**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Monday, May 27, 2013

ഒരുമാറ്റം അനിവാര്യമാണ്; ആര്‍ക്ക്‌..?





 ഇഗ്ലീഷ് അദ്ധ്യാപകന്‍, കുട്ടികളെ വാക്കുകളുടെ ശരിയായ ഉച്ചാരണം പഠിപ്പിക്കുകയാണ്. ഓരോവാക്കും പറഞ്ഞുകൊടുത്ത് ഏറ്റു ചൊല്ലിപ്പിച്ചു ക്ലാസ്‌ മുന്നോട്ടുനീങ്ങുന്നു ..ഇനി ഓരോരുത്തരെയായി ചൊല്ലിക്കാമെന്നു വെച്ചു

പറഞ്ഞോളൂ,,, W,A,T,E,R   വാട്ടര്‍ ....

  W,A,T,E,R……..വാട്ടര്‍, വാട്ടര്‍, വാട്ടര്‍ അങ്ങനെ ഓരോരുത്തരും മാറിമാറി പറഞ്ഞുകൊണ്ടിരുന്നു..അവസാനത്തെ ആളും കഴിഞ്ഞപ്പോള്‍

അടുത്ത വാക്കുപറഞ്ഞു, ഇലക്ട്രിസിറ്റി...

ഇലക്ട്രിസിറ്റി, ഇലക്ട്രിസിറ്റി...കുട്ടികള്‍ ഓരോരുത്തരായി പറഞ്ഞുതുടങ്ങി ..പറച്ചിലങ്ങനെ സുഖകരമായി മുന്നോട്ട് നീങ്ങുന്നതിനിടയില്‍ ഒരു കല്ലുകടി.

ലാസ്റ്റ്‌ ബെഞ്ചില്‍ എത്തിയപ്പോള്‍ ഉച്ചാരണം കൈവിട്ടുപോയി.

                           ഇലക്ട്രിക്കിറ്റി...

                                   സ്റ്റോപ്പ്‌,,

                                              നന്നായി പറയൂ.... ഇലക്ട്രിസിറ്റി..............

                                                            ഇലക്ട്രിക്കിറ്റി..........

                                             ഹേ, അങ്ങനെ അല്ലടെ, ഇലക്ട്രിസിറ്റി.................

                                                                                 ഇലക്ട്രിക്കിറ്റി.................

            ക്ലാസ്‌ മുഴുവന്‍ കൂട്ടച്ചിരിയുയര്‍ന്നു..

                                                        സൈലന്‍സ്…………….

ഇത്, തന്നെ മനപൂര്‍വം അവഹേളിക്കാനുള്ള കുട്ടിയുടെ ശ്രമമായി അദ്ധ്യാപകന്‍ കരുതി. അദേഹം ആ കുട്ടിയെ ക്ലാസ്സില്‍ നിന്നും പുറത്താക്കി.

ങ്ങഹാ,, നിന്നെക്കൊണ്ട് ശരിക്കു പറയിക്കാമോയെന്നു ഞാനൊന്നു നോക്കട്ടെ.

  നാളെ നീ അപ്പനെ വിളിച്ചുകൊണ്ടുവന്നശേഷം ക്ലാസ്സില്‍ കയറിയാല്‍ മതിയെന്ന താക്കിതും കൊടുത്തു.

പിറ്റേദിവസം കുട്ടി അപ്പനുമായി സാറിന്‍റെ മുന്നിലെത്തി ...

       നിങ്ങളാണോ ഇവന്‍റെ രക്ഷകര്‍ത്താവ്

        അതേ,,,, എന്താണ് സാര്‍ പ്രശ്നം...

 ഇവന്‍, ക്ലാസ്സിലോ ശ്രദ്ധിക്കാറില്ല, പറഞ്ഞു കൊടുക്കുന്നതുപോലും നേരാംവണ്ണം പറയുന്നില്ല..എത്ര പറഞ്ഞുകൊടുത്താലും പിന്നേം തെറ്റുതന്നെ പറയുന്നു... ഇതു ശരിയാവില്ല.

അല്ല മാഷേ, അക്ച്വലി എന്താ പ്രോബ്ലം ...രക്ഷകര്‍ത്താവ് ജാഗരൂകനായി

  എന്താ ഇവന്‍ കാണിച്ച കുഴപ്പം..?

    ദേ നോക്കിക്കോ

മാഷ്‌ തലേദിവസത്തെ വാക്ക്‌ വീണ്ടും ഉച്ചരിച്ചു..

       ഇലക്ട്രിസിറ്റി ..പറയെടാ..

         ഇലക്ട്രിക്കിറ്റി..

  ദേ കേട്ടല്ലോ, ഇത്ര സിമ്പിളായിട്ടുള്ള വാക്കുവരെ ഇങ്ങനാ പറയുന്നത്. മനപ്പൂര്‍വം ആളെ കളിയാക്കുകയാണ്..ഇങ്ങനെയായാല്‍ ഇവന്‍ എങ്ങനെ പരീക്ഷ പാസാകും. നിങ്ങളു പറ....

കുട്ടിയുടെ അച്ഛന്‍ ഒന്നു ചിരിച്ചു

    ഹഹഹ ..ഇതാണോ മാഷേ കാര്യം..ഇതില്‍ എന്തിരിക്കുന്നു

 അതിപ്പോ ഓരോരുത്തര്‍ക്കും അവരവരുടെ ‘കപ്പാക്കിറ്റി’ അനുസരിച്ചല്ലേ ഓരോന്നും പറയാന്‍ പറ്റൂ...

മാഷിനു മറുപടിയൊന്നും പറയാനുണ്ടായിരുന്നില്ല

അതെയതെ അച്ഛന്‍ പോയ്ക്കോളു, മോന്‍ ക്ലാസ്സില്‍ കയറിക്കോളൂ..വലിയ ഉപകാരം..ക്ഷമിക്കണം കാര്യങ്ങള്‍ അറിയാന്‍ താമസിച്ചുപോയി അതുകൊണ്ടാ..............

കപ്പാക്കിറ്റിക്കു പിറന്ന ഇലക്ട്രിക്കിറ്റിയില്‍ നിന്നും ഇതില്‍ കൂടുതല്‍ എന്തു പ്രതീക്ഷിക്കാന്‍..

അഴിമതിയും കെടുംകാര്യസ്ഥതയും കൊണ്ടു വീര്‍പ്പു മുട്ടുമ്പോഴാണ് ഒരു മാറ്റം അനിവാര്യമാണ് എന്നു ചിന്തിക്കുന്നത്...മാറി വരുന്നത് പണ്ടെത്തെതിന്‍റെ പിന്നത്തേത് ആണെങ്കില്‍ എന്തു ചെയ്യാന്‍ കഴിയും..അനുഭവിക്കുക അത്രതന്നെ..

Wednesday, May 8, 2013

മന്ത്രിയുടെ കാറിനെ പിന്തുടര്‍ന്ന കാറ്‌, ..റസ്റ്റില്‍.!!!


 

 മന്ത്രിയുടെ കാറിനുപിന്നാലെ പാഞ്ഞ, നടന്‍ ആസിഫ്‌ അലിയുടെ കാറിനെ പോലിസ്‌ പിടികൂടി..വാര്‍ത്ത മുഴുവന്‍ വായിച്ചിട്ടും എന്തിനാണ് ആസിഫ്‌ അലിയുടെ കാറ്‌ മന്ത്രിയുടെ കാറിനുപിന്നാലെ പാഞ്ഞത് എന്നകാര്യം മനസിലാവുന്നില്ല..

മന്ത്രി ജയലക്ഷ്മിയുടെ കാര്‍ മുന്നില്‍.....  പിന്നില്‍ നട്ടുച്ചയ്ക്ക് ലൈറ്റും കത്തിച്ചു ആസിഫ്‌ അലിയുടെ BMW കാറ്‌ ..ടിയാന്‍ കല്യാണം വിളിക്കാനുള്ള ആവേശത്തില്‍ പാഞ്ഞതാണെന്നാണ് പോലീസിനോട് വെളിപ്പെടുത്തിയത്.

 നട്ടുച്ചയ്ക്കാണോടാ ലൈറ്റ്‌ കത്തിക്കുന്നത്............. എന്ന ചോദ്യത്തിന്

 ഈ ലൈറ്റ്‌ എന്‍ജിന്‍ ഓണാകുമ്പോള്‍ സ്വയം കത്തുന്നതാണെന്ന...........

 വിശദികരണം കൊടുത്തുവെന്നും താരം പറയുന്നു.എന്നിട്ടും വണ്ടിയടക്കം തിരൂരങ്ങാടി പോലിസ്‌ സ്റ്റേഷനില്‍ എത്തിച്ച്, രണ്ടു മണിക്കൂറിനു ശേഷം വിശദമായി മൊഴിയെടുത്തു കണ്ഫ്യൂഷന് തീര്‍ത്തശേഷം താരത്തെ വിടുകയായിരുന്നു.പോലിസിന്‍റെ ഭാഗത്തുനിന്ന് മോശം സംസാരമുണ്ടായി എന്നും താരം പരാതിപ്പെട്ടു.

