**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Tuesday, October 16, 2012

അച്യുതാനന്ദന് കാളസര്‍പ്പദോഷമോ..???



  

വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍

രാവിലെ എണീറ്റ്‌ പട്ടി ചന്തയ്ക്ക് പോകാന്‍ നില്‍ക്കുന്നതുപോലെ നില്‍ക്കാതെ ഗെയിറ്റിങ്കല്‍ കിടക്കുന്ന ആ പേപ്പറിങ്ങ് എടുത്തോണ്ട് വാടാ........

‘ഹോ... ഒ .....തെക്കോട്ട് എടുക്കാറായി എന്നാലും നാക്കിനു ഒരു കുറവുമില്ല..

പണ്ട് ദിവാന്‍റെ അരിവെപ്പുകാരനായിരുന്നു പോലും.....ആ തഴമ്പും കാണിച്ചിരുന്നു വെലസുവാ കൊച്ചുകള്ളന്‍...............

കൊച്ചുമക്കളെല്ലാം സേവകന്മ്മാരാന്നാ വിചാരം.....’

ഇപ്പൊകൊണ്ടുവരാം മുത്തച്ഛ........

ഗെയിറ്റ്‌തൊട്ടു വീടുവരെ ഒരു മറിച്ചുനോട്ടം..ഏതെങ്കിലും പുതിയ പീഡനകഥകള്‍ ഉണ്ടോയോന്നൊരു തപ്പല്‍, ഉണ്ടെങ്കില്‍ നാട്ടുകാരോ, കൂട്ടുകാരോ കുടുങ്ങിയിട്ടുണ്ടോയെന്നൊരു പരിശോധന ....അപ്പോഴേക്കും അടുത്തവിളി തുടങ്ങും

എന്താടാ നിന്ന് ഉന്തുന്നെ....ഇങ്ങോട്ട് വേഗം കൊണ്ടുവാടാ......

