**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Monday, October 15, 2012

സ്ത്രീപീഡനക്കാര്‍ക്കിത് ശുഭകാലം


     

    സാര്‍വ്വദേശിയ സ്ത്രീപീഡനക്കാരുടെ അഖിലേന്ത്യാസമ്മേളനം ഇപ്പോള്‍ ഹരിയാനയില്‍ നടക്കുകയാണെന്നാണ് പത്രത്തിലൂടെലഭിച്ച വിവരം.ദേശിയ പീഡനത്തിലെയും, സംസ്ഥാനപീഡനത്തിലെയും നേതാക്കള്‍ ഇതിനെത്തുടര്‍ന്ന് ഹരിയാനയില്‍ തമ്പടിച്ചിട്ടുണ്ട്.പീഡനപ്രസ്ഥാനത്തെ അനുകൂലിച്ചും, പ്രതികൂലിച്ചും നിരവധി പ്രസ്ഥാവനകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്.പ്രസ്ഥാനംതളര്‍ന്നിട്ടില്ലായെന്ന് കാണിക്കാന്‍ നിരവധി ബലാല്‍സംഗങ്ങളാണ് ഹരിയാനയിലിപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. ഇരകളെ ആശ്വസിപ്പിക്കാന്‍ യുപിഎ അധ്യക്ഷവരെ രംഗത്ത് വന്നിട്ടും; പുതിയ പീഡനകഥകള്‍ പുറത്തുവരുമ്പോള്‍ പീഡനസംഘടനയുടെ ശക്തികുറയാന്‍ പോകുന്നില്ലായെന്ന് വേണം കരുതാന്‍. ഏറ്റവും ഒടുവിലായി സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ അറുപതുകാരന്‍ പീഡിപ്പിച്ച സംഭവമാണ് പുറത്തുവന്നിരിക്കുന്നത്.ഇതൊരു ആഗോള പ്രതിഭാസമായതിനാല്‍ ഇതിനുള്ള മരുന്ന്; പ്രധാന ഹരിയാനാ ലാടവൈദ്യന്‍ ഗുരുശ്രിമാന്‍ ഓംപ്രകാശ്‌ ചൌട്ടാല പറഞ്ഞിട്ടുണ്ട്. ടിയാന്‍ അവിടുത്തെ മുന്‍മുഖ്യനും ഇപ്പോള്‍ പ്രതിപക്ഷവും ആയതിനാല്‍ മരുന്ന് തെറ്റാന്‍ വഴിയില്ല.വിവാഹപ്രായം പതിനാറായികുറയ്ക്കാനാണ് അദേഹത്തിന്‍റെ നിര്‍ദേശം.പണ്ട് മുഗളന്‍മ്മാരുടെ കാലത്ത് ബലാല്‍സംഗം കുറയ്ക്കാന്‍ ഇങ്ങനെയാണ് ചെയ്തിരുന്നത് പോലും. ഹരിയാനയിലെ നാട്ടുകൂട്ടമായ ഖാപ്‌ പഞ്ചായത്തുകളുടെ തീരുമാനവും ഇതാണ്. ഏതായാലും മസ്ലിംപവര്‍എക്സ്ട്രാ നിരോധിക്കണമെന്നോന്നും പറയാഞ്ഞത് ഭാഗ്യം.

ബലാത്സംഗം തടയാന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് നിവേദനം സമര്‍പ്പിച്ച ശേഷമാണ് ലോക്ദള്‍ നേതാവായ ചൗട്ടാല ഖാപ് പഞ്ചായത്തിന്‍റെ വിവാദനിര്‍ദേശത്തെ അനുകൂലിച്ചത്. നേരത്തേ വിവാഹിതരാവുന്നത് സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ സഹായകമാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
കഴിഞ്ഞ ദിവസം ജിന്ദ് ജില്ലയില്‍ ബലാത്സംഗത്തിനിരയായവരെ സന്ദര്‍ശിച്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ഖാപ് പഞ്ചായത്തിന്റെ നിര്‍ദേശത്തില്‍ കടുത്ത പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യം തീരുമാനിക്കേണ്ടത് ഖാപ് പഞ്ചായത്തല്ലെന്നും കോടതിയാണെന്നും അവര്‍ പറഞ്ഞു. എന്നാല്‍ സോണിയ സംസ്ഥാനത്തെത്തിയ അന്നു തന്നെ നാല് ബലാത്സംഗക്കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ചൗട്ടാല പറഞ്ഞു. ക്രമസമാധാനനില ഉറപ്പാക്കുന്നതില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തികഞ്ഞ പരാജയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