 സത്യത്തില്‍ താരത്തെ സ്റ്റേഷനില്‍ എത്തിച്ചത് ഒന്നിച്ചു കുറച്ചു ഗ്രൂപ്പ്ഫോട്ടോ എടുക്കാനും ഓട്ടോഗ്രാഫ്‌ വാങ്ങാനുമായിരുന്നു...അല്ലാതെ ഒരു ഉദേശ്യവും ഉണ്ടായിരുന്നില്ല..ഏതായാലും വന്നതല്ലേ അതുകൊണ്ട് ആസിഫിന്‍റെ ഡ്രൈവര്‍ക്ക് കുറച്ചു താക്കിതും കൊടുത്തു.മറ്റൊന്നും അവിടെ സംഭവിച്ചിട്ടില്ല..അതിനെയാണ് മാധ്യമങ്ങള്‍ പെരുപ്പിച്ചു കാണിച്ചത്‌. പരാതികൊടുക്കാന്‍ പോയി ഒടുവില്‍ പ്രതിയായി ഇടിയുംവാങ്ങി തിരിച്ചുപോരുന്ന എത്രയോപേരുണ്ട് ആരുടെയെങ്കിലും പടം പത്രത്തില്‍ വാരാറുണ്ടോ...???അതാണ് താരമായാലുള്ള ഗുണം.പണ്ടൊരു താരത്തിനെ മദ്യപിച്ചു വണ്ടിയോടിച്ചു എന്നു കാരണത്താല്‍ പൊക്കിയ പോലീസിനു ഒടുവില്‍ മാപ്പുപറഞ്ഞു തലയൂരേണ്ടി വന്നതും നമ്മള്‍ കണ്ടതാണ്...

 ആകാശത്തുമാത്രം മിന്നിത്തിളങ്ങുന്ന താരങ്ങള്‍ക്ക് പലപ്പോഴും ഭൂമിയിലെ കാര്യങ്ങളില്‍ അത്ര പിടിയില്ലാത്തതുകൊണ്ടാണ് പോലിസ്‌ മോശമായി സംസാരിച്ചുവെന്നു പരാതിപ്പെടുന്നത്........കാര്യം, ജനമൈത്രിയൊക്കെ വന്നുവെങ്കിലും സ്റ്റേഷനില്‍ വരുന്നവരെ ബിരിയാണിയും കഴിപ്പിച്ച്, വണ്ടിക്കൂലിയും കൊടുത്തുവിടുന്ന രീതിയിലേക്ക് കാര്യങ്ങള്‍ ഇതുവരെ വന്നിട്ടില്ല. പഴയ മാ,,, കൂ,,,, സ്റ്റയില്‍ അല്പം മാറി എന്നുമാത്രം..ചായ കൊടുത്താല്‍ സത്യംപറയുന്ന രീതിയിലേക്ക് നമ്മുടെ സമൂഹവും മാറിയിട്ടില്ല;  അതു വേറെകാര്യം...

 ഇത്ര വേഗത്തില്‍ ഏതു --------ലേക്ക് പോകുന്നുവെന്ന് ചോദിച്ചതായാണ് പരാതി.കേരളാ പോലീസിനെ അറിയാവുന്ന എല്ലാ മലയാളികള്‍ക്കും വിട്ട ഭാഗം അറിയാമെന്നതിനാല്‍ പൂരിപ്പിക്കുന്നില്ല.

  ഇവിടെ പ്രശ്നം, മന്ത്രിയുടെ കാറിന്‍റെ പിറകെ മറ്റൊരു കാറില്‍ സഞ്ചരിക്കാന്‍  ഒരു പൌരന് അധികാരമുണ്ടോ എന്നതാണ്. മുന്നില്‍ കയറ്റി വിടുന്നില്ലെങ്കില്‍ പിന്നിലെ സഞ്ചരിക്കാനേ കഴിയൂ.. അതിനു നിയമപരമായി തടസ്സമൊന്നും കാണുന്നില്ലായെങ്കിലും മന്ത്രിമാര്‍ റോഡിലിറങ്ങിയാല്‍, റോഡേ നടക്കുന്നവര്‍ കുറ്റിക്കാട്ടിലേക്ക് മാറിനില്‍ക്കണം എന്നുള്ളതാണ് പൊതുവേയുള്ള നിയമം. വേറൊന്നിനുമല്ല ജീവന്‍ വേണേല്‍ മാറിക്കോളുക എന്ന വാമൊഴി അനുസരിച്ചുള്ള നടപടിയായി കരുതിയാല്‍ മതി. മന്ത്രിയുടെയും സിനിമാ നടന്‍റെയും കാറിടിച്ചാല്‍ കാര്യംപോക്കാണ്.ആരും തിരിഞ്ഞുനോക്കില്ല. പത്തുപൈസാ സഹായം കിട്ടില്ലായെന്നുമാത്രമല്ല;മാര്‍ഗ്ഗ തടസ്സമുണ്ടാക്കി എന്നു കേസ്‌ വേറെയുംവരും. എന്നാല്‍ മന്ത്രിയേയും സിനിമാനടനേയും കാറിടിച്ചാല്‍ ഈ നിയമം ബാധകമല്ല..സര്‍ക്കാര്‍ തലത്തില്‍ ധനസഹായം വിദഗ്ധചികല്‍സാ ഒക്കെ പ്രതീക്ഷിക്കാം...........ഇനി, റോഡില്‍  മന്ത്രിയുടെ വാഹനം കണ്ടാല്‍ വാഹനത്തില്‍ സഞ്ചരിക്കുന്നവര്‍ വാഹനം വശങ്ങളിലേക്ക് ഒതുക്കി, പറ്റുമെങ്കില്‍ പുറത്തിറങ്ങി മന്ത്രി കീ ജയ്‌,, എന്നു വിളിക്കണം.വികലാംഗര്‍ വണ്ടിക്കകത്തിരുന്നു ജയ്‌ വിളിച്ചാലും മതി.. ലൈസന്‍സ്‌ പരീക്ഷ എഴുതുമ്പോള്‍ ഈ നിയമങ്ങളെക്കുറിച്ച് വ്യക്തമായി പഠിക്കുന്നുണ്ട്,,കാരണം മറ്റൊന്നുമല്ല ഇവര്‍ ജനങ്ങള്‍ക്കു വേണ്ടി വായുഗുളിക അരയ്ക്കാനായിരിക്കും പോകുന്നത്.ഒരു സെക്കന്‍ഡ് താമസിച്ചാല്‍ കോടികളുടെ ഫണ്ട് ലാപ്സാകാന്‍ സാധ്യതയുണ്ട്; ഒരു പക്ഷെ മന്ത്രിസഭ തന്നെ താഴെപ്പോകാനും സാധ്യതയുണ്ട്..അങ്ങനെ വരുമ്പോള്‍ ആസിഫിന്‍റെ കാര്‍ ചെയ്തത് ഭയങ്കര കുറ്റമാണ്..

  നട്ടുച്ചയ്ക്ക് ലൈറ്റ്‌ ഇടാമോ ----- മോനെ? (ഡാഷ് തരാതരം പോലെ പൂരിപ്പിച്ചുവായിക്കാം തെക്കും വടക്കും വ്യത്യസ്തഭാഷാപ്രയോഗങ്ങളാ യിരിക്കും അവിടെ ചേര്‍ക്കുക; അതുകൊണ്ടാണ്.) എന്നുള്ള ചോദ്യം ഉത്തരവാദിത്വബോധത്തിന്‍റെ പ്രതിഫലനമായി കണ്ടാല്‍ മതി. കൂരിരുട്ടത്തുപോലും ലൈറ്റിടാനുള്ള കറന്‍റ് നാട്ടിലില്ല.അപ്പോഴാ ഒരുത്തന്‍ നട്ടുച്ചയ്ക്ക് ലൈറ്റിട്ടു നടക്കുന്നത്...വണ്ടിയുടെ എഞ്ചിനില്‍ നിന്നാണെങ്കിലും ലൈറ്റുകത്താന്‍ കറന്‍റ് വേണമല്ലോ......എന്തിനു അത്രയും കറന്‍റ് വെറുതെ കളയുന്നു..  എന്ന ശുദ്ധചിന്താഗതിയാണ് ഈ ചോദ്യത്തിന് കാരണം. ജാംബവാന്‍റെ കാലത്തുള്ള ശകടവുമായി മന്ത്രിയുടെ പുതുപുത്തന്‍ വാഹനത്തിനു  എസ്കോര്‍ട്ടുപോകുന്ന പോലിസുകാര്‍ക്കറിയാം അവര്‍ അനുഭവിക്കുന്ന പങ്കപ്പാട്.. അതിനിടയിലാണ് ഒരുത്തന്‍ BMW കാറില്‍ ലൈറ്റിട്ടു പിറകെകൂടുന്നത്... തല്ലു കിട്ടിയില്ലേല്‍ ഭാഗ്യം; അത്രയേ പറയാനുള്ളൂ..