വീട്ടില്‍ കാലാകാലങ്ങളായി കോട്ടയം സുപ്രഭാതമാണ് വരത്തുന്നത്.സ്വല്പം വിപ്ലവത്തിന്‍റെ അസുഖമുള്ള ചേട്ടന്‍ ‘നേരു നേരത്തെ അറിയാന്‍’ ദേശത്തിന്‍റെ അഭിമാനം വരത്തണമെന്നു വാശിപിടിച്ചതാണ്.എന്നാല്‍ വീട്ടിലെ ബൂര്‍ഷ്വാ പിന്തിരിപ്പന്‍ ശക്തികള്‍ എല്ലാം ഒന്നിച്ചുകൂടി അതിനെ എതിര്‍ത്തതിനാല്‍ ആ പരിപാടി ഉപേക്ഷിച്ചു.അടുത്തുള്ള വായനശാലയില്‍ പോയിരുന്നാണ് ചേട്ടന്‍ നേരുകള്‍ നേരത്തെ അറിഞ്ഞുകൊണ്ടിരിക്കുന്നത്. കോട്ടയം പത്രത്തിന്‍റെ നിക്ഷ്പക്ഷതയോ, വാര്‍ത്തകളുടെ ആധികാരികതയോ ഒന്നുമല്ല വീട്ടില്‍ ‘മ’ പത്രത്തിന് സ്ഥാനം ഉറപ്പിച്ചത്. അമ്മയുടെ അഭിപ്രായത്തില്‍ കോഴിക്കാഷ്ടം കോരുമ്പോള്‍ കയ്യേപിടിക്കാതിരിക്കാന്‍ ‘ മ ‘ പേപ്പറാണ് നല്ലത്.അച്ഛന്റെ അഭിപ്രായത്തില്‍ തൂക്കിവില്‍ക്കുമ്പോള്‍ കച്ചവടക്കാര്‍ക്കിഷ്ടം ‘മ’ പേപ്പറാണ്.നല്ല കട്ടിയുണ്ട്.പേജുകളുടെ എണ്ണം കൂടുതലായതിനാല്‍ തൂക്കവും കൂടും.മുത്തച്ഛന്റെ അഭിപ്രായത്തില്‍ ജാതകം, വാരഫലം പിന്നെ പുരണകഥകള്‍ ഇവയ്ക്ക് ‘മ’ നല്ലതാണ്.എന്‍റെ അഭിപ്രായത്തില്‍ വാര്‍ത്തകളിലെ എരിവും, പുളിയും തപ്പുന്നവര്‍ക്ക് ‘മ’ ഉത്തമമാണ്.ആത്മഹത്യ തട്ടിക്കൊണ്ടുപോക്ക്, ബലാല്‍സംഗം, പീഡനകഥകള്‍,പിന്നെ സിനിമാനടിമാരുടെ കല്യാണം, പ്രസവം, സൗന്ദര്യരഹസ്യങ്ങള്‍, പ്രേമങ്ങള്,ഗോസിപ്പുകള് ഇതൊക്കെ വിശദമായി നല്ല ചൂടോടെ പാകത്തിന് എരിവും പുളിയും ചേര്‍ത്ത് രുചിയോടെ വിളമ്പുന്നതില്‍ നമ്മുടെ കോട്ടയം അച്ചായന്‍ പത്രം കഴിഞ്ഞേ കേരളത്തില്‍ വേറെ ആളൊള്ളു.വാര്‍ത്തയുടെ കാര്യം ആര് നോക്കുന്നു.വാര്‍ത്ത മാത്രം പറയാനായി എത്ര ചാനലുകള്‍ വേറെ കിടക്കുന്നു.മാത്രമല്ല വാര്‍ത്തകളുടെ കാര്യത്തില്‍ ദേശത്തിന്‍റെ അഭിമാനവും കോട്ടയത്തിന്റെ അഭിമാനവും തമ്മില്‍ ഒരു വിത്യാസമേയുള്ളൂ.ഒന്നില്‍ കാണുന്നത് മറ്റേതില്‍ കാണില്ല.ഒന്ന് ശരിയാണെന്ന് പറയുന്നത് മറ്റേതു നുണയാണെന്ന് പറയും.അതുകൊണ്ട് എല്ലാം അറിയണമെന്നുണ്ടെങ്കില്‍ ഇവ രണ്ടും വായിക്കണം.അതിന് ആര്‍ക്കാണിവടെ സമയം....


 എടാ വിദ്യാധര....... നീ... ഇത് കണ്ടോ നമ്മുടെ അച്യുതാനന്ദന് കാളസര്‍പ്പദോഷമാണെന്ന്...ശിവ ശിവ...........കമ്മ്യൂണിസ്റ്റ്കാരനെയും കാളസര്‍പ്പം പിടിക്കാന്‍ തുടങ്ങിയോ............

കാളസര്‍പ്പമോ???? അങ്ങനെ ഒരു പാമ്പിനെക്കുറിച്ച് ഇതുവരെ കേട്ടിട്ടില്ലല്ലോ?? അതേതാ ഇനം............ഫോട്ടോ ഉണ്ടോ???

ഇങ്ങ് കാണിച്ചേ നോക്കട്ടെ............