''ഭൂതകാലത്തില്‍നിന്ന് നമ്മള്‍ പഠിക്കേണ്ടിയിരിക്കുന്നു. പ്രത്യേകിച്ച് മുഗള്‍ കാലഘട്ടത്തില്‍ നിന്ന്. മുഗള്‍ വംശജരുടെ പീഡനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ അന്ന് പെണ്‍കുട്ടികളെ നേരത്തേ വിവാഹം കഴിച്ചുകൊടുക്കുകയാണ് ജനങ്ങള്‍ ചെയ്തത്'' -ചൗട്ടാല പറഞ്ഞു.
ഹരിയാണയില്‍ ബലാത്സംഗങ്ങള്‍ പെരുകുന്നതില്‍ സംസ്ഥാനസര്‍ക്കാറിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്ന് കോണ്‍ഗ്രസ് വക്താവ് രേണുക ചൗധരി പറഞ്ഞു.

 ഒരു മാസത്തിനുള്ളില്‍ പതിനാറ്ബലാത്സംഗങ്ങള്‍ നടന്ന സംസ്ഥാനത്തെ; രാഷ്ട്രിയപാര്‍ട്ടികളുടെ നിലപാട് നോക്കുക. തമ്മില്‍തമ്മില്‍ ചെളിവാരിയെറിയലും, തെറിവിളിയുമായി ഗുരുതരമായ ഒരു സാമുഹ്യപ്രശ്നത്തെയാണ് ലഘുകരിച്ചു കാണുന്നത്.ലോകത്ത്‌ ഏറ്റവും കൂടുതല്‍ ശൈശവവിവാഹങ്ങള്‍ നടക്കുന്ന രാജ്യമാണ് ഇന്ത്യ.ആ സ്ഥിതി മാറ്റെണമെന്നാണ് ലോകാരോഗ്യസംഘടന ആവശ്യപ്പെട്ടിരിക്കുന്നത്.എന്നാല്‍ പ്രായം പതിനാറായി കുറയ്ക്കാനാണ് ഒരു വിഭാഗം നേതാക്കള്‍ പറയുന്നത്. ഇവരും പീഡനയസോസിയേഷന്‍ മെമ്പര്‍മാരാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സര്‍ക്കാരും പ്രതിപക്ഷവും അങ്ങോട്ടും ഇങ്ങോട്ടും ചെളിവാരിയെറിഞ്ഞു രസിക്കുമ്പോള്‍ പീഡനത്തിനിരയായവര്‍ നീതിക്കുവേണ്ടി തെരുവില്‍ അലയുന്നു. ഹരിയാനയില്‍ അറുപതുവയസുള്ള വൃദ്ധന്‍ പീഡിപ്പിച്ച സ്കൂള്‍ വിദ്യാര്‍ത്ഥിനിയേയും, സഹോദരങ്ങളെയും; പീഡനം പുറത്തറിഞ്ഞതിനാല്‍ അവര്‍ പഠിച്ചിരുന്ന സ്കൂളില്‍നിന്നും പുറത്താക്കിയിരിക്കുകയാണ്.എന്തൊരു ശുഷ്കാന്തി.... ഒരു കാര്യം ചെയ്യ് പീഡനം നിയമവിധേയമാക്കുക; അപ്പൊ പിന്നെ ഈ പൊല്ലാപ്പ് ഒന്നും വേണ്ടല്ലോ.അതിനായി ഒരു വകുപ്പും  മന്ത്രിയെയും പ്രഖ്യാപിക്കുക.കുറഞ്ഞതൊരു പത്തു പീഡനക്കേസില്‍ എങ്കിലും പ്രതിയായവനെ മാത്രമേ ഈ പോസ്റ്റിലേക്ക് നിയമിക്കാവൂ.എങ്കിലേ ഇക്കാര്യത്തില്‍ പെട്ടന്നൊരു കുതിച്ചുചാട്ടം ഉണ്ടാകു.പീഡനത്തിന് വിധേയമാകുന്നവര്‍ക്കെല്ലാം പത്തുലക്ഷം രൂപയും, വീടും, ഒരേക്കര്‍ ഭൂമിയും കൊടുക്കുക.അതാകുമ്പോള്‍ ഈ തൊല്ല ഒഴിവാക്കാന്‍ പറ്റും.ഇതിപ്പോള്‍ പീഡിപ്പിച്ചവന്‍ മന്ത്രിയും, എംഎല്‍എയുമായി; വിഐപി രീതിയില്‍ കഴിയുന്നു.പീഡനത്തിന് വിധേയമാകുന്നവര്‍ അപമാനിതരായി സമൂഹത്തിന്‍റെ പുറമ്പോക്കില്‍ ഒറ്റപ്പെടുന്നു.നിയമം പോലും അവരോടു കരുണ കാണിക്കുന്നില്ല.കഴിഞ്ഞ വര്‍ഷം മാത്രം ഇന്ത്യയില്‍ 23582 ബലാല്‍സംഗകേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തത് വേറെയും കിടക്കുന്നു.ഇതില്‍ വെറും പത്തുശതമാനത്തില്‍ താഴെ കേസില്‍ മാത്രമാണ് പ്രതികള്‍ ശിക്ഷിക്കപ്പെടുന്നത്.സാക്ഷിയില്ല തെളിവില്ല,പ്രതികളുടെ സ്വാധിനം തുടങ്ങിയ പലകാരണങ്ങള്‍ കൊണ്ട് കേസുകള്‍ തള്ളപ്പെടുന്നു. ഇരകളുടെ ഭാഗത്ത്‌ നില്‍ക്കേണ്ട സര്‍ക്കാരാകട്ടെ വോട്ട്ബാങ്ക് രാഷ്ട്രിയവും,പണവും നോക്കി മലക്കംമറിയുന്നു. നീതി എന്നുള്ളത് സാധരണക്കാരന് പലപ്പോഴും നിഷേധിക്കപ്പെടുന്നു.

