**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Saturday, October 13, 2012

ഉലകം ചുറ്റും വാലിപന്‍മ്മാര്‍


 
അങ്ങനെ കേരളത്തിന്‍റെ കണിയും ഒരു കെണിയായി മാറിയിരിക്കുന്നു പണി പാലുംവെള്ളത്തിലും കിട്ടിയിരിക്കുന്നു.ചില്ലറയൊന്നുമല്ല ലിറ്ററിന് അഞ്ചു രൂപയാണ് കൂട്ടിയിരിക്കുന്നത് കര്‍ഷകരെ രക്ഷിക്കാന്‍ വേണ്ടി മാത്രമാണി കൂട്ടല്‍ അല്ലാതെ വേറെ ഒരു ദുരുദ്ദേശവും ഇതിലില്ല. അഞ്ചു രൂപയില്‍ 4രൂപ60പൈസ കര്‍ഷകര്‍ക്കാണ്‌. ബാക്കി 40പൈസയില്‍  20പൈസ മില്‍മ്മയ്ക്ക്, 20പൈസ വിതരണക്കാരനും ഇതാണ് മില്‍മയുടെ കണക്ക്. എന്നാല്‍ 50 കിലോവരുന്ന ഒരുചാക്ക് കാലിത്തീറ്റയ്ക്ക് മില്‍മ 200 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്, കിലോവിന് 4 രൂപ വര്‍ധിപ്പിച്ചു. പാല്‍വിലയില്‍ ലിറ്ററിന് 4.60 രൂപയാണ് കര്‍ഷകന് നല്‍കുന്നത്. ഇതില്‍ നാലുരൂപ കാലിത്തീറ്റയ്ക്ക് ചെലവായാല്‍ ഫലത്തില്‍ കര്‍ഷകന് കിട്ടുക 60 പൈസമാത്രം. ഇതും ഉറപ്പുപറയാനാവില്ല. പാലിന്‍റെ ഗുണമേന്മ പരിശോധിച്ച് മാത്രമായിരിക്കും ലിറ്ററിന് 4.60 രൂപ നല്‍കുക. അല്ലെങ്കില്‍ വീണ്ടും വില കുറയും.  അങ്ങനെവരുമ്പോള്‍  കര്‍ഷകന് കിട്ടുന്നത് വെറും60പൈസയോ,അതില്‍ താഴെയോആണ്. ബാക്കി മുഴുവന്‍ മില്‍മയും കുട്ടരും പങ്കിട്ടെടുക്കുകയുമാണ് ചെയ്യുന്നത്. അങ്ങനെ കര്‍ഷക ഉദ്ധാരണം ഒരു തരം അകിട് വീക്കം മാത്രമാണന്നു മനസിലായി.മില്‍മയുടെ കര്‍ഷകസ്നേഹം കാണാന്‍ ഇത്രയൊന്നും പോകേണ്ട. കര്‍ഷകരുടെ പാല്‍ മില്‍മ എടുക്കുമ്പോള്‍ ഫാറ്റ്, ഊറ്റ് തുടങ്ങിയ നൂറായിരം കാര്യങ്ങള്‍ നോക്കിയാണ് വിലയിടുന്നത്.എന്നാല്‍ ഇതേ പാല്‍ മില്‍മയുടെ പാത്രത്തിലേക്ക് ഒഴിച്ച് അവിടുന്ന് തന്നെ അളന്നു കൊടുക്കുമ്പോള്‍ വാങ്ങുന്നയാള്‍ ഉയര്‍ന്ന വില കൊടുക്കേണ്ടിവരുന്നു.ശുദ്ധ കൊള്ളയാണിത്.കണ്മുന്നില്‍ നടക്കുന്ന ഈ ചൂഷണംപോലും തടയാന്‍ ആരും മുന്നോട്ട് വരുന്നില്ലായെന്നതാണ് രസകരം. മലയാളി എല്ലാത്തിനോടും അട്ജസ്റ്റ്ബിള് ആയിരിക്കുന്നു.