വിഎസ്-നു കാളസര്‍പ്പദോഷം.മുഴുവന്‍ ഗ്രഹങ്ങളും രാഹുകേതുക്കള്‍ക്ക് അകത്തായിവരിക.അതായത് മുന്നൂറ്റിയറുപതു ഡിഗ്രീയില്‍ നൂറ്റിയെന്പതു ഡിഗ്രീലായി നിന്നാല്‍ കാളസര്‍പ്പദോഷമായി.മനസിലായോ.....???? അതായത് ഒരു വൃത്തത്തിന്‍റെ ആകെ അളവ്‌ 360ഡിഗ്രിയാണ്. 180ഡിഗ്രീ എന്നുപറഞ്ഞാല്‍ നേര്‍പകുതി.വൃത്തത്തിന്‍റെ മധ്യത്തില്‍ നില്‍ക്കുന്ന ആളിന്‍റെ 180ഡിഗ്രീ എന്ന് പറഞ്ഞാല്‍ ഫ്ലാറ്റാകുക;അതല്ലേ കണക്ക്.ആണോ???ആ....
ചുരുക്കത്തില്‍ വെള്ളമടിച്ച് വക്രരേഖയില്‍ കിടക്കാതെ മധ്യരേഖയില്‍നേര്‍രേഖയായി കിടക്കുക.അങ്ങനെ വരുമ്പോള്‍ എല്ലാ ഗ്രഹങ്ങളും രാഹുകേതുക്കള്‍ക്ക് അകത്തായിരിക്കും.അത്യാവശ്യം ആസനങ്ങള്‍ മാത്രമേ പുറത്തു കാണാന്‍ വഴിയോള്ളൂ.ബുധനും,കുജനുമൊക്കെ നീചനാകാനും സാധ്യതയുണ്ട്.ചില സമയങ്ങളില്‍ ആസനങ്ങള്‍ സൂര്യനഭിമുഖമായി വരാറുമുണ്ട്.ഇത്തരം സന്ദര്‍ഭങ്ങളിലാണ് വിവരദോഷികളായ ചില ശുനകമ്മാര്‍ പലവിധആസനത്തില്‍ കിടക്കുന്ന ഭാഗ്യദോഷികളുടെ കണ്ണായ പ്രദേശങ്ങളില്‍ പനിനീര് തളിക്കുന്നത്.ഇതൊക്കെ നാട്ടറിവുകളാണ്.പത്രത്തില്‍ എഴുതിയിരിക്കുന്നത് ചില്ലറക്കാരനൊന്നുമല്ല ;ഏതോ ഒരു ഡോക്ടറാണ്.ജാതകദോഷം പറയണമെങ്കില്‍ ആദ്യം അയാളുടെ ജാതകം കിട്ടണം.അതിനു മനോരമയ്ക്കും ഡോക്ടര്‍ക്കും വിഎസ് ന്‍റെ ജാതകം എങ്ങനെ കിട്ടി. വി എസ് ന്‍റെ മാത്രമല്ല നെഹ്‌റു,ശ്രീനാരായണഗുരു, നായനാര്‍ തുടങ്ങിയവരുടെ ജാതകവും ഇങ്ങേരുടെ കൈവശമുണ്ട്പോലും.1889 നവംബര്‍ മാസം14-ന് ജനിച്ച്‌; 1964ല്‍ മരണമടഞ്ഞ പണ്ഡിറ്റ്ജിയുടെ വരെ ജാതകം കൈയ്യിലുള്ള സ്ഥിതിക്ക് യെവ ആളൊരു പുലിയായിരിക്കും കേട്ടോ...     ഗുരുജയന്തി ചതയദിനത്തിലാക്കിയത് മനോരമ പറഞ്ഞിട്ടായിരിക്കണം. വിഎസ് ന്‍റെ മാത്രമല്ല പാര്‍ട്ടിയുടെ ജാതകം വരെ മനോരമ നോക്കിയിരിക്കുന്നു.ഇതിപ്പോള്‍ ശുക്രകാലമാണ്പോലും. അപ്പോള്‍ ആര്‍ക്കാണ് കഷ്ടകാലമെന്ന് വ്യക്തം.കുചന്‍ ബുധന്‍റെ ആസനത്തില്‍ നിന്ന് ഉയര്‍ന്നുനില്‍ക്കുകയാണ് പോലും.കൂടാതെ സൂര്യന്‍ തുലാത്തില്‍ നീചനായി നില്‍ക്കുകയും ചെയ്യുന്നു.ഹോ അത് കഷ്ടമായിപ്പോയി സൂര്യന്‍ ഇത്ര നീചനാകാന്‍പാടില്ലായിരുന്നു.ചോദിച്ചതൊക്കെ കൊടുത്തു എന്നിട്ടും ഗുളികന്‍ കര്‍ക്കടകത്തില്‍ തന്നെ നില്‍ക്കുന്നു.കഷ്ടം തന്നെ.