 BMW ആയാലും ബെന്‍സ്‌ ആയാലും മന്ത്രിയുടെ വാഹനം കണ്ടാല്‍ വാലും ചുരുട്ടി മാറിക്കോളണം അതാണ് ജനാധിപത്യം..അത്യാവശ്യത്തിനു ആശുപത്രിയില്‍ പോകുന്നവന്നവനുവരെ ഇതില്‍നിന്നും ഒഴിവില്ല. ഇതൊന്നും അറിയാത്ത താരങ്ങള്‍, ഇടയ്ക്കിതൊക്കെ അറിയുന്നത് നല്ലതാണ്.കല്യാണം വിളിക്കാന്‍ പോകേണ്ട ഒരു സ്പീഡോക്കെയുണ്ട്, അതിനിങ്ങനെ ലൈറ്റും കത്തിച്ചു പായേണ്ട..അല്ലപിന്നെ.......ഇവിടെ ആസിഫിന്‍റെ ഡ്രൈവറെ പ്രതീകാത്മകമായി ചോദ്യംചെയ്തു മൊഴിയെടുത്തതൊഴിച്ചാല്‍ വേറെ അനിഷ്ടസംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.   ഡ്രൈവര്‍ക്ക് ശക്താമായ ഒരു താക്കിത് കൊടുത്തിട്ടുണ്ട്പോലും അതിന്‍റെ ഗുട്ടന്‍സ് മനസിലാവുന്നില്ല. റോഡില്‍ അനുവദനീയമായ വേഗത്തിലാണ് മന്ത്രിയുടെ വാഹനം പോയതെങ്കില്‍ അതേ അനുവദനീയമായ വേഗത്തില്‍ മറ്റൊരു വാഹനം സഞ്ചരിച്ചാല്‍ അത് എങ്ങനെ കുറ്റമാകും.എന്താണ് ഡ്രൈവര്‍ ചെയ്ത കുറ്റം. ഏതെങ്കിലും ട്രാഫിക്‌ റൂള്‍ ലംഘിച്ചോ..മന്ത്രിയുടെ കാര്‍ കണ്ടാല്‍ പിന്നെ വണ്ടി ന്യൂട്രല്‍ ആക്കണം എന്നുണ്ടോ.. രാജാവ്‌ നടുറോഡില്‍ വെളിക്കിരുന്നാല്‍  റോഡിലൂടെ സഞ്ചരിക്കുന്ന പ്രജകളെല്ലാം കണ്ണുപൊത്തണം എന്നുപറയുന്നത് എവിടുത്തെ ന്യായമാണ്..വേണ്ടവന് കാണാം അല്ലാത്തവന് പൊത്താം;അതാണ്‌ ന്യായം.....മാന്യത രാജാവിനും മന്ത്രിക്കും ആയിക്കൂടെ.??

 സാധാരണയായി പകല്‍ സമയത്ത് റോഡിലൂടെ ലൈറ്റ് കത്തിച്ചുപോകുന്നത് രണ്ടുതരം വാഹനങ്ങളാണ് ഒന്നാമത്തേത് ആംബുലന്‍സാണ് രണ്ടാമത്തേത് മന്ത്രിമാരുടെ വാഹനവ്യൂഹമാണ്.രണ്ടും അപകടമാണ്..ഓടി മാറിക്കോളു എന്നാണ് ജനത്തെ പഠിപ്പിക്കുന്നത്‌. ആദ്യത്തെതു ജീവന്‍ രക്ഷിക്കാനുള്ള പോക്കാണെങ്കില്‍ രണ്ടാമത്തേത് നാട്ടുകാരെ നന്നാക്കാനുള്ള പോക്കാണ്.. രണ്ടിലും തടസ്സങ്ങള്‍ പാടില്ല... കല്യാണം വിളിക്കാന്‍ പോകുമ്പോള്‍ ലൈറ്റിട്ടു പോകുന്നരീതി കേരളത്തിലില്ല;  മാത്രമല്ല പകല്‍ സമയത്തും ലൈറ്റിട്ടു വണ്ടി ഓടിക്കുന്ന BMW രീതി കേരളത്തില്‍ പ്രചാരത്തിലായിട്ടുമില്ല.മന്ത്രിയുടെ വാഹനത്തിന്‍റെ പിറകെ ലൈറ്റ്‌ ഇട്ടു വണ്ടിയോടിച്ചത് ജനപ്രാതിനിധ്യനിയമപ്രകാരം മാരകപാപമായതുകൊണ്ട്, താരം തല്ക്കാലം പതുക്കെപോയി കല്യാണം വിളിച്ചിട്ടു വാ ....ഇമ്മടെ മന്ത്രി വായുഗുളിക അരയ്ക്കാന്‍ വേഗത്തില്‍ പോകട്ടെ...  നമുക്കിത് രണ്ടും പ്രശ്നമല്ല കാരണം നമ്മളിപ്പോഴും നടരാജ് വണ്ടിതന്നെയാണ് ഉപയോഗിക്കുന്നത്..

ഗുണപാഠം

*മന്ത്രിയുടെ കാറിന്‍റെ പിറകെ വണ്ടി ഓടിക്കരുത്..

*കല്യാണം വിളിക്കാനായാലും,ചാവടിയന്തിരത്തിനായാലും പോകുന്നതിനുമുന്‍പ്‌ മന്ത്രിയുടെ കാറ്‌ അതിലെ വരുന്നില്ല എന്നു അടുത്തുള്ള പോലിസ്‌ സ്റ്റേഷനില്‍ വിളിച്ചു ഉറപ്പുവരത്തുക

*എഞ്ചിന്‍ സ്റ്റാര്‍ട്ടാക്കുമ്പോള്‍ തെളിയുന്ന വല്ല ബള്‍ബുകളും വണ്ടിയില്‍ ഉണ്ടെങ്കില്‍ അതൂരി വീട്ടില്‍ വച്ചിട്ട് വണ്ടിയുമായി ഇറങ്ങുക

*വണ്ടിയുമായി പോലിസ്‌ പിടിച്ചാല്‍ ഓട്ടോഗ്രാഫ്‌ കൊടുത്തു ഇറങ്ങിപ്പോരുന്നത് താരങ്ങള്‍ക്കുമാത്രമുള്ള സൌകര്യമാണ്..ഇതുകണ്ട് പൊതുജനം പോലീസിനു ഓട്ടോഗ്രാഫ് കൊടുക്കാന്‍ നിന്നാല്‍ കൂമ്പിനു ഇടിയായിരിക്കും കിട്ടുക
*നാട്ടാപ്പകല്‍ ലൈറ്റിട്ടു പോകുന്ന വണ്ടികണ്ടാല്‍ ഒന്നുകില്‍ മന്ത്രി അല്ലെങ്കില്‍ താരം...അപായം ആണെന്നു മനസിലാക്കി റോഡിലൂടെ സഞ്ചരിക്കുന്ന പൊതുജനം റോഡില്‍നിന്നും നിന്നു പരമാവധി മാറി സഞ്ചരിക്കുക

Tuesday, May 7, 2013

ഫിലാഡല്‍ഫിയായിലെ ഭോഗസമ്മേളനം..?


 

 

  അമേരിക്കയിലെ ഫിലാഡല്‍ഫിയായില്‍ അന്താരാഷ്‌ട്രപ്രാധാന്യമുള്ള ഒരു ഭയങ്കരമത്സരം നടക്കുന്നുവെന്ന അറിയിപ്പുവന്നിട്ട് കുറച്ചുദിവസങ്ങളായി. സോഷ്യല്‍ മീഡിയാ രംഗത്തെ പല പുലികളും തങ്ങളുടെ സ്റ്റാറ്റസ് ബോക്സ്‌ ക്ലോസുചെയ്ത് തങ്ങളും ഫിലാഡല്‍ഫിയയിലേക്ക് തിരിക്കുകയാണെന്ന മെസേജുകള്‍ എല്ലാ ഗുണഭോക്ത്താക്കള്‍ക്കും അയച്ചുകൊടുക്കാന്‍ തുടങ്ങിയിട്ടുണ്ട്. ആഗോളരംഗത്തെ പ്രമുഖ സെക്സോളജിസ്റ്റുകളും രതി വിദഗ്ധരുമടങ്ങുന്ന ‘എ’ലോകമാണ് ഈ വിവരം അഭ്യുദയകാംക്ഷികള്‍ക്ക് വേണ്ടി വെളിപ്പെടുത്തിയിരിക്കുന്നത്.  അതുകൊണ്ട് വാര്‍ത്തയുടെ വിശ്വാസ്യതയില്‍ തെല്ലും സംശയംവേണ്ട.ഏതായാലും അന്താരാഷ്ട്ര മല്‍സര മായതിനാല്‍ സര്‍ക്കാരിന്‍റെ നിലപാടറിയാന്‍ ഒരു ചാരനെത്തന്നെ അയച്ചാണ് വിവരങ്ങള്‍ ചോര്‍ത്തിയത്.