ഇതൊന്നും കണ്ടു ആരും ഭയപ്പെടേണ്ട. നമ്മുടെ ഭരണനേതൃത്വം നമ്മളെ രക്ഷിക്കാന്‍ പെടാപ്പാടാണ് നടത്തുന്നത്.എങ്ങനെ വിലക്കയറ്റത്തില്‍ നിന്നും ജനങ്ങളെ രക്ഷിക്കാം എന്നതില്‍ അവര്‍ രാപകലില്ലാതെ ഊണും,ഉറക്കവും ഉപേക്ഷിച്ചു തലപുകഞ്ഞ് ആലോചിച്ചുകൊണ്ടിരിക്കുകയാണ്.രാത്രിയിലെ ആലോചനയ്ക്കിടയില്‍ ലൈറ്റ്‌ ഓഫ് ചെയ്യാന്‍ മറന്നു പോകുകയാണ് പതിവ്. ഇതിനെയാണ് ചില കുബുദ്ധികള്‍ മന്ത്രി മന്ദിരങ്ങളില്‍ രാത്രിയില്‍ ലൈറ്റ്‌ അണയ്ക്കുന്നില്ലായെന്നുപറഞ്ഞത്. ഇവനൊക്കെ വിവരമുണ്ടോ രാത്രിയിലല്ലാതെ പകല്‍ ആരെങ്കിലും ലൈറ്റ്‌ ഇടുമോ?? ഹല്ല, പിന്നെ......എന്തൊരു കാലമാണിത് രാത്രിയില്‍ ലൈറ്റ്‌ അണച്ച് എങ്ങനെ ജനസംഖ്യകൂട്ടാമെന്ന് ചര്‍ച്ച ചെയ്യുകയൊന്നുമല്ല.അരിക്ക് എങ്ങനെ വിലകുറയ്ക്കാം എന്ന് മാത്രമാണ് ചര്‍ച്ച ചെയ്യുന്നത്. ചില മന്ത്രിമാര്‍ക്ക് ഇതിനെക്കുറിച്ച്‌ വീട്ടിലും,നാട്ടിലുമിരുന്നു ചര്‍ച്ചനടത്തിയിട്ട് ഒരു പിടിയുംകിട്ടുന്നില്ല; അതുകൊണ്ട് രാത്രികാലങ്ങളില്‍ ബോട്ട്സവാരി നടത്തിയാണ് കാര്യങ്ങള്‍ ചര്‍ച്ച നടത്തുന്നത്. നമ്മുടെ വനം,ടൂറിസം വകുപ്പ്‌മന്ത്രിമാര്‍ തേക്കടി തടാകത്തില്‍ രാത്രികാലങ്ങളില്‍ ബോട്ട് യാത്ര നടത്തിയാണ്; ജനകിയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നത്.ഉള്‍നാടന്‍ ജലാശയങ്ങളില്‍ രാത്രികാലങ്ങളില്‍ ബോട്ട് യാത്ര പാടില്ലായെന്ന് വ്യക്തമായ നിയമം നിലനില്‍ക്കെയാണ് ബോട്ട് ഓടിക്കാന്‍ ലൈസന്‍സ് പോലുമില്ലാത്ത മന്ത്രിമാര്‍  സര്‍ക്കാര്‍വക ബോട്ടുകള്‍ സ്വയം ഓടിച്ചുകൊണ്ട് രാത്രിസഞ്ചാരം നടത്തിയത്.ഇതില്‍ അനില്‍കുമാര്‍ ഓടിച്ച ബോട്ട് കുറ്റിയില്‍ തട്ടി കേടാകുകയും പിന്നിട് മറ്റൊരു ബോട്ടിലാണ് യാത്ര നടത്തിയതെന്നും പറയുന്നു. കടുവാസങ്കേതത്തിലൂടെ വൈകിട്ട് ആറിനുശേഷം യാത്ര നിരോധിച്ചിരിക്കെയാണ് മന്ത്രിമാര്‍ പെരിയാര്‍ കടുവാസങ്കേതത്തിലൂടെ ബോട്ടുയാത്ര നടത്തിയത്. കടുവാസങ്കേതങ്ങളിലൂടെയുള്ള യാത്ര നിയന്ത്രിച്ചുകൊണ്ടുള്ള സുപ്രീംകോടതിയുടെ കര്‍ശന നിര്‍ദേശം ഉള്ളപ്പോഴാണ് മന്ത്രിമാരുടെ ഈ ഉല്ലാസയാത്ര. ഇത് നിയമലംഘനമല്ലേ എന്ന് ചോദിച്ച പത്രക്കാരോട് മന്ത്രിമാര്‍ക്ക് നിയമം ബാധകമല്ല എന്നായിരുന്നു വനംമന്ത്രിയുടെ മറുപടി. പിന്നെ ആര്‍ക്കൊക്കെയാണോ നിയമം ബാധകം????. അപ്പനും, മകനും നിയമം ബാധകമല്ല എന്ന് നേരത്തെ മനസിലായിരുന്നു. അതിപ്പോള്‍ ടൂറിസത്തിനും ബാധകമല്ലായെന്ന് മനസിലായി. ഇതൊക്കെ അന്വേഷിക്കുന്നത് നാണംകെട്ട പരിപാടിയണെന്നും അദേഹം കൂട്ടിച്ചേര്‍ക്കുകയുണ്ടായി. അപ്പൊ.... എന്തോ നാണംകെട്ട പരിപാടിയെക്കുറിച്ചുള്ള ചര്‍ച്ച ആയതിനാലായിരിക്കണം; കാര്യങ്ങള്‍ ആരുമറിയാതെ കാട്ടുപ്രദേശത്തെ തടാകത്തില്‍ തന്നെ ആക്കിയത്. അവിടെയാകുമ്പോള്‍ സദാചാരക്കാരെയോ മറ്റ് അലവലാതികളെയോ പേടിക്കണ്ടല്ലോ. തേക്കടി തടാകത്തില്‍ രാത്രിസമയത്ത് ടൂറിസം വികസനത്തെക്കുറിച്ചും വനവത്ക്കരണത്തെക്കുറിച്ചും മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചകളെക്കുറിച്ച് ക്രൈമില്‍ ഉടനെയൊരു ലേഖനം പ്രതിക്ഷിക്കാം.


  മരുമകള്‍ക്ക് പ്രസവവേദന അമ്മായിയമ്മയ്ക്ക് വീണവായന എന്ന രീതിയിലാണ് കാര്യങ്ങള്‍.സംസ്ഥാനത്തിന്‍റെ ധനസ്ഥിതി ആകെ മോശമാണെന്നും ചിലവ് ചുരുക്കല്‍ അത്യാവശ്യമാണെന്നും പറയുന്ന നമ്മുടെ മന്ത്രിമാര്‍ എങ്ങനെയാണ് ചിലവ് ചുരുക്കി നമ്മള്‍ക്ക് മാതൃകയാകുന്നത്‌ എന്ന് ശ്രദ്ധിച്ചിട്ടുണ്ടോ?? ബഹുകേമമാണത്. വിലക്കയറ്റവും,രോഗങ്ങളും,അതുപോലെ അവശ്യസാധനങ്ങളുടെ ക്ഷാമവുമൊക്കെയായി ജനങ്ങള്‍ നട്ടംതിരിയുന്നസമയത്ത് നമ്മുടെ മന്ത്രിമാര്‍ നമുക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണെന്ന് ആരെങ്കിലും ധരിച്ചാല്‍ അത് വെറും തെറ്റുധാരണമാത്രമാണ്. നാട്ടിലിരുന്ന് ജനകീയപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്താല്‍ തീരുമാനമാകില്ലായെന്ന് കരുതി; നമ്മുടെ മന്ത്രിമാര്‍ പലരും ഉലകം ചുറ്റിയാണ് ഇപ്പോള്‍ ചര്‍ച്ച