 വിവാഹപ്രായം കുറച്ചാല്‍ എങ്ങനെയാണ് ബലാല്‍സംഗം കുറയുന്നത്.ആ ചിന്താഗതി ഒരു തട്ടിപ്പാണ്.വിവാഹിതയായ സ്ത്രി പലപ്പോഴും തന്‍റെ കുടുംബജീവിതത്തിന്‍റെ തകര്‍ച്ച ഭയന്ന് പീഡനങ്ങള്‍ പുറത്ത്‌ പറയാറില്ല. അങ്ങനെവരുമ്പോള്‍ പീഡനവും അതിലൂടെ സംഭവിച്ചേക്കാവുന്ന മറ്റു അനന്തരഫലങ്ങളും ഭര്‍ത്താവ് എന്ന ലൈസന്‍സിയുടെ പുറത്തുവച്ച് പലര്‍ക്കും ഒഴിവാകാം.ക്രിമിനലുകള്‍ക്ക് രക്ഷപ്പെടുകയും ചെയ്യാം.അല്ലാതെ വിവാഹം കഴിക്കാത്ത  സ്ത്രികളെ മാത്രം തിരഞ്ഞുപിടിച്ച് പീഡിപ്പിക്കുന്ന പ്രത്യേകയിനമാണോ ഹരിയാനയിലേത് എന്നറിയില്ല.അങ്ങനെ ബോര്‍ഡ്‌ നോക്കിയാണ് പീഡനം നടക്കുന്നതെങ്കില്‍ മേലില്‍ സ്ത്രികളെല്ലാം വിവാഹിത എന്നൊരു ബോര്‍ഡ്‌ കഴുത്തില്‍ തൂക്കി നടന്നാല്‍ മതിയാകും.

