ല. എന്നാലും ആകാശം മേഘാവൃതം ആയിരിക്കും; എപ്പോ വേണമെങ്കിലും അത് സംഭവിക്കാം എന്നും ആകാശവാണി മുന്നറിയപ്പു തന്നിട്ടുണ്ട്. കര്‍ക്കിടകത്തിലും വരണ്ടു കിടക്കുന്ന പാടവരമ്പത്ത്കൂടി നടക്കുമ്പോള്‍ വല്ലാത്ത ഒരു വിഷമം. കഴിഞ്ഞ വര്ഷം ഈ സമയത്ത് പാടം പച്ചപ്പ് വിരിച്ച് കിടക്കുമ്പോള്‍; കൈത്തോടിനു കുറുകെ ഇട്ടിരുന്ന തടിയില്‍ ഇരുന്നു ചൂണ്ട ഇട്ടതാണ്. നിറഞ്ഞൊഴുകിയിരുന്ന തോട്ടിലിപ്പൊ പാദം നനയാനുള്ള വെള്ളം മാത്രം. വൈകുന്നേരങ്ങളില്‍ പെയ്യുന്ന അന്തിയടപ്പന്‍ മഴയ്ക്ക് അകമ്പടിയായി കേള്‍ക്കുന്ന പേക്രോം പേക്രോം ശബ്ദം കേള്‍ക്കാനേ…. ഇല്ല. വീടിന്റെ തിണ്ണയില്‍ ഇരിക്കുമ്പോള്‍ കാണുന്ന പച്ചവിരിച്ച വയലില്‍ വെള്ളപ്പട്ട് കാറ്റില്‍ ഇളകുന്നത്‌പോലെ തെന്നി നീങ്ങുന്ന മൂടല്‍ മഞ്ഞിനെയും ഇക്കുറി കണ്ടില്ല. കാലവര്‍ഷം ഇക്കുറി കേരളത്തിലേക്ക് വരാതെ ബംഗാള്‍ ഉള്‍ക്കടലില്‍ നിരങ്ങാന്‍ പോയത്രേ…..എങ്കിലും നമുക്ക് കാത്തിരിയ്ക്കാം…. വരും…. വരാതിരിക്കില്ല.
    കേരളത്തില്‍ ഈ വര്‍ഷം മൊത്തത്തില്‍ മഴ കുറവാണന്നുള്ള വിവരം ദിവസവും കേള്‍ക്കാം. കാടായ കാടെല്ലാം വെട്ടി വെളിപ്പിക്കുമ്പോള്‍ അത് തടയാന്‍ ആരുമില്ല. ഒരു കാലത്ത് പച്ചപുതച്ചു നിന്നിരുന്ന പശ്ചിമഘട്ടമലനിരകള്‍ക്കു പകരം ഇന്നു മൂഡനം ചെയ്ത ശിരസുമായി നില്‍ക്കുന്ന മൊട്ടക്കുന്നുകള്‍മാത്രമാണുള്ളത് .പ്രസിദ്ധമായ നാല്പതാം നമ്പര്‍ മഴ കിട്ടിയിരുന്ന വയനാടന്‍ മലനിരകള്‍; വെയിലേറ്റു കരുവാളിച്ച മുഖവുമായി നില്‍ക്കുന്നു. ഇതൊരു തുടക്കം മാത്രമാണ്.ഡക്കാന്‍ പീഠഭുമിയുടെ ഒരു ഭാഗമായ വയനാടിനെ എന്നും കുളിരണിയിച്ചു നിറുത്തിയിരുന്നത് അവിടുത്തെ നിത്യഹരിത വനങ്ങള്‍ ആയിരുന്നു. വനനശികരണവും അശാസ്ത്രീയമായ ഫോറസ്റ്റ്‌വത്ക്കരണവും പ്രകൃതിയുടെ താളം തെറ്റിച്ചു. മൈസൂര്‍ വയനാട് റോഡില്‍ സഞ്ചരിച്ചിട്ടുള്ള ആര്‍ക്കും കാണാം നമുടെ ശാസ്ത്രബോധം. വഴിയരുകില്‍ ആന, മയില്‍, കടുവ ബോര്‍ഡുകള്‍ കാണാം. പക്ഷെ കാടെന്നുപറയുന്നത് അധികവും; തേക്ക്, അക്കേഷ്യ പോലുള്ള ഇല കൊഴിയുന്ന മരങ്ങളാണ്. വേനല്‍ ആയാല്‍ ഇത്തരം മരങ്ങള്‍ എല്ലാം ഇല കൊഴിഞ്ഞ്ഉണങ്ങി ഞരണ്ട്‌നില്‍ക്കും . കാട്ടുതീ നിത്യസംഭവം ആയിരിക്കുന്നു. നിത്യ ഹരിത വനങ്ങള്‍ വെട്ടിത്തെളിച്ച് തേക്ക് പോലുള്ള ഇലകൊഴിയും മരങ്ങള്‍ പിടിപ്പിച്ചാല്‍ എങ്ങനെ തോടുകള്‍ വറ്റാതിരിക്കും. ഭൂമിയുടെ ചൂട് കൂടി ആ പ്രദേശം ക്രമേണ മഴനിഴല്‍ പ്രദേശമായി മാറും. ഒരു കാലത്ത് മികച്ച കാര്‍ഷിക ഭൂമിയായ ഗുണ്ടല്‍പേട്ട് ഇതിനു ഉദാഹരണമാണ്…….