ഈ ദോഷമുള്ള നാരീജനങ്ങള്‍ക്ക് പ്രസവത്തില്‍ കൊമ്പ്ലിക്കെഷന്‍സ്‌ ഉണ്ടാകാം എന്നും പറയുന്നുണ്ട്.ഇത് ആരെ ഉദേശിച്ചാണാവോ. ഇപ്പോള്‍ മാസം തികഞ്ഞു നില്‍ക്കുന്നവരാരെങ്കിലും ഭരണപക്ഷത്തോ, പ്രതിപക്ഷത്തോ ഉള്ളതായി അറിവില്ല..ചിലപ്പോള്‍ നമ്മുടെ ഏതെങ്കിലും പുരുഷ വയറുതാങ്ങികളെ ആയിരിക്കണം ഉദേശിച്ചത്.എല്ലായിപ്പോഴും കുഴപ്പം ഉണ്ടാകണമെന്നില്ല ഒരു പ്രാവശ്യം ആയാലും മതി.അത് കുഴപ്പമില്ല ഡോക്ടറെ നമുക്ക് സിസേറിയന്‍ ആക്കികളയാം പേടിക്കേണ്ടല്ലോ..

 നാടുവിടലാണ് ഇതിനുള്ള താല്ക്കാലിക പ്രതിവിധിയെന്നാണ്  പറയുന്നത്. ആരാണ് നാടു വിടേണ്ടത് എന്ന് പറയുന്നില്ല. വയറുവീര്‍ത്തവരാണോ അതോ വീര്‍പ്പിച്ചവരാണോ.... അതോയിനി രണ്ടുകൂട്ടരും ഒന്നിച്ചാണോ നാടു വിടേണ്ടത് എന്നുള്ളത് വ്യകതമാക്കണം.പാലഭിഷേകം, അഞ്ചുമുഖരുദ്രാക്ഷം ധരിക്കല്‍,നവരത്നംഅണിയാല്‍ തുടങ്ങിയ പരിപാടികള്‍ നടത്തിയാല്‍ ദോഷം മാറും.വിഎസ് നും, പാര്‍ട്ടിക്കും ശുക്രകാലമായതിനാല്‍; കഷ്ടകാലം ചാണ്ടിസാറിനും കൂട്ടര്‍ക്കും ആണെന്ന് വ്യക്തം.നാടുവിടുകയാണ് ഒരു പരിഹാരം; അതിനു നമ്മളെ കിട്ടില്ല. അപ്പൊപ്പിന്നെ വേറെയെന്താണ് മാര്‍ഗം.ചായക്ക് കലക്കാനുള്ള പാലുപോലും തികയുന്നില്ല പിന്നയല്ലേ പാലഭിഷേകം.ബുധന്‍ ആസനത്തില്‍ ഉയര്‍ന്നു നില്‍ക്കുന്നത്കൊണ്ട് കസേരയിലിരിക്കാന്‍ ശ്ശി ബുദ്ധിമുട്ട് കാണും. കുറച്ചു ദിവസങ്ങളായി വ്യാഴവും ഇടഞ്ഞാണ് നില്‍ക്കുന്നത്.മാത്രമല്ല ഞാഞ്ഞൂലും തലപൊക്കാന്‍ തുടങ്ങിയിട്ടുണ്ട്. രണ്ടിനേയും ഒരു ചര്‍ച്ചയ്ക്ക് വിളിക്ക്,വട്ടിയൂര്‍ക്കാവ് ബുദ്ധനും, പണിയൊന്നുമില്ലാത്ത നമ്മുടെ പദ്മജത്തിനും എന്തെങ്കിലുമൊക്കെ കൊടുക്കാമെന്നു പറ .....ഒതുങ്ങിക്കോളും.ഗുളികന്‍റെ കാര്യം പറഞ്ഞിട്ട് കാര്യമില്ല.ഞങ്ങളാണ് മുഴുവന്‍ ഒലത്തുന്നത്,എല്ലാം ഞങ്ങളുടെതാണ് ബാക്കിയുള്ളവരെല്ലാം വെറും പണിക്കാരാണ് തുടങ്ങിയ വികിടസരസ്വതി പറഞ്ഞുകൊണ്ടേയിരിക്കും.സൂര്യന്‍റെ കാര്യത്തിലാണ് ഒരു തീരുമാനമെടുക്കേണ്ടത് അദേഹം തെണ്ടിത്തിരിഞ്ഞുനടക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി,ചന്ദ്രനെപ്പിടിച്ചു മന്ത്രിയുമാക്കി; പിന്നെ എങ്ങനെ സൂര്യന്‍ നീചനാകാണ്ടിരിക്കും.നിയമമൊക്കെ എനിക്ക് പുല്ലാണ്; ഏതു കാട്ടിലും കേറി ഞാന്‍ തപ്പും എന്നാണ് ചന്ദ്രന്‍ പറയുന്നത്. മൊത്തത്തില്‍ കുഴപ്പമാണ് പഞ്ചമുഖരുദ്രാക്ഷവും നവരത്നങ്ങളുമൊക്കെ തപ്പിയെടുക്കുന്നതിനെക്കാള്‍ നല്ലത്; തല മൊട്ടയടിച്ചു കാശിക്കു പോകുന്നതായിരിക്കും..............