പീഡനവീരന്‍മ്മാരുടെ യോഗത്തില്‍  പങ്കെടുക്കാന്‍ ഹരിയാനയ്ക്ക് തിരിക്കാത്ത ചില വീരന്മ്മാര്‍ ഇവിടെ പണി തുടങ്ങിക്കഴിഞ്ഞു. മഴക്കാലം കഴിഞ്ഞു, മാനം തെളിഞ്ഞു പീഡനവും തുടങ്ങി.കോതമംഗലത്ത് പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ പത്തുപേരാണ് അകത്തായത്.അതില്‍ പ്രായം പൂര്‍ത്തിയാകാത്തവരുമുണ്ടുപോലും. ഇതിനൊക്കെ പ്രായപൂര്‍ത്തി ഏതുഅടിസ്ഥാനത്തിലാണോ കണക്കാക്കുന്നത്.പറയുന്നേടത്ത്‌; നമ്മുടേത് ദൈവത്തിന്‍റെ സ്വന്തം നാടാണ്.പക്ഷെ നാട്ടുകാരെല്ലാം ചെകുത്താന്‍റെ സ്വന്തം ആള്‍ക്കാര്‍ എന്ന് പറയേണ്ടിവരും. വിദ്യാസമ്പന്നരായ ജനത, സാംസ്കാരികവും, ആരോഗ്യപരവുമായി മുന്‍പന്തിയില്‍ നില്‍ക്കുന്നവര്‍; വിശേഷണങ്ങള്‍ ഏറെയാണ്.എന്നാല്‍ കാര്യങ്ങള്‍ അടുത്ത് പരിശോധിച്ചാല്‍ മറ്റുചിലതും മനസിലാകും.ഏറ്റവുംകൂടുതല്‍ ആത്മഹത്യകള്‍ നടക്കുന്ന സ്ഥലം, ഏറ്റവും കൂടുതല്‍ മദ്യം അകത്താക്കുന്ന ആള്‍ക്കാര്‍, രാജ്യത്തു ഏറ്റവുംകൂടുതല്‍ അശ്ലീലതകള്‍ ഇന്റര്‍നെറ്റില്‍ അപ്പ്‌ലോഡ്‌ ചെയ്യുന്ന സ്ഥലം.രാജ്യത്തുഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്ന സ്ഥലം. ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്ന നഗരം സ്ഥിതി ചെയ്യുന്ന സംസ്ഥാനം.രാജ്യാന്തരവിപണി മൂല്യമുള്ള ആള്‍ ദൈവങ്ങളുടെ നാട്.ഇങ്ങനെ പരിഷ്കൃത സമൂഹത്തിനു ചേരാത്ത ചില മന്തുകളും നമ്മെ ബാധിച്ചിരിക്കുന്നു. സ്ത്രി വിദ്യാഭ്യാസത്തിലും, ആരോഗ്യത്തിലും നമ്മള്‍ മികച്ച കണക്കുകള്‍ പറയുമ്പോള്‍ സ്ത്രീപീഡനത്തില്‍ നമ്മള്‍ക്ക് രാജ്യത്ത് ഏഴാം സ്ഥാനമാണ്. 2011-ല്‍ മാത്രം കേരളത്തില്‍ 1132 ബലാല്‍സംഗകേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.നമ്മുടെ മുന്നിലുള്ള സംസ്ഥാനങ്ങള്‍ ബംഗാള്‍(2363), യുപി(2042), രാജസ്ഥാന്‍(1800), മഹാരാഷ്ട്ര(1701), ആസാം(1700), എപി(1442) എന്നിവയാണ്. നമ്മുടെ നാടിനെക്കള്‍ സാമൂഹ്യരംഗത്ത്‌ വളരെ പിന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളാണ് മറ്റുള്ളവ. എന്നിട്ടും കുറ്റകൃത്യങ്ങളും സ്ത്രീപീഡനങ്ങളും വരുമ്പോള്‍ നമ്മള്‍ മുന്‍പന്‍മാരാകുന്നു. എന്താണിതിനുകാരണം??