നടത്തുന്നത്. പ്രധാനവിഷയം വിലക്കയറ്റവും, ചെലവ് ചുരുക്കലും തന്നെയായതിനാല്‍ എണ്ണ ലാഭിക്കാന്‍ കാറുകളെല്ലാം ഷെഡില്‍ ഇട്ടിട്ടു വിമാനത്തിലിരുന്നാണ് ചര്‍ച്ചകള്‍ നടത്തുന്നത്. ഇവിടെ എല്ലാ സാധനങ്ങള്‍ക്കും വിലകൂടുന്നതും, ക്ഷാമം ഉണ്ടാകുന്നതും  ജനങ്ങള്‍ കണ്ടമാനം തിന്നുന്നത് കൊണ്ടാണെന്ന മന്മോഹന്‍ തിയറി അറിയാവുന്നത് കൊണ്ട് ഇവിടുത്തെ ക്ഷാമവും, വിലക്കയറ്റവും പരിഗണിച്ച് കേരള മന്ത്രിമാര്‍ അധികവും ഇപ്പോള്‍ വിദേശത്തുപോയാണ് ചായകുടിയും, ചോറൂണും നടത്തുന്നത്.അവിടെയാകുമ്പോള്‍ ഇതിനൊക്കെ തീരെ വിലയില്ല.അതുകൊണ്ട് ഏതു രാജ്യത്താണ് വിലക്കുറവ്‌ എന്ന് അന്വേഷിച്ചു നടക്കുകയാണ് നമ്മുടെമന്ത്രിമാര്‍. കപ്പല്‍ എപ്പോ മുങ്ങുമെന്നു പറയാന്‍ പറ്റില്ല; അതിനിടയ്ക്ക് കഴിയുന്നത്ര ഊറ്റുകതന്നെ...കൊള്ളാം നിങ്ങളാണ് ശരിക്കും ജനകിയ മന്ത്രിമാര്‍......
അമേരിക്കന്‍ പര്യടനം കഴിഞ്ഞ് ഒരു മന്ത്രി വിമാനമിറങ്ങിയ ഉടന്‍ മറ്റു രണ്ട് പേര്‍ പറന്നു. മറ്റൊരു മന്ത്രി അടുത്ത ദിവസം ചൈനയിലേക്ക് തിരിക്കും. കഴിഞ്ഞ ആറുമാസത്തിനിടെ വിദേശപര്യടനം നടത്തിയ മന്ത്രിമാരുടെ എണ്ണം ഒരുഡസനിലധികമാണ്. പണ്ട് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാണ് മന്ത്രിമാര്‍ താല്‍പ്പര്യം കാണിച്ചതെങ്കില്‍ ഇപ്പോള്‍ അമേരിക്കയും യൂറോപ്പുമാണ് പ്രിയപ്പെട്ട ലക്ഷ്യസ്ഥാനങ്ങള്‍. നാട്ടില്‍ കോളറയും പകര്‍ച്ചവ്യാധികളും പടര്‍ന്നുപിടിച്ചപ്പോള്‍ സുരക്ഷിത സ്ഥാനം തേടി ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ അമേരിക്കയിലായിരുന്നു. പത്തുദിവസത്തെ പര്യടനം കഴിഞ്ഞ് ചൊവ്വാഴ്ചയാണ് ശിവകുമാര്‍ തിരിച്ചെത്തിയത്.തൊഴില്‍ രംഗത്തെ നൂതന പരിഷ്ക്കാരങ്ങലെക്കുറിച്ചു കേരളിയരെ പഠിപ്പിക്കാന്‍  തൊഴില്‍മന്ത്രി ഷിബുബേബിജോണ്‍ ആറുമാസത്തിനിടെ വിയന്ന, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ചുറ്റിയടിച്ചു. ജപ്പാന്‍ സന്ദര്‍ശിച്ച റവന്യൂമന്ത്രി അടൂര്‍പ്രകാശ് അടുത്ത യാത്രയ്ക്ക് തയ്യാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു.മധ്യകേരളത്തില്‍ മാത്രം കണ്ടുവരുന്ന ഒരു പ്രത്യേകയിനം സിദ്ധാന്തത്തെ പ്രദര്‍ശിപ്പിക്കാന്‍  ധനമന്ത്രി കെ എം മാണി ലണ്ടനിലേക്കാണ് പോയത്. മാണിക്ക് പിന്നാലെ അടുത്ത ഒളിമ്പിക്സില്‍ കേരളത്തിനു എങ്ങനെ സ്വര്‍ണ്ണം നേടാം എന്ന് പഠിക്കാനായി  സ്പോര്‍ട്സ്മന്ത്രി കെ ബി ഗണേശ്കുമാറും ലണ്ടനിലേക്ക് പറന്നു.ചൈനാക്കാര്‍ സ്വര്‍ണ്ണം നേടുന്നത് പീഡനത്തിലൂടെയാണെന്നും,അത് മോശമാണെന്നും അങ്ങനെ തിരിച്ചറിയാനായി.മത്സരത്തിന്‍റെ തലേന്നാള്‍ വരെ കറങ്ങിയടിച്ചു നടക്കുക,ബിയര്‍ പാര്‍ലറുകള്‍ സന്ദര്‍ശിക്കുക,കാമുകനോ കാമുകിയോ ഉണ്ടെങ്കില്‍ അവരെക്കൂടി കൂട്ടത്തില്‍ കൂട്ടുക,നല്ലൊരു ഷോപ്പിംഗ്‌ നടത്തുക തുടങ്ങിയ പരിപാടികള്‍ ആണ് സ്വര്‍ണ്ണം നേടാന്‍ കൂടുതല്‍ നല്ലത് എന്നൊരു ആശയവും ഈ പോക്കില്‍ കിട്ടിയിട്ടുണ്ട്.അടുത്ത ഒളിമ്പിക്സില്‍ കേരളത്തിന്‌ ഒരു സ്വര്‍ണ്ണം ഉറപ്പ്‌.
     
    മന്ത്രി എം കെ മുനീര്‍ ജര്‍മനിവരെ പോയി വന്നു. മുനീറിന്‍റെ അടുത്ത ലക്ഷ്യം ഗള്‍ഫാണ്. പാചകവാതക ക്ഷാമവും നിത്യോപയോഗസാധനങ്ങളുടെ വിലവര്‍ധനവുമൊന്നും ഭക്ഷ്യമന്ത്രി അനൂപ് ജേക്കബിന് കറങ്ങിനടക്കാന്‍ തടസ്സമായില്ല. കുവൈറ്റിലേക്ക് കുടുംബസമേതമായിരുന്നു യാത്ര. ചൈന എന്നു കേട്ടാല്‍ ചൊറിച്ചില്‍ വരുന്നവരും അവിടെ മൊത്തം കുഴപ്പമാണ് എന്ന് പറയുന്നവരും തരം കിട്ടിയാല്‍ പോക്ക് അങ്ങോട്ട്‌ തന്നെ  മന്ത്രി കെ സി ജോസഫ്‌  ബീജിങ്ങിലേക്കാണ് പറക്കുന്നത്. ഉദ്യോഗസ്ഥസംഘവും ഒപ്പമുണ്ട്.കള്ളുവ്യവസായത്തില്‍ ഗള്‍ഫ്‌കാരേക്കൂടി ഉള്‍പ്പെടുത്തുക എന്ന മഹനിയ ഉദേശ്യത്തില്‍  മന്ത്രി കെ ബാബു ഗള്‍ഫ് നാടുകളില്‍ ഒരുവട്ടം കറങ്ങി.