 അമേരിക്കയിലെ ഫിലാഡല്‍ഫിയായില്‍ ആഗോള സ്വയംഭോഗമല്‍സരം നടക്കുകയാണത്രേ.....മെയ്‌മാസം അമേരിക്കയില്‍ സ്വയംഭോഗമാസമായും പ്രഖ്യാപിച്ചിരിക്കുന്നു. നമ്മുടെ നാട്ടില്‍ ഈ ആചരണം നടക്കുന്നത് കന്നി മാസമാണെന്നാണ് നാട്ടറിവ്‌. കന്നിമാസ പട്ടിപോലെ, ഈ ഹരിതഭൂവില്‍ അലഞ്ഞുഞാന്‍..... എന്നാണു ഷാപ്പുകവി പാടിയത്. എല്ലാ സ്വയംഭോഗികള്‍ക്കും, ഭോഗിക്കാന്‍ വേണ്ടി ഒരു മാസം..... ചെകുത്താനുവേണ്ടിയും ഒരുദിവസം ആചരിക്കുന്ന നാട്ടില്‍ ഇതു പുതുമയൊന്നുമല്ല. ഏറ്റവുംനല്ല സ്വയംഭോഗിക്ക് സമ്മാനവും ഉണ്ടത്രേ...സ്വയംഭോഗത്തിലൂടെ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ബീജം; ആവശ്യക്കാര്‍ക്ക് തരാതരംപോലെ ശേഖരിച്ചു കൊണ്ടുപോകാനുള്ള സൌകര്യവും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്..അതിനെ ഒരു ജീവകാരുണ്യപ്രവര്‍ത്തനം എന്നാണ് സംഘാടകര്‍ വിശേഷിപ്പിച്ചിരിക്കുന്നത്; ഭയങ്കരം....അമേരിക്കയിലൊക്കെ ഇങ്ങനെ ഒരു മാസത്തില്‍ കാര്യമൊതുങ്ങുന്നുവെന്നു ആശ്വസിക്കാം. നമ്മുടെ നാട്ടിലോ........?

    ഏതായാലും ഇന്ത്യയെ പ്രതിനിധികരിച്ച് ഒരു ഉന്നതതലസംഘം മല്‍സരത്തില്‍ പങ്കെടുക്കാന്‍ അമേരിക്കയിലേക്ക് തിരിക്കുന്നുണ്ടെന്നാണ് ചാരനു ചോര്‍ത്തിക്കിട്ടിയവിവരം.വന്‍തുകകള്‍ കൈമടക്കുകൊടുത്തിട്ടാണുപോലും പലരും സംഘത്തില്‍ കയറിപ്പറ്റിയിരിക്കുന്നത്... മാത്രമല്ല കേന്ദ്രസംഘത്തെ നയിക്കുന്നതും ഒരു മലയാളിയാണത്രേ,, ഇത്തരം വിഷയങ്ങളില്‍ വളരെ എക്സ്പ്പിരിയന്‍സ്ഡായ  ഇദേഹം, പണ്ട് പോപ്പിനെ കാണാന്‍ റോമില്‍ പോയപ്പോള്‍ ആ പ്രദേശമാകെ പോണോഗ്രാഫിക് സിഗനലുകളുകൊണ്ടുനിറഞ്ഞതായി വാര്‍ത്തയുണ്ടായിരുന്നു.  നമ്മുടെ ജനാധിപത്യത്തിന്‍റെ താക്കോല്‍ദ്വാരത്തിരിക്കുന്ന മലയാളികള്‍ ഈ സ്വയംഭോഗസംഘത്തെ നയിക്കുന്നതില്‍ കേരളത്തിന്‌ അഭിമാനിക്കാം.. ഈ മാസം അമേരിക്കയാകെ പോണോസിഗനലുകളുകൊണ്ടു നിറയുമെന്നകാര്യത്തില്‍ സംശയംവേണ്ട

 കേരളത്തില്‍നിന്നും ഒരു മല്‍സരം ഒഴിവാക്കി സമവായത്തിലൂടെ മത്സരാര്‍ത്ഥികളെ തിരഞ്ഞെടുത്തുവെന്നാണ് അറിയാന്‍ കഴിഞ്ഞത്.ഇപ്പോള്‍ പീഡനകേസുകളില്‍  ഉള്‍പ്പെട്ടവരും, തുടര്‍ച്ചയായി ഉള്‍പ്പെട്ടു കഴിവ്‌ തെളിയിച്ച വ്യക്തികളെയുമാണ് സംഘത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്... ഗോവിന്ദച്ചാമി ഉള്‍പ്പെടെയുള്ള പീഡനവീരന്മാര്‍ക്കും പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രത്യേകം തുക അനുവദിക്കാന്‍ സര്‍ക്കാരിലേക്ക് നിവേദനം അയച്ചുകഴിഞ്ഞു. ഫിലാഡല്‍ഫിയ സ്വയംഭോഗസമിതിയുടെ ഒരു ബ്രാഞ്ച് കേരളത്തിലും ഉടനെ തുറക്കാനുള്ള സാധ്യതകള്‍, ഉന്നതതലത്തില്‍ ആരായുന്നുണ്ട്. ഒബാമയുമായി ഈ വിഷയത്തില്‍ ഒരു ചര്‍ച്ച നടത്തുമെന്ന് ഇന്ത്യന്‍ സംഘത്തലവന്‍ സൂചിപ്പിച്ചു. ഇക്കാര്യത്തില്‍ മുതലിറക്കാന്‍ താല്‍പ്പര്യമുള്ളവര്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണമെന്നും പറയുന്നു. വിദേശ ഇന്ത്യക്കാര്‍ക്ക് പ്രത്യക പരിഗണനയൊന്നും ഉണ്ടായിരിക്കുന്നതല്ലായെന്നു കരടുരേഖയില്‍ പ്രത്യേകം പറയുന്നുണ്ട്. നാടുനീളെ ബീജബാങ്കുകള്‍ തുറക്കുവാനും, ബീജം കയറ്റുമതി ആരംഭിക്കാനും ആലോചനയുണ്ട്.സൗന്ദര്യവര്‍ധകവസ്തുകള്‍ നിര്‍മ്മിക്കാന്‍ പുരുഷബീജം ഉപയോഗിക്കുന്നുവെന്നു ഒരു പ്രമുഖസെക്സോളജിസ്റ്റ്‌ ഈ അടുത്തകാലത്ത് അദേഹത്തിന്‍റെ സ്വന്തം പോര്‍ട്ടലിലൂടെ വെളിപ്പെടുത്തുയുണ്ടായി.അതുകൊണ്ട് ഈ ബിസിനസിനുള്ള അനന്തസാധ്യതകള്‍ തള്ളിക്കളയാന്‍ കഴിയില്ല.

 ഇന്ത്യമുഴുവനായി നോക്കുമ്പോള്‍ സ്വയംഭോഗികളുടെ വംശം, അന്യംനിന്നു പോകുന്ന അവസ്ഥയാണെന്ന് പുതിയകണക്കുകള്‍ വെളിപ്പെടുത്തുന്നു.എല്ലാ സ്വയംഭോഗികളും പരഭോഗത്തിലെക്കു മാറിയതാണ് ഇതിനു പ്രധാനകാരണം.. ഇക്കാര്യത്തില്‍, ഇന്ത്യയില്‍ ആരേയും ഭയക്കേണ്ട ആവശ്യമില്ല, നേതാക്കളടക്കം എല്ലാ രംഗത്തുമുള്ള ആളുകള്‍ ഈ വിഷയത്തില്‍  മാതൃകകാട്ടുന്നു, ആവശ്യമായ അസംസ്കൃതവസ്തുക്കള്‍ (ഐ മീന്‍ പീഡനത്തിനുള്ള ഇരകള്‍) സുലഭം,ഒരു മൊബൈല്‍കോളിന്‍റെ മുടക്കു മാത്രംമതി.. ശിക്ഷ എന്നുപറയുന്ന ഏര്‍പ്പാടെ ഇല്ല..തുടങ്ങിയ പല അനുകൂല സാഹചര്യങ്ങളാണ് പരഭോഗത്തിന്(പീഡനം) നിലവിലുള്ളത്.. ഓരോ ഇരുപതു മിനിറ്റിലും ഇന്ത്യയില്‍ ഒരു സ്ത്രീ, പീഡനത്തിനിരയാകുന്നു എന്നാണ് കണക്ക്...

 മൂരികളെ നിലയ്ക്ക് നിറുത്തിയില്ലെങ്കില്‍, കരടികള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലായെന്നും അത്, വിപണിയിലെ സെന്‍സെക്സ്‌ എല്ലാ നിഫ്റ്റികളും തകര്‍ത്തുകൊണ്ട്, ഒരു പൊയന്റിലും ക്ലോസ് ചെയ്യാന്‍ കഴിയാത്ത അവസ്ഥ വരത്തുമെന്നുമാണ് ഈ രംഗത്തെ ഊഹക്കച്ചവടക്കാരും പറയുന്നത്. അതുകൊണ്ട് പരഭോഗത്തിനുള്ള സബ്സിഡി വെട്ടിക്കുറച്ചു സ്വയംഭോഗം പ്രോത്സാഹിപ്പിക്കണമെന്നാണ് വിദഗ്ധമതം. മന്ത്രിമാര്‍ക്കും മറ്റെല്ലാ വി.ഐ.പി കള്‍ക്കും ഇതു ബാധകമാക്കണമെന്നും പറയുന്നു.

 സമയാസമയങ്ങളില്‍ സ്വയംഭോഗിക്കാനുള്ള സാദ്ധ്യതകളുണ്ടായാല്‍, വഴിയെ കാണുന്നവരെയൊക്കെ ഭോഗിക്കാനുള്ള ഒരു ഉള്‍വിളി കുറഞ്ഞുകിട്ടുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. മാത്രമല്ല കുഞ്ഞുങ്ങളെയടക്കം, കോലില്‍ തുണിചുറ്റിയ എന്തിനെയും കാണുമ്പൊള്‍ മലവെള്ളംപോലെ കുത്തിയൊലിക്കുന്ന ആ ഒഴുക്കങ്ങ് നില്‍ക്കുകയും ചെയ്യും. പീഡനം,ബലാത്സംഗം തുടങ്ങിയ അനന്തരഫലങ്ങളും കുറഞ്ഞുകിട്ടും.. അതുകൊണ്ട് ഫിലാഡല്‍ഫിയ മാതൃകയില്‍  സ്വയംഭോഗമല്‍സരങ്ങളും പഠനശാലകളും ഇന്ത്യയിലും വിശിഷ്യാ കേരളത്തിലും സ്ഥാപിക്കണമെന്നാണ് അഭിപ്രായം.. മുന്‍കാല പരഭോഗികളെ നിര്‍ബന്ധമായും ഇത്തരം ശാലകളിലേക്ക് കൊണ്ടുവരണം. തിരെഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള യോഗ്യതകളുടെ കൂട്ടത്തില്‍ ഇതും ഉള്‍പ്പെടുത്തണം. സ്വയംഭോഗിച്ചാലെങ്കിലും നാടു രക്ഷപെടുമെങ്കില്‍ അങ്ങനെ നടക്കട്ടെ.. ഇതൊരു, തറ വേലയാണെന്നു തോന്നിയാല്‍, ഇതിനെക്കാള്‍ വലിയ കൂതറകള്‍ നിരങ്ങുന്ന ബൂലോകത്ത് ഈ തറ അങ്ങുസഹിക്കാം...

 അറുപതു വയസ്സുള്ള ഡോക്ടര്‍ തന്‍റെ രോഗിയായി എത്തിയ ഒന്‍പതുകാരിയെ പീഡിപ്പിച്ചു.അവിവാഹിതയായ പത്തൊന്‍പതുകാരി ക്ലോസറ്റില്‍ പ്രസവിച്ചു. മാതാവ് സ്വന്തം മകളെ കൂട്ടിക്കൊടുത്ത് കാശു വാങ്ങുന്നു. പിതാവ്‌ മകളെ പീഡിപ്പിക്കുന്നു.സഹോദരനും കൂട്ടുകാരും ചേര്‍ന്ന് സഹോദരിയെ പീഡിപ്പിക്കുന്നു.മുത്തച്ഛന്‍ കൊച്ചുമകളെ പീഡിപ്പിക്കുന്നു. മുലകുടിമാറാത്ത പിഞ്ചുകുഞ്ഞുങ്ങള്‍ പീഡിപ്പിക്കപ്പെടുന്നു... ഇതിലൊക്കെ പീഡനവീരന്മാര്‍ക്ക് തക്കതായ ശിക്ഷകള്‍ കൊടുക്കാന്‍ നമ്മുടെ സര്‍ക്കാരുകളും നിയമസംവിധാനങ്ങളും പരാജയപ്പെടുമ്പോള്‍............. പരഭോഗത്തിനുള്ള ആസക്തി ഇല്ലാതാക്കാനുള്ള നൂതനമാര്‍ഗ്ഗങ്ങള്‍ തേടുന്നതില്‍ തെറ്റുപറയാന്‍ കഴിയില്ല. ആസക്തി സ്വയംഭോഗിച്ചു തീര്‍ന്നാലെങ്കിലും സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും വഴിനടക്കാന്‍ കഴിയുമെങ്കില്‍ ആ വഴി നോക്കാം....... എല്ലാ കാര്യത്തിലും സായ്പിനെ കടമെടുക്കുന്ന നമ്മള്‍ക്ക് ഇക്കാര്യത്തിലും ഒരു തുറന്ന സമീപനം ആവാം.. സ്വയം നന്നാവാന്‍ തീരുമാനിക്കാത്ത കാലത്തോളം, നിര്‍ബന്ധഷണ്ഡത്വം വേണോ,,,,, അതോ സ്വയംഭോഗം മതിയോ തുടങ്ങിയ ചര്‍ച്ചകള്‍ നടത്തി നമുക്ക്‌ കാലം കഴിക്കാം..

 

Monday, May 6, 2013

ആനവണ്ടിയും കിന്നാരത്തുമ്പികളും


       


 ഇല്ലത്തെ സ്ഥിതി മഹാകഷ്ടമാണ്, അതുകൊണ്ട് നാഴി അരിക്കുള്ള വക എങ്ങനെയും കണ്ടെത്തുകയെന്ന ഉദേശ്യത്തോടെ ഇറങ്ങിയതാണ്.പക്ഷെ ഉണ്ടായിരുന്ന കോണാനും ഓലക്കുടയും ഇല്ലക്കാരുതന്നെ തല്ലിതകര്‍ത്താല്‍ എന്തുചെയ്യാന്‍ പറ്റും. ഇടിവെട്ടിയവനെ പാമ്പുകടിച്ചു, വിനാശകാലേ വിപരീത ബുദ്ധി, മോങ്ങാനിരുന്ന പട്ടിയുടെ തലേല്‍ തേങ്ങാവീണു... തുടങ്ങിയ സുകൃത ജപങ്ങളും ചെല്ലി കാശിക്കുപോകുക; അതാണ്‌ നല്ല പരിപാടി...

 നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്കുപോയി സ്ഥിതികഷ്ടത്തിലായ കെ.എസ്. ആര്‍.ടി.സി  യെ രക്ഷിക്കാനുള്ള അവസാന ശ്രമമെന്ന രീതിയിലാണ് അല്പം ന്യൂ ജനറേഷന്‍ പരസ്യങ്ങള്‍ നെഞ്ചത്ത്‌ ഒട്ടിക്കാമെന്നുവെച്ചത്. അതും സമ്മതിക്കൂലാന്നു വച്ചാല്‍ ....വര്‍ഗ്ഗശത്രുക്കളാണെങ്കില്‍ അതെങ്കിലും പറയാമായിരുന്നു. ഇതിപ്പോ താവഴി ബന്ധുക്കളുതന്നെ ഈപ്പണി ചെയ്താല്‍ എന്തുചെയ്യും...മനപൂര്‍വ്വമാണിത്...ഇമേജ് തകര്‍ക്കാന്‍ത്തന്നെയാണിത്,,ഞാ.. ട്ടാ.. പ്പാ.. മം.. മം മ്മ്... ഏത്..................