 വളരെ ലളിതമായി ചിന്തിച്ചാല്‍ കുറ്റംചെയ്യുന്നവര്‍ ശിക്ഷിക്കപ്പെടാതെ രക്ഷപെടുന്നു എന്നതാണ് കാരണം.പുതിയപുതിയ സാങ്കേതികവിദ്യകളും ജീവിതരീതികളും,സംസ്ക്കാരങ്ങളുംമൊക്കെ സമൂഹത്തിലേക്ക് കടന്നു വരുമ്പോള്‍ അതിനനുസരിച്ച് നിയമങ്ങളും മാറ്റി എഴുതേണ്ടിയിരിക്കുന്നു. നിയമവും, നിയമലംഘനത്തിനുള്ള ശിക്ഷയും കര്‍ശനമാക്കിയാല്‍ മാത്രമേ കെട്ടുറപ്പുള്ള ഒരു സാമൂഹ്യഘടന സൃഷ്ടിക്കാനാവൂ.കെട്ടൂറപ്പില്ലാത്ത സാമൂഹ്യഘടന അരാജകത്വവും,ചൂഷണവും,ഭീതിയും മാത്രമാണ് സൃഷ്ടിക്കുന്നത്. തുറന്ന ലൈംഗികതയും,  വികലമായ ലൈംഗിക അറിവുകളില്‍നിന്നുമാണ് ലൈഗിക ആക്രമണങ്ങള്‍ ഭൂരിഭാഗവും സംഭവിക്കുന്നത്. പക്വതയില്ലാത്ത ഒരു സമൂഹത്തെ തുറന്ന ലൈംഗികരീതികളിലേക്ക് നയിക്കുമ്പോള്‍ അത് ഗുണവും,ദോഷവും ഒരു പോലെ പുറപ്പെടുവിക്കും. ഗുണത്തെ മാത്രം പൊക്കിപ്പിടിക്കുമ്പോള്‍. ദോഷം ആരാണ് സഹിക്കേണ്ടത്. ഇവിടെ സദാചാരവാദികളും സദാചാരപോലീസും ഒരു പോലെ കുറ്റക്കാരാണ്. സദാചാരവാദികള്‍ പറയുന്നത് എന്ത്സദാചാരമാണ്;അമേരിക്കയിലെ പോലെ ഇവിടെ നടക്കാന്‍ പറ്റുന്നില്ലായെന്നോ..ആണുംപെണ്ണും ഒന്നിച്ചു നടക്കാന്‍ പറ്റുന്നില്ലായെന്നോ... ആര് പറഞ്ഞു??? നിങ്ങള്‍ ചുറ്റുപാടും ഒന്ന് നോക്കു??നിങ്ങളുടെ ഭാര്യയും അമ്മയും സഹോദരിമാരുമൊന്നും സദാചാരപോലിസിനെപ്പെടിച്ചു വീട്ടില്‍ ഇരുപ്പാണോ??മൂന്നരക്കോടി ജനങ്ങളുള്ള കേരളത്തിലെ ഏതെങ്കിലും ഒരു സംഭവും പെരുപ്പിച്ച് കാണിക്കുമ്പോള്‍ ഓര്‍ക്കുക; വശപിശകുള്ള സാഹചര്യങ്ങള്‍ സ്വയം സൃഷ്ടിക്കാതിരിക്കുക.നിങ്ങള്‍ നാട്കാണാന്‍ വന്ന സഞ്ചാരികള്‍ ആകാതിരിക്കുക.നാട്ടുകാര്‍ ആകുക.ഒരു ഉത്തമ കേരളിയാന്‍ ആകുക, ഒരു സദാചാരവും നിങ്ങളെ വേട്ടയാടില്ല.മറ്റൊരു വിഭാഗംസ്വയം നീതിനിര്‍വ്വഹണത്തിനു ഇറങ്ങിയിരിക്കുകയാണ്.മാധ്യമങ്ങള്‍ അതിനൊരു ഓമനപ്പേരുമിട്ടു സദാചാരപോലിസ്‌. തനിക്ക് പറ്റാത്തത് മറ്റുള്ളവന്‍ അനുഭവിക്കുന്നത്  കാണുമ്പോള്‍ ഉണ്ടാകുന്ന അസൂയയാണ് നമ്മുടെ ഇടയില്‍ സദാചാരപോലിസായി രൂപം കൊള്ളുന്നത്‌.ഇതൊരുതരം മാനസികരോഗമാണ്; പോലിസിംഗ് ഒന്നുമല്ല. മാത്രമല്ല തന്നെക്കാള്‍ ശക്തി കുറഞ്ഞവന്‍റെയടുത്ത് മാത്രമേ ഇത് വിലപ്പോവുകയുള്ളൂ.ദുര്‍ബലരെ ആക്രമിച്ചു സംതൃപ്തിയടയുന്ന ഈ രോഗികളെ ശക്തമായ നടപടികളെടുത്ത്‌ അമര്‍ച്ചചെയ്യേണ്ടതാണ്.

  നിയമങ്ങള്‍ ശക്തമാക്കുകയും അത് ലംഘിക്കുന്നവര്‍ക്കുള്ള ശിക്ഷ കഠിനമാക്കുകയും ചെയ്‌താല്‍ മാത്രമേ സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളെ നിയന്ത്രിക്കാനാകൂ. ഇരകളുടെ പുനരധിവാസത്തിലും അവരോടുള്ള സമൂഹത്തിന്‍റെ മനോഭാവവും മാറ്റിയെടുക്കുന്നതിലും സര്‍ക്കാര്‍ ഏജന്‍സികളും, സ്ത്രീസംഘടനകളും ഇനിയും ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. ഇതിനെല്ലാം ഉപരിയായി സ്ത്രിയെ അമ്മയായും, സഹോദരിയും, ഭാര്യയായും കാണാനുള്ള വിവേകപൂര്‍വ്വമായ, വൈകാരികപക്വത നമ്മുടെ പുരുഷസമൂഹം ഇനിയും ആര്‍ജിക്കേണ്ടിയിരിക്കുന്നു. കതിരിന്മേല്‍ വളംവെച്ചിട്ട് കാര്യമില്ലാത്തതിനാല്‍; അമ്മമാരേ നിങ്ങളുടെ ആണ്‍മക്കളെ വളര്‍ത്തുമ്പോള്‍ അവനെയൊരു നല്ല മനുഷ്യസ്നേഹിയായി വാര്‍ത്തെടുക്കുക. എല്ലാ പ്രശ്നങ്ങള്ക്കും പരിഹാരം അവിടെയാണ്. നല്ല അമ്മയാകുക.....................നിങ്ങള്‍ക്ക് നല്ലൊരു മകനെ കിട്ടും. തീര്‍ച്ച..................

No comments:

Post a Comment