**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Monday, August 27, 2012

ഭഗവാന്‍റെ കഴുതകള്‍.....

       
     ആത്മശാന്തിക്കായി, അലയുന്ന മനുഷ്യനെ സംബന്ധിച്ചിടത്തോളം പുണ്യസ്ഥലങ്ങളിലൂടെയുള്ള തീര്‍ഥാടനം നിര്‍വൃതീധായകമാണ്.കഠിനമായ വൃതാനുഷ്ടാനങ്ങളിലൂടെ ജിവിതത്തെയൊന്ന് പുഷ്ടിപ്പെടുത്താന്‍ ഈ തീര്‍ഥാടനങ്ങള്‍ സഹായിക്കുന്നു. തല്ക്കാലത്തെയ്ക്കെങ്കിലും പുതിയൊരു മനുഷ്യനായിത്തീരാന്‍ ഇതുമൂലം കഴിയുന്നു. എന്നാല്‍ ഇത്തരം തീര്‍ഥാടനങ്ങളിലൂടെ കടന്നു പോകുമ്പോള്‍ കാണുന്ന മറ്റൊരു കാഴ്ചയുണ്ട്. മോക്ഷം തേടി അലയുന്നവരുടെ ആവശ്യങ്ങള്‍ക്കായി ചൂഷണം നേരിടേണ്ടിവരുന്ന വരുന്ന മറ്റൊരു വര്‍ഗം. അതില്‍ മനുഷ്യനും, മൃഗങ്ങളും ഉള്‍പ്പെടുന്നു. ഇതിനൊരുദാഹരണമാണ്`ശബരിമലയിലെ കഴുതകള്‍. കണ്ണില്‍ ചോരയില്ലാത്ത മനുഷ്യന്‍റെ ക്രൂരതകള്‍ ഏറ്റുവാങ്ങി; ചുമട് ചുമക്കാന്‍ വിധിക്കപ്പെട്ട കഴുതകളുടെ വേദനകള്‍ ഒടുവില്‍ ഭഗവാന്‍ കണ്ടിരിക്കുന്നു. അങ്ങനെ ശബരിമലയില്‍ ഇനിമുതല്‍ കഴുതച്ചുമട് പാടില്ല എന്ന് നിയമം വന്നിരിക്കുന്നു. ഉത്സവസമയത്ത് പമ്പ മുതല്‍ സന്നിധാനം വരെയുള്ള യാത്രയില്‍ ചുമടും ചുമന്നു മലകയറുന്ന ഈ സാധു ജീവികളെ കാണാം. ദേവസന്നിധിയില്‍ പോലും മനുഷ്യന്‍റെ കരുണയില്ലാത്ത സ്വഭാവത്തിന്‍റെ പ്രകടമായ ഉദാഹരണമായിരുന്നു ഈ കഴുതകള്‍. ഭഗവത്‌ സന്നിധിയില്‍ എത്തുന്ന ഭക്തരുടെ വിശപ്പും ദാഹവും തീര്‍ക്കാന്‍ ചുമടെടുക്കുന്ന ഇവരുടെ യാതനകള്‍ തീരാന്‍ ഇത്രയുംകാലം കാത്തിരിക്കേണ്ടിവന്നു. പേപ്പട്ടിയെപ്പോലും തല്ലിക്കൊന്നാല്‍ വാളെടുക്കുന്ന മേനകാഗാന്ധിയും കൂട്ടരുമോന്നും ഇവരുടെ സങ്കടം കണ്ടതായിപ്പോലും നടിച്ചിരുന്നില്ല.