    അന്തരിക്ഷത്തിലൂടെ തെന്നിനീങ്ങുന്ന മഴ മേഘങ്ങളേ തടഞ്ഞുനിറുത്തി മഴ പെയ്യിക്കാന്‍ മലകള്‍ വേണമെന്നും അങ്ങനെ പെയ്യുന്ന മഴവെള്ളത്തെ തടഞ്ഞു നിറുത്തി മണ്ണിലേക്ക് ഇറങ്ങാന്‍ സഹായിക്കുന്നത് സസ്യങ്ങള്‍ ആണെന്നും നമുക്കറിയാം. അതിനാല്‍ വനവത്ക്കരണമാണ് മഴയുടെ അളവ് വര്‍ധിപ്പിക്കാന്‍ ആവശ്യമെന്നും നമ്മള്‍ പഠിക്കുന്നു. മഴവെള്ളം കടലിലേക്ക് ഒലിച്ചുപോവാതെ മണ്ണിലേക്കിറങ്ങാന്‍ ചെറിയ തടയണകള്‍, തണ്ണീര്‍ തടങ്ങള്‍ തുടങ്ങിയവ വഴിയും.അണകെട്ടി വെള്ളം സംഭരിച്ച് മറ്റു ആവശ്യങ്ങള്‍ക്കും സൂക്ഷിക്കാമെന്നും നമുക്കറിയാം. പഠിച്ച അറിവുകളെ പ്രായോഗികജിവിതത്തില്‍; തനിക്കും സമൂഹത്തിനു ഉപകാരപ്രദമായ രീതിയില്‍ വിനയോഗിക്കാനുള്ള കഴിവ് ആണ് മനുഷ്യനെ മൃഗങ്ങളില്‍ നിന്ന് വിത്യസ്തനാക്കുന്നത്. അതിജിവനത്തിനു ആവശ്യമായകാര്യങ്ങള്‍ സ്വയം കണ്ടെത്തി പരിഹരിക്കാനുള്ള കഴിവാണ് ദൈവം മനുഷ്യന് കൊടുത്തിരിക്കുന്നത്. അല്ലാതെ രോഗം വന്നാല്‍ മരുന്ന് വാങ്ങാതെ ദൈവമേ നീ സുഖപ്പെടുത്ത് എന്ന് പറയുന്നത് വിഡ്ഢിത്തമാണ്. ഉള്ള കാടു മുഴുവന്‍ വെട്ടിത്തെളിച്ചിട്ടും, കുന്നുകള്‍ മുഴുവന്‍ ഇടിച്ച്‌നിരത്തിയും, മഴവെള്ളത്തെ മുഴുവന്‍ ഒഴുക്കി കളയുകയും ചെയ്തിട്ട് ദൈവമേ വെള്ളം ഇല്ല; അതു കൊണ്ട് ഇപ്പൊ മഴ പെയ്യിക്കണം എന്ന് പറഞ്ഞാല്‍ നടക്കുമോഅതിനു വേണ്ടി സര്‍ക്കാര്‍ ഖജനാവിലെ പണമെടുത്ത് യാഗം നടത്തിയാല്‍ മതിയോ.
ബംഗളൂരു: കടുത്ത വരള്‍ച്ചമൂലം ദുരിതത്തിലായ ജനങ്ങളെ സഹായിക്കുന്നില്ലെന്ന് വിമര്‍ശം നേരിടേണ്ടി വന്ന കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാര്‍ മഴ ദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ പ്രത്യേക പൂജക്കൊരുങ്ങുന്നു. ക്ഷേത്രങ്ങളില്‍ 18.5 കോടി രൂപ ചെലവില്‍ പ്രത്യേക പൂജ നടത്താന്‍ നിര്‍ദേശിച്ചുള്ള സര്‍ക്കുലര്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചു. പുതുതായി നിയമിതനായ ദേവസ്വം മന്ത്രി കോട്ട ശ്രീനിവാസ പൂജാരിയാണ് ഇക്കാര്യം അറിയിച്ചത്. മഴ ലഭിക്കുന്നതിന് ദേവസ്വം വകുപ്പിന് കീഴിലെ 37,000 ക്ഷേത്രങ്ങളില്‍ പൂജ നടത്താനാണ് നിര്‍ദേശം. ജൂലൈ 27 മുതല്‍ ആഗസ്റ്റ് രണ്ട് വരെ നടക്കുന്ന പൂജക്കായി ഓരോ ക്ഷേത്രത്തിനും 5000 രൂപ വീതമാണ് നല്‍കുക. അതേസമയം, സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. ഇത്രയും തുക ചെലവഴിച്ച് കുഴല്‍ക്കിണറുകള്‍ കുഴിക്കുകയാണെങ്കില്‍ വരള്‍ച്ച നേരിടുന്ന ഗ്രാമങ്ങളിലെ ജനങ്ങളുടെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
  നമ്മുടെ അടുത്ത നാട്ടില്‍ മഴപെയ്യിക്കാന്‍ പൂജ നടത്താന്‍ സര്‍ക്കാര്‍ പതിനെട്ടരകോടി രൂപയാണ് ചിലവഴിക്കുന്നത്. ദേവസ്വം വകുപ്പിന്റെ കീഴിലുള്ള 37000ക്ഷേത്രങ്ങള്‍ക്ക് 5000രൂപ വീതം കൊടുത്തിരിക്കുകയാണ് മഴപെയ്യിക്കാന്‍. ഇങ്ങനെ ദൈവത്തിനു കാശ് കൊടുത്ത് മഴ പെയ്യിക്കാന്‍ പറ്റുമായിരുന്നെങ്കില്‍ ഇവിടെ എന്തൊക്കെ നടക്കുമായിരുന്നു. പണി നടക്കുമോ; എന്ന് നമുക്ക് നോക്കാം; നടന്നാല്‍ താമസിക്കേണ്ട ഇവിടെയും തുടങ്ങണം സര്‍ക്കാര്‍ചിലവില്‍ പൂജ. ഇടുക്കിയില്‍ പല്ലുതേക്കാന്‍ പോലും വെള്ളം ഇല്ലന്നാ കേട്ടത്. ഒരു അപേക്ഷമാത്രം ഉണ്ട്. പൂജപ്പണി ദേവസ്വത്തെ ഏല്പ്പിക്കരുത് . പി സ് സി എഴുതി കൈ തേഞ്ഞ കുറെ പാവങ്ങള്‍ ഇവിടെ ഉണ്ട്….. നമ്മുക്ക് തരണം ആ പണി…. കര്‍ക്കിടകത്തില്‍ കഞ്ഞി കുടിച്ചു പൊയ്‌ക്കോട്ടെ. അയ്യായിരമൊന്നും തരേണ്ട ഒരു മൂവായിരം വച്ചു തന്നാല്‍ മതി.. പ്ലീസ്.. സ്.. സ്..
പിമൊഴി: പതിനെട്ടരകോടി തന്നാല്‍ ഇടുക്കിതുറന്നുവിട്ടപോലെ ബാണാസുരസാഗറും തുറന്നു വിടാം. ഞമ്മക്കെന്തിനാ ബെള്ളം?

1 comment:

  1. നമ്മുടെ അടുത്ത നാട്ടില്‍ മഴപെയ്യിക്കാന്‍ പൂജ നടത്താന്‍ സര്‍ക്കാര്‍ പതിനെട്ടരകോടി രൂപയാണ് ചിലവഴിക്കുന്നത്.

    what else we can expect from them ? doing research for finding gold in cow urine :)

    yep...

    why this pooja wont work in sahara? :)

    ReplyDelete