പൊതുമരാമത്തിനെക്കുറിച്ച് പഠിക്കാന്‍ വി കെ ഇബ്രാഹിംകുഞ്ഞ് സ്പെയിനില്‍ പോയിവന്നു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, ഗണേശ്കുമാര്‍ എന്നിവര്‍ പതിവ് ഗള്‍ഫ് യാത്രക്കാരാണ്. പാട്ട് പാടുന്ന മന്ത്രിയാകട്ടെ ഗള്‍ഫില്‍ കറങ്ങി നടക്കാനൊന്നും തയ്യാറല്ല. ഇസ്രായേല്‍ കണ്ട് തിരിച്ചെത്തിയ അദ്ദേഹം പുതിയ ഭൂഖണ്ഡങ്ങളിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ്. അമേരിക്കയാണ് അടുത്ത ലക്ഷ്യം. മന്ത്രിമാര്‍ മത്സരിച്ച് വിദേശപര്യടനം നടത്തുമ്പോള്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും വിടാന്‍ ഒരുക്കമല്ല. കഴിഞ്ഞ രണ്ടുദിവസമായി ദുബായിലുള്ള അദ്ദേഹം അടുത്ത യാത്രയും പ്ലാന്‍ ചെയ്തു കഴിഞ്ഞതായാണ് വിവരം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ആര്യാടന്‍ മുഹമ്മദ്, പി കെ ജയലക്ഷ്മി എന്നിവരാണ് ആറുമാസത്തിനിടെ വിദേശയാത്ര നടത്താതിരുന്നത്.


 ചിലവ് ചുരുക്കലിന്‍റെയും സാമ്പത്തികപരിഷ്കരണത്തിന്‍റെയും പേര് പറഞ്ഞു സര്‍ക്കാര്‍ നയങ്ങള്‍ ജനങ്ങളെ വരിഞ്ഞുമുറുക്കുമ്പോഴാണ്. ഖജനാവിലെ പണംമുടക്കിയുള്ള മന്ത്രിമാരുടെ വിദേശയാത്രകള്‍.എന്ത് ന്യായികരണമാണ്ഇതിനുപറയുക.എന്ത് കൊണ്ടാണ് ഒരു ശബ്ദംപോലും ഇതിനെതിരെ ഉയരാത്തത്.അന്ധമായി രാഷ്ട്രീയവത്ക്കരിക്കപ്പെട്ട ഒരു സമൂഹത്തിന് ഇങ്ങനയേ കഴിയു.രാഷ്ട്രിയപ്രവര്‍ത്തനം എന്നാല്‍ നാടിന്‍റെയും ജനങ്ങളുടെയും ക്ഷേമത്തിനുള്ള പ്രവര്‍ത്തനമാണെന്ന് മനസിലാക്കാതെ നേതാക്കളുടെ പണസാമ്പാദനത്തിനും ഉല്ലാസത്തിനും വേണ്ടിയുള്ള വിളനിലങ്ങളായി കരുതുന്ന അണികള്‍,ഒരു സാധാരണ രാഷ്ട്രിയ പ്രവര്‍ത്തകനെന്നാല്‍ നേതാക്കളുടെ വിറകുവെട്ടുകാരനും,വെള്ളം കോരലുകാരനുമായി മാറിയിരിക്കുന്നു.എന്ത് വിഴുപ്പ് കൊടുത്താലും അലക്കുകയും ചുമക്കുകയും ചെയ്യുന്ന കഴുതകള്‍ എന്ന രീതിയില്‍ നിന്നും നമ്മളും മാറി ചിന്തിക്കേണ്ടിയിരിക്കുന്നു.ഇങ്ങനെയുള്ള രാഷ്ട്രിയ പാപ്പരത്തങ്ങളാണ് ബനാനറിപ്പബ്ലിക്കുകളെ സൃഷ്ടിക്കുന്നത്.ഇങ്ങനെയാണ് പോകുന്നതെങ്കില്‍, അതിലേക്കിനി അധികകാലം വേണ്ടിവരില്ല .................................

 

No comments:

Post a Comment