    ഉത്സവ സമയത്ത് തമിഴ്‌നാട്ടില്‍ നിന്നാണ് ഇവയെ കൊണ്ടുവരുന്നത്. ചുമട് ചുമന്നു മലകയറുന്നതിനിടയില്‍ പലപ്പോഴും ഇവ ക്രൂരമര്‍ദ്ദനത്തിനു വിധേയമാവുന്നു.മനുഷ്യന്‍ മൃഗങ്ങളോട് ചെയ്യുന്ന ക്രൂരതയ്ക്ക് സ്ഥലവും കാലവും ഒരു തടസമല്ലായെന്നുള്ളതിന്‍റെ ഉത്തമഉദാഹരണമാണ് ഈ സാധു ജീവികള്‍. നടത്തത്തിനിടയില്‍  വീണുപോകുന്നതിനെ അങ്ങനെ തന്നെ കാട്ടില്‍തള്ളുന്നു, വന്യമൃഗങ്ങളും മറ്റും ഇവയെ കടിച്ചുകീറി കൊല്ലുകയും ചെയുന്നു. ദേഹത്ത് തേപ്പ്‌പെട്ടി വച്ച് പൊള്ളിച്ച് ആ ഭാഗത്ത്തന്നെ വടികൊണ്ട് അടിക്കുന്നു; വേഗത്തില്‍ നടക്കാന്‍ വേണ്ടി ചെയ്യുന്ന പീഡനമാണിത്. ദേഹമാസകലം മര്‍ദ്ദനമേറ്റ്പൊട്ടി, ഒടിഞ്ഞ കാലുകളുമായി നടക്കാന്‍ വയ്യാതെ ഇഴഞ്ഞു നീങ്ങുന്ന ഈ സാധുക്കളെ പമ്പയുടെ പരസരങ്ങളില്‍ പോലും കാണാന്‍കഴിയും. ഉത്തരവാദിത്വപ്പെട്ടവര്‍ തീര്‍ഥാടകരെ പിഴിയുന്നതിരക്കിലായതിനാല്‍ ആരും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാറില്ലായെന്നുമാത്രം. പരിക്ക്പറ്റിയാല്‍ ഉടമസ്ഥര്‍ പിന്നെ തിരിഞ്ഞു നോക്കാറില്ല. അവ പിന്നിട് ആളുകള്‍ക്കിടയിലൂടെ അലഞ്ഞുതിരിഞ്ഞു നടക്കുന്നു. ഇക്കാര്യത്തില്‍ അധികൃതരുടെ ഭാഗത്ത് നിന്ന് സാധാരണയായി ഒരു നടപടിയും ഉണ്ടാവാറില്ല. 2010-ല്‍ ഹൈക്കോടതി ഇക്കാര്യത്തില്‍ ഇടപെട്ട് ഒരു വിധി പറഞ്ഞിരുന്നു. വിധി പ്രകാരം ആരോഗ്യമുള്ള മൃഗത്തെ കൊണ്ട് മാത്രമേ ചുമട് എടുപ്പിക്കാന്‍പാടുള്ളൂ. എന്നാല്‍ പ്രായംച്ചെന്നതും,തീരെ പ്രായം കുറഞ്ഞതുമായവയെകൊണ്ട്പോലും ചുമട് എടുപ്പികുന്നു. കൃത്യമായ ഭക്ഷണമോ വെള്ളമോ ഇവയ്ക്ക് കിട്ടാറില്ല. തീര്‍ഥാടകര്‍ ഉപേക്ഷിക്കുന്ന ഭക്ഷണാവശിഷ്ടങ്ങളും, പ്ലാസ്റ്റിക്കും, കടലാസുമോക്കെയാണ് ഇവയുടെ ഭക്ഷണം. ചെവിയില്‍ കത്തികൊണ്ട് വരയുക, വാലുപിടിച്ചു തിരിക്കുക തുടങ്ങിയ പീഡനങ്ങളും ജോലിക്കിടെ ഇവ ഏറ്റുവാങ്ങുന്നു. ചുമട്ചുമക്കാന്‍ പാകത്തില്‍ മുതുക്‌ ശരിയാക്കാന്‍ കല്ല്‌കൊണ്ട് ഇടിക്കുന്ന രീതിയും നിലവിലുണ്ട് പത്തു മുതല്‍ അമ്പതു വരെയുള്ള ഇവയുടെ കൂട്ടങ്ങളെ നോക്കാന്‍ പലപ്പോഴും ഒരാള്‍ മാത്രമേ ഉണ്ടാകാറുള്ളൂ; അതുകൊണ്ടുതന്നെ പരിക്ക് പറ്റിയതിനെയും, രോഗംബാധിച്ചവയെയും ചികല്‍സിക്കാന്‍ മിനക്കെടാറില്ല; മലകയറ്റത്തിനിടയില്‍ ജീവനോടെ കൊക്കയിലേക്ക് വലിച്ചെറിയുകയാണ്‌ പതിവ്‌.

   പാര്‍പ്പിക്കാന്‍ ഷെല്‍ട്ടറുകള്‍ ഇല്ലാത്തതിനാല്‍ ജോലിയില്ലാത്തപ്പോള്‍ ഇവ ജനങ്ങള്‍ക്കിടയിലൂടെ അലഞ്ഞു നടക്കുന്നു. ഇവയില്‍ നിന്ന് പകരാവുന്ന രോഗങ്ങളോ മറ്റു പാരിസ്ഥിതികപ്രശ്നങ്ങളോ ആരുംതന്നെ ശ്രദ്ധിക്കാറില്ല. ആത്മശുദ്ധിയും ദേഹശുദ്ധിയും കൈമുതലാക്കി ദേവദര്‍ശനത്തിന് വരുമ്പോള്‍ ഇങ്ങനെയുള്ള കാഴ്ചകള്‍ ഒരുവേള മനസ്സിനെ നൊമ്പരപ്പെടുത്തിയിരുന്നു. തിരക്കിനിടയില്‍ മറന്നുപോകുന്ന ഈ നൊമ്പരകാഴ്ചകള്‍ ഇനി ആവര്‍ത്തിക്കാതിരിക്കട്ടെ. ദേഹമാസകലം പൊട്ടിയൊലിക്കുന്ന മുറിവുകള്‍ ഉണ്ടായിട്ടും, നടക്കാന്‍വയ്യാതെ ഒറ്റക്കാലില്‍ ചാടുമ്പോഴും, തലയുര്‍ത്തി ആരോടും പ്രതിക്ഷേധം പ്രകടിപ്പിക്കാതെ ഭഗവാന്‍റെ പുണ്യഭൂമിയില്‍ അലഞ്ഞുതിരിയാന്‍ വിധിക്കപ്പെട്ട കഴുതകളുടെ അവസ്ഥ ഇനിയെങ്കിലും നന്നാകുമെന്ന് ആശ്വസിക്കാം........

No comments:

Post a Comment