 കെ.എസ്.ആര്‍.ടി.സി യ്ക്ക്, പരസ്യം അത്ര പുതുമയൊന്നുമല്ല.പണ്ടും പരസ്യം പതിച്ച ശരീരവുമായി ഓടിയിട്ടുണ്ട്‌..സെന്റ്‌ ജോര്‍ജ്‌, പോപ്പി, ജോണ്സ് തുടങ്ങി തുണിക്കട, സിനിമ പരസ്യം ഇവയൊക്കെ ഓടുന്ന ഓട്ടത്തില്‍ കെ.എസ്.ആര്‍.ടി.സി നാടുനീളെ കാണിച്ചിരുന്നു.. ‘നാം ഒന്ന് നമുക്ക് രണ്ട്’ തുടങ്ങിയ കച്ചീട്ടും; ‘ഉറ ഉപയോഗിക്കു’ തുടങ്ങിയ ടിപ്പണികളും ആനവണ്ടി പണ്ട് കാണിച്ചിരുന്നു...ആര്‍ക്കും ഒരു പരാതിയും ഉണ്ടായിട്ടില്ല ദേ, ഇപ്പൊ ഒരു സില്‍ക്കിന്‍റെ പരസ്യം ഒട്ടിച്ചപ്പോള്‍ എല്ലാവരുംകൂടി വലിച്ചു കീറുന്നു...എന്തോന്നാണിത്...വെള്ളരിക്കാപ്പട്ടണമോ??

 പട്ടിന്‍റെ പരസ്യം കാണിക്കാന്‍ എന്തിനാ, പെണ്ണിന്‍റെ മാറിടം കണിക്ക വഞ്ചിയായും,വിശാലാര്‍ത്ഥത്തിലുള്ള പൊക്കിള്‍ച്ചുഴിയുമൊക്കെ കാണിക്കുന്നത് എന്നുചോദിച്ചാല്‍ ചുറ്റിപ്പോകും...’അത്,,, അത് അതുകൊണ്ടുതന്നെ,,,,’ തുടങ്ങിയ ഫിലോസഫിക്കല്‍ മറുപടിയായിരിക്കും കിട്ടുക..’ആരും പറയാത്ത സില്‍ക്കിന്‍റെ’ എന്തോവാണ് പരസ്യത്തില്‍ കാണിക്കുന്നത്. ഏതു സില്‍ക്ക്; എന്തു സില്‍ക്ക്‌ എന്നുള്ളത് പടംകണ്ട് തീരുമാനിക്കാം..പലര്‍ക്കും ഇഷ്ടപ്പെട്ടാലും ചിലര്‍ക്കത് ഇഷ്ടപ്പെട്ടില്ല എന്നുവേണം അനുമാനിക്കാന്‍... നിലവിളക്ക് ഏന്തിയ കേരളിയവനിതയും, ഹംസവും ദമയന്തിയും പോലുള്ള പടങ്ങളുമൊന്നും പഴയപോലുള്ള ഒരു ചലനവും ‘സ്ത്രീകള്‍ക്കിടയില്‍’ (പട്ടു വസ്ത്രങ്ങള്‍ അധികവും സ്ത്രീകളാണ്‌ ധരിക്കുക എന്നു വിചാരിക്കുന്നു.) ഉണ്ടാക്കില്ലായെന്നു കരുതിയാവണം പട്ടിന്‍റെ പരസ്യത്തിലും സ്ത്രീയുടെ നഗ്നതതന്നെ പ്രദര്‍ശിപ്പിച്ചത്..

 സഭ്യതയും അസഭ്യതയും, ശ്ലീലവും അശ്ലീലവും തമ്മിലുള്ള അതിര്‍വരമ്പുകളെക്കുറിച്ച് വമ്പന്‍ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുയാണ്.. ഇതുവരെ ഒരു തീരുമാനത്തില്‍ എത്താന്‍ കഴിഞ്ഞിട്ടില്ല..ഉടനെ ഉണ്ടാകുമെ ന്നു പ്രതീക്ഷിക്കാം..

 ഒരു വശത്ത്, റോഡിന്‍റെ വശങ്ങളില്‍ വെച്ചിട്ടുള്ള വമ്പന്‍ പരസ്യങ്ങളിലെ അശ്ലീലത കാരണം ഡ്രൈവര്‍മാര്‍ക്ക് ദൃഷ്ടിഭ്രംശം സംഭവിക്കുന്നതിനാല്‍ അപകടങ്ങള്‍ കൂടുന്നുവെന്ന റോഡ്‌ സേഫ്റ്റി കൌണ്‍സിലിന്‍റെ കണ്ടെത്തല്‍... മറുവശത്ത്, കിന്നാരത്തുമ്പികള്‍ ചിത്രങ്ങളുമായി സര്‍ക്കാരിന്‍റെ സ്വന്തം ആനവണ്ടി....രണ്ടിനുമിടയില്‍ക്കിടന്നു വിസിലടിക്കുന്ന പൊതുജനം..

 ഡ്രൈവര്‍മാര്‍ക്ക് കണ്ട്രോളുപോകുന്നതിനാല്‍, ശ്ലീലമോ അശ്ലീലമോ എന്നു തിരിച്ചുപറയാന്‍ കഴിയാത്തവിധം നയനാനന്ദകരമായ പരസ്യചിത്രങ്ങളെ കൊച്ചിയിലും പ്രാന്തപ്രദേശങ്ങളില്‍നിന്നും കെട്ടുകെട്ടിക്കാനാണ് കളക്ടറുടെ നേതൃത്വത്തില്‍ നടന്ന റോഡ്‌ സേഫ്റ്റി കൌണ്‍സിലിന്‍റെ തീരുമാനം...ഇത്തരം പരസ്യങ്ങളുള്ള സ്ഥലത്താണുപോലും ഏറ്റവുംകൂടുതല്‍ അപകടം നടക്കുന്നത്... അതുകൊണ്ട് ഇനിമുതല്‍ കമ്പനികള്‍, പരസ്യചിത്രങ്ങള്‍ സ്ഥാപിക്കുന്നതിനുമുമ്പ്‌ അതിന്‍റെ ഡ്രാഫ്റ്റ്‌ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ കാണിച്ചു അനുമതിവാങ്ങണമെന്നാണ് യോഗതീരുമാനം...മാന്യമായ വസ്ത്രധാരണം എന്നതിലേക്കുള്ള സദാചാരവാദികളുടെ ഒരു ഗൂഡാലോചന ഈ വിഷയത്തില്‍ നടന്നോ എന്നു വെറുതെ സംശയിക്കാം  സ്‌ത്രീശരിരം പൊതിഞ്ഞു വെയ്ക്കേണ്ടതല്ല തുറന്നുവയ്ക്കനുള്ളതാണെന്നും,ഓരോരുത്തനും അവനവന്‍റെ കണ്ണുകളെയാണ് നിയന്ത്രിക്കേണ്ടതെന്നും  വാദിച്ചുകൊണ്ടിരിക്കുന്ന എല്ലാ അക്ടീവിസ്റ്റുകളുടെയും പള്ളയ്ക്കൊരു കുത്താണ് ഈ തീരുമാനമെന്നതില്‍ സംശയമില്ല.ഇക്കാര്യത്തില്‍ കണ്ണടച്ചു വണ്ടിയോടിക്കാനുള്ള സാങ്കേതികവിദ്യ നിലവില്‍ ഇല്ലാത്തതുകൊണ്ട് കണ്ണിളക്കുന്ന പരസ്യങ്ങള്‍തന്നെ മാറ്റേണ്ടിവരും. അതിനെതിരെയുള്ള അലക്കുകള്‍ ഉടന്‍ പ്രതീക്ഷിക്കാം..

 ഏതായാലും പരസ്യങ്ങള്‍ പലരുടെയും കണ്ട്രോളുതെറ്റിക്കുമെന്നു ഇവിടെ ചിലര്‍ക്കൊക്കെ മനസിലായിത്തുടങ്ങിയിരിക്കുന്നു..എന്നിട്ടും നമ്മുടെ ആന വണ്ടിക്കെന്താപോലും കാര്യം തിരിയാത്തത്..ഇനിയിപ്പോ ‘എ’ പടത്തിന്‍റെ പോസ്റ്റര്‍  കണ്ടാണെങ്കിലും നാലാള് കയറട്ടെയെന്ന ഒടുക്കത്തെ ബുദ്ധിയായിരിക്കുമോ ഇതിനു പിന്നില്‍...............പോസ്റ്റര്‍ കീറിയാലും, എടുത്തു മാറ്റിയാലും; നമ്മുടെ മനസ്സ്‌ നന്നായില്ലെങ്കില്‍ ഒരു കാര്യവുമില്ല..മദ്യ നിരോധനസമരത്തില്‍ പ്രസംഗിക്കാന്‍ പോകുന്നവന്‍, രഹസ്യമായി രണ്ടു പെഗ് അടിച്ചിട്ടാണ് വേദിയില്‍ എത്തുന്നതെങ്കില്‍,  എന്തുകൊണം..    കുച്ച് .നഹീം..

Sunday, May 5, 2013

പൈലറ്റ്‌ ഉറങ്ങി; വിമാനം പറന്നു, ഞാന്‍ കരഞ്ഞു...