കോട്ടയം അച്ചായന്‍റെ കൈയ്യിലിനി ആരുടെയൊക്കെ ജാതകം ഉണ്ടാവും പോലും.മൂലത്തില്‍ ആലും ,ആസനത്തില്‍ ബുധനുമൊക്കെ ഉള്ളവരുടെ ലിസ്റ്റുകള്‍ ഇനിയും പുറത്തു വരട്ടെ,പിന്നെ നമ്മുടെ ഗോസിപ്പ് കോളവും ഒന്ന് ഉഷാറാക്കണം ആരൊക്കെ തുണിയഴിക്കാനും, ഒളിച്ചോടാനും സാധ്യതയുണ്ട്,നമ്മുടെ ലിവിങ്ടുഗതര്‍ കാരുടെ വിശേഷങ്ങള്‍,ഹനുമാനും കുടുബത്തിനും സുഖമാണോ, അവര്‍ക്ക് ജനങ്ങളോട് പറയാനുള്ള സദാചാര സന്ദേശങ്ങള്,അമ്മ വെള്ളമടിച്ചാല്‍ മകള് കൂത്താടണമൊ....,ഭാര്യയെയും മക്കളെയും ഒഴിവാക്കി സെറ്റപ്പുമായി നടക്കുന്നവന്മാരുടെ ചാരിത്ര്യപ്രസംഗങ്ങള്‍................... അങ്ങനെ എല്ലാം അറിയാന്‍ ആഗ്രഹമുണ്ട്,അതുപോലെ പീഡനകഥകള്‍ പരമ്പരകളാക്കിയാല്‍ കൊള്ളാം;പഴയ ഏതേലും കൊച്ചുപുസ്തകത്തിലെ കഥകള്‍ കൊച്ചിയിലോ, കോഴിക്കോട്ടോ നടന്നതായി എഴുതിയാല്‍ മതി.വേണമെങ്കില്‍ ഒരു പരസ്യവും കൊടുക്കാം രാവിലെ അരമണിക്കൂര്‍ ഓടുന്നത് എന്തിന്??ഞരമ്പുകളെ ത്രസിപ്പിക്കാന്‍, രക്ത ഓട്ടം വര്‍ധിപ്പിക്കാന്‍ ഇതാ ഒരു ഒറ്റമൂലി. മലയാളത്തിന്‍റെ സുപ്രഭാതം മലയാള മമമാ...........

“നിയെന്താടാ പേപ്പറുംപിടിച്ച് കുന്തംവിഴുങ്ങിയത്പോലെ നില്‍ക്കുന്നത്. ഓഫീസില്‍ പോകുന്നില്ലേ....”

ങേ ങ്ങ് ങ്ങാ പോകണം.............

എന്നാല്‍; എന്‍റെമോന്‍ ചെല്ല്............ഈശ്വരാ ഈ കാളസര്‍പ്പങ്ങളില്‍ നിന്നും എന്നെ രക്ഷിക്കണേ..നാരായണ,നാരായണ.........................

1 comment: