**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Thursday, October 4, 2012

അവശ്യസര്‍വിസുകള്‍ നിരോധിക്കുമ്പോള്‍..................


 

 വിദ്യാധരന്‍റെ വ്യകുലചിന്തകള്‍

     കാലവര്‍ഷം വിട്ടൊഴിഞ്ഞ നാട്ടുവഴിയിലൂടെ രാവിലത്തെ തണുത്ത കാറ്റുമേറ്റുള്ള സുഖകരമായ നടപ്പിനിടയിലാണ് ആ ചോദ്യം കേട്ടത്.രാവിലത്തെ ബസുപോയോ വിദ്യാധരാ....നാട്ടില്‍ നാറാണത്ത്ഭ്രാന്തന്‍ എന്ന് വിളിക്കപ്പെടുന്ന നളിനാക്ഷന്‍.എംഎ,ബിഎഡ്‌ ആണ് മുന്നില്‍ നില്‍ക്കുന്നത്. ആളു ശല്യക്കാരനൊന്നുമല്ല പഠിച്ചിട്ട് വട്ടായിപ്പോയതാണെന്നാണ് നാട്ടില്‍സംസാരം. അതല്ല കഞ്ചാവ് അടിച്ചിട്ടാണെന്നും പറയുന്നു.വളരെക്കാലം പാരലല്‍കോളേജ് മാഷ്‌ ആയിരുന്നു. പ്രദേശത്തെ ഒരുമാതിരി കുട്ടികളെല്ലാം നളിനാക്ഷന്‍ മാഷുടെ ക്ലാസുകള്‍ കേട്ടിട്ട്തന്നെയാണ് വിദ്യാഭ്യാസജിവിതം കഴിച്ചിട്ടുള്ളത്. രാഷ്ട്രാമീമംസ പഠിപ്പിക്കുന്നക്ലാസ്സില്‍, മാഷിന്‍റെ പഠിപ്പിക്കല്‍ അധികവും സിലബിസിനുപുറത്തുള്ള കാര്യങ്ങളായിരുന്നു.ഇപ്പോഴുള്ള വ്യവസ്ഥിതികള്‍ മുഴുവന്‍ തകര്‍ക്കപ്പെടണം എന്നതായിരുന്നു മാഷിന്‍റെ അഭിപ്രായം. അതില്‍ കുറ്റം പറഞ്ഞിട്ട്കാര്യമില്ല. എംഎ യും ബിഎഡ്‌ വും ഒന്നാംക്ലാസോടെ പാസായ മാഷിനു; ജാതിയില്‍മൂത്തത് എന്ന ഒറ്റ കാരണത്താല്‍ പണിയൊന്നും തരപ്പെട്ടില്ല. .കുടുംബത്തിലെ ഏകആണ്‍ തരിയില്‍ പ്രതീക്ഷ വച്ച്പുലര്‍ത്തിയ മാതാപിതാക്കളും,സഹോദരിമാരും നാളിനേയും, ജാതകദോഷങ്ങളെയും പഴിച്ച് ജിവിതംതള്ളിനീക്കി.മുഖത്ത് നോക്കി ആരുമൊന്നും പറഞ്ഞില്ലായെങ്കിലും നാട്ടുകാരുടെ പരിഹാസം വിളമ്പുന്ന വാക്കുകളും, വീട്ടുകാരുടെ ദൈന്യതനിറഞ്ഞ നോട്ടങ്ങളും നളിനാക്ഷനെ ഒരു ഭ്രാന്തനാക്കിയെന്ന് പറയുന്നതാവും കൂടുതല്‍ ശരി. വ്യവസ്ഥിതികള്‍ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ക്ലാസ്സ്‌മുറികളും കടന്നു വ്യാപരിക്കാന്‍തുടങ്ങിയപ്പോള്‍ നളിനാക്ഷന്‍മാഷ്‌ പാരലല്‍കോളേജില്‍ നിന്നും പുറത്താക്കപ്പെട്ടു. ഇപ്പോള്‍ കുറച്ചു കുട്ടികള്‍ക്ക്ട്യൂഷന്‍ എടുക്കുന്നുണ്ട്,പിന്നെ സര്‍ക്കാര്‍ കനിഞ്ഞുനല്‍കുന്ന തൊഴിലില്ലായ്മ വേതാനവും കിട്ടുന്നു. അങ്ങനെപോകുന്നു കാര്യങ്ങള്‍.എങ്കിലും വ്യവസ്ഥിതികള്‍ക്കെതിരെയുള്ള മാഷിന്‍റെ സമരം തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു.

   എന്താ മാഷേ പതിവില്ലാതെ രാവിലെ ടൌണിലേക്ക്....

 ഓ; ഒന്നുമില്ല... എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുവരെയൊന്ന് പോകണം.

മുണ്ടും ജുബയുമാണ് മാഷിന്‍റെ വേഷം. കൈയ്യില്‍ എപ്പോഴും ഒരുകെട്ട് കടലാസുകള്‍ കാണാം; നിവേദനങ്ങളാണത്.ടൌണില്‍ പോകുമ്പോള്‍ അതെല്ലാം അതത് ഓഫിസുകളില്‍ കൊടുത്തു മടങ്ങിപ്പോരും പ്രത്യേകിച്ച് ഗുണമൊന്നും അതുകൊണ്ട് ഉണ്ടാവാറില്ല. എന്നാലും മാഷ്ക്ക് അതൊരു ആശ്വാസമാണ്.ഇന്ന് കടലാസുകെട്ടുകള്‍ കൂടാതെ വേറെ ചിലത്കൂടെ കൈയ്യില്‍ കാണുന്നുണ്ട്.

  ഇതെന്താ, ഇന്ന് കക്ഷത്തില്‍ ശിമാട്ടിയുടെ ഒരുകൂടും, കൈയ്യില്‍ ഒരു പ്ലാസ്റ്റിക്‌ കുപ്പിയും!!!! എന്താ ഇന്ന് പ്രത്യേകിച്ച്.................

 വിദ്യാധരാ അപ്പൊ..... നീ വിവരമൊന്നും അറിഞ്ഞില്ലേ...........

      ഇല്ലാ......... എന്താ?????

 പൊതുസ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജ്ജനം കോടതിനിരോധിച്ചു .അതിനുള്ള പരിഹാരമാണിത്............

             മനസിലായില്ല............

 നമ്മുടെ ടൌണില്‍ എവിടെയെങ്കിലും പൊതുശൌച്യാലയങ്ങള്‍ ഉണ്ടോ??? ഇല്ല... അപ്പൊ പിന്നെ എന്ത് ചെയ്യും??? എവിടെയെങ്കിലും കഴിക്കാമെന്ന് വച്ചാല്‍ അതു പോതുസ്ഥലമാണോ അല്ലയോയെന്ന് എങ്ങനെ തിരിച്ചറിയും ? അതുകൊണ്ട് ഞാനൊരു മുന്‍കരുതല്‍ നടപടിയായി; കുപ്പിയും,കൂടും കൂടി കൈയ്യില്‍ എടുത്തു അത്രയേയുള്ളു.ബസുവന്നു....... വൈകിട്ട് കാണാം........

വന്ന ബസിനുകയറി നളിനാക്ഷന്‍മാഷ്‌ ടൌണിലേക്ക് പോയെങ്കിലും മാഷ്‌ പറഞ്ഞ കാര്യങ്ങള്‍ മനസ്സില്‍ മായാതെ നിന്നു.

 പൊതുസ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജ്ജനം നിരോധിച്ചുകൊണ്ടുള്ള വിധി ടിവി യില്‍ കണ്ടതാണ്. മിന്നിമറഞ്ഞു പോകുന്ന വാര്‍ത്തകളൊക്കെ ആര് ഓര്‍ത്തുവയ്ക്കാന്‍ .എന്നാലും ഈ വിധി ഇത്തിരി കടുപ്പമായിപ്പോയോ എന്നൊരു തോന്നല്‍. വിധിയുടെ ഉദ്യേശശുദ്ധി നല്ലതു തന്നെ എന്നാലും അതിന്‍റെ പ്രായോഗികതയില്‍ സംശയമുണ്ട്.പൊതുസ്ഥലത്ത് മലമൂത്രവിസര്‍ജ്ജനം നടത്തുന്നവരെ അനുകൂലിക്കാന്‍ പറയുന്നതല്ല.സ്ഥിരം ഈ ഏര്‍പ്പാട് നടത്തുന്നവരെയാണ് നിരോധനംകൊണ്ട് ഉദേശിച്ചതെങ്കില്‍ അവരാരും ഇതിനെപ്പറ്റി അറിഞ്ഞിരിക്കാന്‍ വഴിയില്ല.കാരണം ഗതികേട് കൊണ്ടല്ലാതെ;വേറെ എന്തെങ്കിലും വഴിയുണ്ടെങ്കില്‍ മലയാളിഇക്കാര്യത്തില്‍ കുറച്ചു ശ്രദ്ധ പതിപ്പിക്കാറുണ്ട്.നാട്ടില്‍ പല നിരോധനങ്ങളും നടക്കുന്നുണ്ട് ചാരായനിരോധനം, പാന്‍മസാല നിരോധനം, പുകവലിനിരോധനം, പ്ലാസ്റ്റിക്‌നിരോധനം അങ്ങനെ പലതും. എല്ലാം നല്ലതിന് തന്നെ. ഈ നിരോധങ്ങളില്‍ എല്ലാംതന്നെ അവയുടെ ഉല്പാദനത്തെയും വിതരണത്തെയും ഉപയോഗത്തെയും തടയാവുന്നതാണ്. എന്നാല്‍ മലമൂത്രവിസര്‍ജ്ജനത്തെ ഏതു രീതിയിലാണ് തടയേണ്ടത്; അതുംകൂടി ഒന്ന്‌ വ്യക്തമാക്കിയാല്‍ കൊള്ളാം. അതിന്‍റെ ഉത്പാദനത്തെയും ഉപേക്ഷിക്കലിനെയും സമയബന്ധിതമായി എങ്ങനെ മാറ്റി വയ്ക്കാം എന്ന് മനസിലാവുന്നില്ല. ഇതൊരു ശാരീരികമായ പ്രക്രിയയുടെ ഭാഗമാണ്, മലമൂത്രവിസര്‍ജ്ജനം നടത്താന്‍ വേണ്ടിമാത്രം, പൊതുവേ; കേരളത്തിലെ ജനങ്ങള്‍ പൊതുസ്ഥലത്ത് പോകാറില്ല. നൂറു ശതമാനകണക്കല്ല ഇവിടെ പറയുന്നത്.എന്തെങ്കിലും  ആവശ്യങ്ങള്‍ക്ക് പൊതുസ്ഥലത്ത് പോകുമ്പോള്‍ പ്രാഥമികആവശ്യങ്ങള്‍ക്ക് പോകണമെന്ന് തോന്നിയാലാണ്; അത് എവിടെ ഒഴിവാക്കാമെന്ന് ചിന്തിക്കുന്നത്. ചിന്ത വന്നാല്‍ പിന്നെ ഒഴിവാക്കുകയല്ലാതെ ഇതിനുവേറെ ഒരു പരിഹാരവുമില്ല.പറ്റിയ സ്ഥലങ്ങള്‍ക്കുള്ള അന്വേഷണമായിപിന്നെ;പറ്റിയ സ്ഥലം എങ്ങുംകിട്ടാതെ വന്നാല്‍  കിട്ടിയ സ്ഥലത്ത്തന്നെ സ്ഥാപിക്കും.ഇതാണ് പൊതുവില്‍ സംഭവിക്കുന്നത്. ജിവിതത്തില്‍ ഒരുതവണയെങ്കിലും ഈ ബുദ്ധിമുട്ട് അനുഭവിക്കാത്തവരായി ആരുമുണ്ടാകാന്‍സാധ്യതയില്ല. എവിടെ കുറ്റി കണ്ടാലും; അവിടെയൊക്കെ മൂത്രമൊഴിക്കുന്ന ശുനകസമരായ ചില മലയാളികള്‍ ഒഴിച്ച് ബാക്കിയാരും ഒരു രസത്തിനുവേണ്ടി ഒന്ന് ഒഴിച്ച് കളയാം എന്ന് ചിന്തിക്കാറില്ല. ഓഫീസുകളിലും, ഫാക്ടറികളിലുമൊക്കെ ജോലി ചെയ്യുന്ന നമ്മുടെ സ്ത്രീജനങ്ങള്‍ക്ക് മൂത്രാശയസംബന്ധമായി വരുന്ന അസുഖങ്ങളുടെ പ്രധാന കരണംതന്നെ; പ്രാഥമികാവശ്യങ്ങള്‍ സമയാസമയങ്ങളില്‍ നിര്‍വ്വഹിക്കാന്‍ കഴിയാതെവരുന്നത് കൊണ്ടാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

 ജനങ്ങള്‍ പഴയത്പോലെ വീട്ടിനകത്ത് അടഞ്ഞുകൂടിയിരിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. യാത്രാവേളകളില്‍ പ്രാഥമികാവശ്യങ്ങള്‍ നടത്തേണ്ടിവന്നാല്‍ എന്ത് ചെയ്യണം.കോടതിവിധിയുണ്ടെന്നു പറഞ്ഞു പിടിച്ചുവെയ്ക്കാന്‍ പറ്റുമോ?? ഇതിനു ഒരു പരിഹാരമേയുള്ള ജനം കൂടുന്ന സ്ഥലങ്ങളിലെല്ലാം പൊതു ശൌചാലയങ്ങള്‍ സ്ഥാപിക്കുക. അതു വൃത്തിയായി നടത്തിക്കൊണ്ട് പോകാനുള്ള നടപടികള്‍  സ്വീകരിക്കുക.നമ്മുടെ നാട്ടിലെ ശൌചാലയങ്ങളുടെ അവസ്ഥ കണ്ടാല്‍തന്നെ ആര്‍ക്കുമവിടെ പോകാന്‍ പറ്റില്ല. അത്ര വൃത്തിഹീനമാണവിടം,ലോകത്തിലെ ഏറ്റവുംപുതിയ തെറികളും, അശ്ലില വാക്യങ്ങളും പതിപ്പിക്കാനുള്ള എഴുത്തുപുരയായി; ഇന്നത്തെ പൊതുശൌചാലയങ്ങള്‍ മാറിക്കഴിഞ്ഞു. ഇതിനെയാണ് മാറ്റിയെടുക്കേണ്ടത്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും.സാമൂഹ്യ,ആരോഗ്യപരിപാലന രംഗത്തുള്ള സഘാടനകളും ഇക്കാര്യത്തില്‍ മതിയായ ശ്രദ്ധ പതിപ്പിക്കേണ്ടിയിരിക്കുന്നു. അല്ലാതെ, കോടതി നിരോധിച്ചു എന്നതുകൊണ്ട് നടപടിതുടങ്ങാമെന്ന പതിവ്‌ വഴിപാട് കലാപരിപാടി ഇക്കാര്യത്തില്‍ നടത്തിയാല്‍; അതിനു ഇറങ്ങുന്നവന്‍ നാറും എന്നതില്‍ ഒരു സംശയവും വേണ്ട.ഓരോരോ ആവശ്യങ്ങള്‍ക്കായി നഗരങ്ങളിലേക്കും മറ്റു പൊതുസ്ഥലങ്ങളിലേക്കും വരുന്ന ജനങ്ങള്‍ക്ക്‌ ആവശ്യമായ നേരങ്ങളില്‍ പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള ചുറ്റുപാടുകള്‍ ഇല്ലാതിരുന്നാല്‍ എന്ത്ചെയ്യും.
 
കോടതി വിധിയുള്ളതിനാല്‍ ഇവിടെപറ്റില്ലായെന്ന് പറഞ്ഞാല്‍ മതിയോ?? ഇതങ്ങനെ മാറ്റിവയ്ക്കാന്‍ പറ്റുന്ന ഏര്‍പ്പാടാണോ???.നിരോധനത്തെ തുടര്‍ന്ന് വിധി ലംഘിച്ചാല്‍; ആരാണ് ഇതിനു നടപടി എടുക്കേണ്ടത്, വെളിക്കിരിക്കുന്നവനേയും മൂത്രമൊഴിക്കുന്നവനേയും അപ്പാടെ കസ്റ്റഡിയില്‍ എടുക്കുമോ. എന്ത് നടപടിവന്നാലും ഇത്തരം പരിപാടികള്‍ തുടങ്ങിയാല്‍ പിന്നെ പെട്ടെന്നു നിറുത്താന്‍ സാധ്യമല്ലായെന്നാണ് അനുഭവത്തില്‍നിന്ന് മനസിലായിട്ടുള്ളത്. അതുകൊണ്ടുതന്നെ നിരോധനം ലംഘിക്കുന്നത് കണ്ടാല്‍ തന്നെ; ലംഘനംപൂര്‍ത്തിയാക്കാതെ ആളെ കസ്റ്റഡിയില്‍ എടുക്കാന്‍ കഴിയില്ല. മാത്രമല്ല കസ്റ്റഡിയില്‍ എടുത്തയാള് നിയമം ലംഘിച്ചുവെന്ന് ഉറപ്പു വരുത്തേണ്ടതാണ്; അങ്ങനെ വരുമ്പോള്‍ വിസര്‍ജ്യവും അതിനോടനുബന്ധിച്ച ചുറ്റുപാടുകളും തൊണ്ടിമുതലുകളായി കസ്റ്റഡിയില്‍ എടുക്കേണ്ടതായിട്ടും വരും. ഒന്നാലോചിച്ചുനോക്കൂ ഇതൊക്കെ നടക്കുന്ന പരിപാടിയാണോ??അല്ല.... അതുകൊണ്ട് ഇത്തരം നടപടികള്‍ എടുക്കുന്നതിനു മുന്‍പ്‌ അതിനെക്കുറിച്ചുള്ള ശരിയായ പഠനങ്ങള്‍ നടത്തി, പ്രാഥമികമായി കൈക്കൊള്ളേണ്ട നടപടികള്‍ പൂര്‍ത്തിയാക്കണം. അതിന് ശേഷമേ നിരോധനങ്ങളും, വിധികളുമൊക്കെ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാവൂ..കുപ്പിയും കൂടും, കൈയ്യില്‍കരുതിയാല്‍മാത്രം ഇതിനൊരു പരിഹാരം കാണാന്‍ കഴിയില്ല. ശാരീരികമായ തോന്നല്‍ വരുമ്പോള്‍ ഒരു കോര്‍ക്ക്‌കൊണ്ട് അടച്ചുതീര്‍ക്കാവുന്ന ഒരു പ്രശ്നമല്ലിത്. അതുകൊണ്ട് ഇത്തരം അവശ്യസര്‍വീസുകളെ നിരോധിക്കുമ്പോള്‍ ഒരു ബദല്‍ സംവിധാനം കൂടി ഏര്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം......................

1 comment:

  1. പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിച്ചിട്ടും പരസ്യമായ പുകവലി യഥേഷ്ടം തുടരുന്നു.അത്യാവശ്യം വലിക്കുന്നവര്‍ക്ക് അത് പൊതുസ്ഥലത്ത് വെച്ച് ചെയ്യുവാന്‍ പ്രത്യേക സ്ഥലമോ സ്മോക്കിംഗ് ബൂത്തോ എര്പാടാക്കാതെ ഒറ്റയടിക്ക് നിരോധിച്ചത് കൊണ്ട് ,നിയമ ലങ്ഘനം നിര്‍ബാധം തുടരുന്നു.വിദേശ രാജ്യങ്ങളില്‍ ഉള്ളത് പോലെ നമ്മുടെ നാട്ടില്‍ പൊതുസ്ഥലത്ത് കക്കൂസോ മൂത്രപുരയോ ഇല്ല.വല്ല റെയില്‍വേ സ്റെഷനിലോ ബസ് സ്ടണ്ടിലോ ചെന്ന് കാര്യം സാധിക്കാം എന്ന് വെച്ചാല്‍,മൂത്രപുരയുടെ കോലം കണ്ടാല്‍ മുട്ടി നില്‍ക്കുന്ന ഒന്നും രണ്ടും വന്ന വഴിയെ തിരിച്ചു പോവും.ഇങ്ങിനെയുള്ള മണ്ടന്‍ പരിഷ്ക്കാരങ്ങള്‍ നടപ്പില്‍ വരുത്തുവാന്‍ ശ്രമിക്കുന്നതിനു മുന്‍പ് ജനങ്ങള്‍ക്ക്‌ പകരം സംവിധാനം ഏര്‍പ്പെടുത്തി കൊണ്ടുക്കേണ്ടത് ബന്ധപെട്ടവരുടെ ഉത്തരവാദിത്വമാണ് .

    ReplyDelete