 
 പറക്കുന്ന വിമാനത്തില്‍ ഉറങ്ങി റെക്കോര്‍ഡിട്ട പൈലറ്റുമാരെ എയര്‍ ഇന്‍ഡ്യ സസ്പെന്‍ഡ്‌ ചെയ്തതായി വാര്‍ത്ത... ഇത്തരത്തിലുള്ള ബുദ്ധിമോശം സാധരണ എയര്‍ ഇന്‍ഡ്യയുടെ ഭാഗത്തുനിന്ന് ഉണ്ടാവാറില്ല....യാത്രക്കാരെ ആരെയെങ്കിലും കണ്ടെത്തി കുറ്റം അവരുടെമേല്‍ ചുമത്തി തടിയൂരുകയാണ് പതിവ്‌.ഇതിപ്പോ ‘പറത്തല്‍’ ആയതുകൊണ്ട് ആളെ കിട്ടിയില്ല അതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നു കരുതാം. സംഭവത്തില്‍ ‘ഓള്‍ ഇന്‍ഡ്യ വിമാനം പറത്തല്‍ അസോസിയേഷന്‍’ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.സ്വന്തം ജീവന്‍പോലും തൃണവല്ക്കരിച്ചുകൊണ്ടു പൈലറ്റുമാര്‍ നടത്തിയ ഈ പ്രകടനം എയര്‍ഇന്ത്യയുടെ വിശ്വാസ്യത വാനോളം ഉയര്‍ത്തിയെന്നും അസോസിയേഷന്‍ പത്രക്കുറുപ്പില്‍ അവകാശപ്പെട്ടു.

  നെടുമ്പാശ്ശേരിക്ക് ടിക്കറ്റ്‌ എടുത്തിട്ട് തിരുവനന്തപുരത്ത് ഇറക്കിവിട്ടതിനെ ചോദ്യംചെയ്തുവെന്ന രാജ്യദ്രോഹപരമായ കുറ്റംചെയ്ത കുറച്ചു പ്രവാസിമലയാളികളിപ്പോള്‍ പണിയെല്ലാം കളഞ്ഞു കോടതിവരാന്തവഴി നിരങ്ങുകയാണന്നാണ് അറിയുന്നത്.. ഇങ്ങനെ വളരെ നല്ല കസ്റ്റമര്‍ സര്‍വിസ് ചെയ്യുന്ന നമ്മുടെ എയര്‍ഇന്‍ഡ്യ; വിമാനത്തില്‍ ഉറങ്ങിയെന്ന നിസാരകാരണത്തിന് പൈലറ്റുമാരെ സസ്പെന്‍ഡ് ചെയ്തത് ശരിയായ നടപടിയായില്ല..പകരം ആ വിമാനത്തിലെ ഏതെങ്കിലും യാത്രക്കാരനെയായിരുന്നു സസ്പെന്‍ഡ് ചെയ്യേണ്ടിയിരുന്നത്...പൈലറ്റുമാരെ സസ്പെന്‍ഡ് ചെയ്തതിനെതിരെ എല്ലാ കലാകായിക സ്നേഹികളും ഒറ്റകെട്ടായി പ്രതിഷേധിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.പൈലറ്റുമാരുടെ ധൈര്യവും, (യാത്രക്കാരുടെ ജീവന്‍ പോട്ടെ അതിനുവലിയ വിലയോന്നുമില്ല) സ്വന്തം ജീവന്‍പോലും പണയംവെച്ചുള്ള ഈ അര്‍പ്പണമനോഭാവം കണക്കിലെടുത്ത് അടുത്ത വര്‍ഷത്തെ ധീരതയ്ക്കുള്ള മെഡലിന് ഇവരെ ശുപാര്‍ശ ചെയ്യണമെന്നാണ് ഈയുള്ളവന്‍റെ അഭിപ്രായം..

 എയര്‍ ബസ്‌ A320 വിമാനം 166 യാത്രക്കാരുമായി ബാങ്കോക്കില്‍നിന്നു ഡല്‍ഹിക്കു വരുന്നു..പറക്കുന്നത് 33000 അടി ഉയരത്തില്‍ ..ഈ സമയത്താണ് പൈലറ്റുമാര്‍ കോക്പിറ്റില്‍ നിന്നിറങ്ങി വിമാനത്തെ എയര്‍ഹോസ്റ്റസുമാരുടെ  കൈയ്യില്‍ ഏല്‍പ്പിച്ചിട്ട് ബിസിനസ്സ് ക്ലാസ്സില്‍ക്കിടന്നുറങ്ങി  ധീരതകാട്ടിയത്...   വല്ല, എയര്‍പ്പോക്കറ്റിലും വീണിരുന്നുവെങ്കില്‍ എല്ലാംകൂടി ചാക്കിനകത്ത് വാരിക്കെട്ടാമായിരുന്നു.. പത്രങ്ങള്‍ക്ക് രണ്ടു ദിവസം വാര്‍ത്തയും കിട്ടും. ഒരുപക്ഷെ ലോകത്ത് ഇന്ത്യക്കാര്‍ക്ക് മാത്രം ചെയ്യാന്‍ പറ്റുന്ന ഒരു പ്രകടനമാണിത്..ഇതിനെ നമ്മള്‍ കുറച്ചു കാണരുത്...നമ്മുടെ ധീരതയുടെ അടയാളമായി ഇതിനെ വാഴ്ത്തണം.. ചൈനയിലും പാക്കിസ്ഥാനിലും ഇതിന്‍റെ വീഡിയോടേപ്പുകള്‍ വിതരണം ചെയ്യണം; അവരുകണ്ടു പേടിക്കട്ടെ... വിമാനകമ്പനി പോലും പല പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും നിറയെ യാത്രക്കാരുമായി ഇങ്ങനെ ഒരു ചലഞ്ച് ഏറ്റെടുത്തിട്ടില്ലായെന്നാണു അറിയാന്‍ കഴിഞ്ഞത്.. യാത്രക്കാരുമായി പറക്കുമ്പോള്‍ പൈലറ്റ്‌ ഉറങ്ങാന്‍ പോകുക, പകരം ചായ വിതരണക്കാരനെക്കൊണ്ട് വിമാനം പറത്തിക്കുക, ലെവന്‍ അവിടെയുമി വിടെയുമൊക്കെ പിടിച്ചു ഞെക്കുക... എന്നിട്ടും വിമാനം താഴെപ്പോകാതെ പറക്കുക..വിമാനക്കമ്പനിയ്ക്ക് ഈ വാര്‍ത്ത, ഒരു പരസ്യമായി പ്രമോട്ട് ചെയ്യാവുന്നതാണ്.....

 മൊത്തത്തില്‍ നോക്കുമ്പോള്‍ ഈ സംഭവത്തിനു വലിയ പുതുമയൊന്നുമില്ല. കാരണം, രാജ്യം ഇന്‍ഡ്യയാണ്..വിമാനക്കമ്പനി നമ്മുടെ എയര്‍ ഇന്‍ഡ്യ യുമാണ്.. അതുകൊണ്ട് ഇതിലും കൂടുതല്‍ സംഭവിച്ചില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ.. ഇനിയിപ്പോ വിമാനം എവറസ്റ്റില്‍ ഇറക്കി എന്നുകേട്ടാലും ഞെട്ടേണ്ട....പണ്ടൊരുനാള്‍ ഗള്‍ഫ്‌ യാത്രയ്ക്കിടെ പൈലറ്റും എയര്‍ഹോസ്റ്റസ്സും തമ്മില്‍ കോക്പിറ്റില്‍ വെച്ച് മുട്ടന്‍ അടി നടത്തിയെന്നും വിമാനം ഏതാണ്ട് അരമണിക്കൂറോളം ആരും നിയന്ത്രിക്കാനില്ലാതെ പറന്നുവെന്നും വാര്‍ത്തവന്നിരുന്നു..എന്നിട്ട് എന്തെങ്കിലും സംഭവിച്ചോ..ആ പൈലറ്റിനെ ഇപ്പോള്‍ മുന്തിയ വിമാനം പറപ്പിക്കാന്‍ വിട്ടുകാണാനാണ് സാധ്യത...ഇതൊക്കെ ഇവിടെ സ്ഥിരം ഏര്‍പ്പാടാണ് പുള്ളേ...

 അമ്മയുടെ അടിയന്തരം കൂടാന്‍ വരുന്നവനും, കടിഞ്ഞൂല്‍ കണ്മണിയെ കാണാന്‍ വരുന്നവനും, കല്യാണം നടത്താനും, കഴിക്കാനും വരുന്നവരും, നാട്ടുകാരെയും വീട്ടുകാരെയും കാണാന്‍ വരുന്നവരും..ദീര്‍ഘകാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ച്‌ അല്പകാലം നാടിന്‍റെ ശുദ്ധവായു ശ്വസിക്കാന്‍ വരുന്നവരും അങ്ങനെ ഒരായിരം ആവശ്യങ്ങള്‍ക്കായി ഒന്നിച്ചുദൈവത്തെ വിളിക്കുന്ന ഒരുകൂട്ടം മനുഷ്യരാണ് ഇങ്ങനെ സ്വയം പറന്നുവരുന്ന വിമാനങ്ങളിലുള്ളത്.. അവരുടെ പ്രാര്‍ത്ഥന കേള്‍ക്കുന്ന പടച്ചതമ്പുരാനാണ് ഈ ശകടത്തെ താഴെവീഴാതെ ഇവിടെ ഇറക്കുന്നതെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞു...

 ഓട്ടോപൈലറ്റ്‌ ബട്ടന്‍ ഞെക്കിയാല്‍ ഇവന്‍ തന്നെ പറന്നോളുമത്രേ; എന്നാലും പൈലറ്റ്‌ കോക്പിറ്റില്‍ വേണമെന്നുതന്നെയാണ് നിയമം.അത് നിയമം. നിയമം നമ്മളെ സംബന്ധിച്ചേടത്തോളം ലംഘിക്കപ്പെടാനുള്ളതാണ്, അതുകൊണ്ട് പൈലറ്റ്‌ വേണമെന്നില്ല..പകരം ആരേലും അവിടെ ഇരുന്നാല്‍ മതി..പണിപഠിക്കാനുള്ളവര്‍ക്ക് പണിപഠിക്കാം, ആശാന്മ്മാര്‍ക്ക് എന്തെങ്കിലും കൊടുത്താല്‍ മതി. നമ്മുടെ നാട്ടിലൊക്കെ ഒരുവന്‍ ഡ്രൈവറാകുന്നതു എങ്ങനെയാ..... ആദ്യം വണ്ടി കഴുകാന്‍ പോകും, പിന്നെ ടയര്‍ ഊരും, പിന്നെ സ്റ്റാര്‍ട്ടാക്കും, പിന്നെ തിരിച്ചുവയ്ക്കും പിന്നെപിന്നെ കിളിയാകും അങ്ങനെ മെല്ലെമെല്ലെ ഒരു നാള്‍ ഡ്രൈവറാകും..ആ പൈലറ്റുമാരും ആദ്യം വിമാനം തുടയ്ക്കാന്‍ കയറി, പിന്നെ അകത്തു ചായവിതരണം നടത്തി, ആശാന്ചായ കുടിക്കുമ്പോള്‍ പതുക്കെ കണ്ട്രോള്‍ കയ്യിലെടുത്ത്,,, അങ്ങനെ അങ്ങനെ ഒരുനാള്‍ തൊപ്പിവച്ചു പൈലറ്റായവരായിരിക്കും..അവര്‍ തിയറി പഠിച്ചിട്ടില്ല; പ്രാക്ടിക്കല്‍ മാത്രം പാസായവരായതിനാല്‍ പ്രാക്ടിക്കലായി ചിന്തിക്കും...അവര്‍ക്ക് മടുക്കുമ്പോള്‍  അടുത്ത ചായവിതരണക്കാര്‍; തെറ്റുധരിക്കേണ്ട എയര്‍ഹോസ്റ്റസുകള്‍  വിമാനം പറത്തും.. ഇതു കണ്ടുനിന്നവരാരോവാണിത് പ്രശ്നമാക്കിയതുപോലും; മൂപ്പര്‍ അറിയുന്നുണ്ടോ ഇത് ഈ റൂട്ടിലെ സ്ഥിരം പരിപാടിയാണെന്ന്...പിന്നെ കോക്പിറ്റില്‍ ഇരുത്തിയ ഹോസ്റ്റസ് പിള്ളേര്‍ അരുതാത്ത എവിടെയോകേറി ഞെക്കിയെന്നും വിമാനം ഓട്ടോയില്‍നിന്നു മാന്വലായെന്നും ഉറങ്ങിയ പൈലറ്റുമാര്‍ ഉണര്‍ന്നാണ് കുഴപ്പം ഒഴിവാക്കിയതെന്നും പറയുന്നു... ചുരുക്കത്തില്‍ പറഞ്ഞാല്‍ ആയുസ്സിന്‍റെ ബലംകൊണ്ടു രക്ഷപ്പെട്ടുവെന്നു കൂട്ടിയാല്‍മതി.പിന്നെ നമ്മള്‍ ഇന്ത്യക്കാര്‍ പൊതുവേ സാഹസികതല്പ്പരരായതിനാല്‍; നോ പ്രോബ്ലംസ്..

 പൈലറ്റുമാര്‍ക്ക്ക്ഷാമമുള്ള നമ്മുടെ നാട്ടില്‍ ഇതൊരു തിരിച്ചറിവായിരിക്കണം.... സംഗതിയൊന്നു പൊങ്ങിക്കിട്ടിയാല്‍പ്പിന്നെ പൈലറ്റിനെ ആവശ്യമില്ല.. ഓട്ടോയില്‍ ഇട്ടാല്‍മതി താനെ പൊയ്ക്കോളും; അതുകൊണ്ട് പൊങ്ങിയാല്‍ ഉടനെ അവരോട് പാരച്യൂട്ടില്‍ താഴേക്ക്‌ ചാടാന്‍ പറയണം. വിമാനം എയര്‍ഹോസ്റ്റസ്‌സുകള്‍ ഊഴമിട്ട് പറത്തിക്കോളും..ഇറങ്ങാന്‍, വല്ല കുളത്തിലോ പുഴയിലോ ഇറക്കിയാല്‍ മതി. ഒന്നു കുളിച്ചു കയറാമല്ലോ..അങ്ങനെ വരുമ്പോള്‍ ഒന്നോരണ്ടോ പൈലറ്റുമാര്‍ മതി കാര്യങ്ങള്‍ നടക്കാന്‍. അവരെ എയര്‍പ്പോര്‍ട്ടില്‍ത്തന്നെ ഇരുത്തിയാല്‍ മതിയാകും..സമരമോ, ജോലിസമയം കഴിഞ്ഞുവെന്നുള്ള പരാതിയോ, ഒന്നും പേടിക്കേണ്ട..പിന്നെ, ടിക്കറ്റ്‌ എടുക്കുമ്പോള്‍ കോക്പിറ്റില്‍ കയറാനുള്ള പാസ്സ് എന്ന രീതിയില്‍ ചെറിയൊരു തുക മുടക്കാന്‍ നമ്മളും തയ്യാറാണ്..കുറച്ചുനേരം നമ്മക്കും ചുമ്മാ പറത്തിക്കളിക്കാമല്ലോ..

 

Friday, May 3, 2013

സരബ്ജിത് വീരപുത്രന്‍!!! അപ്പൊ, ഈ ഞാനോ.????





       മമ്മീ, ഈ അമ്മാവന്‍ പറയുന്നുകേട്ടോ.... സരബ്ജിത്‌  ഇന്ത്യയുടെ വീര പുത്രനാണെന്ന്!!!!!!! അപ്പോ, ഈ ഞാനോ ...  ഞാനല്ലേ ആ വീരപുത്രന്‍ ............ഈ കിളവന് വട്ടുപിടിച്ചോ..  മമ്മീ,, മമ്മീ,,,, ആരവിടെ.... ആരുമില്ലേ ഇവിടെ എനിക്കൊരു  ഗ്ലാസ് അമൂല്‍ കലക്കിത്തരാന്‍.............

    ആരാ.. അവിടെക്കിടന്നു കീറുന്നേ..........

   ഹയ്യോ, ഡോള്‍ബി മോനോ......... എന്താ മോനെ കരയുന്നേ...

   ആരാ മമ്മി.....ഇന്ത്യയുടെ വീരപുത്രന്‍

     മോനല്ലാതെ ആരാ ............

     എന്നിട്ടാ....ആ, കിളവന്‍ പറഞ്ഞത് സരബ്ജിത്താണെന്ന്..

  മോനെ,, അത്, ആ പണ്ടാരം പിടിച്ച അടിയാന്മാരെ ഒന്നൊതുക്കി നിറുത്താനല്ലേ... .. പണ്ടത്തെപോലെയല്ല ജന്മിമാരൊടോന്നും അടിയാന്മാര്‍ക്ക് പഴയ കൂറില്ല..... പോരാത്തതിന് ആം ആദ്മി ................പോലുള്ള തെമ്മാടി കൂട്ടങ്ങളും രംഗത്തുണ്ട്..  അതുകൊണ്ട് മാമന്‍ ഒരു കളി കളിച്ചതല്ലേ....മോന്‍ പേടിക്കേണ്ട...... മോന്‍ തന്നെയാണ് വീരപുത്രന്‍ ............മോനെ വീരപുത്രനാക്കാനല്ലേ മമ്മി ഇങ്ങനെ കഷ്ടപ്പെടുന്നത്...പക്ഷെ ഈ തെണ്ടി പരിഷകളെല്ലാം വലിഞ്ഞുകേറിവന്നാല്‍; നമുക്കീ തറവാട് വിട്ടു പഴയ ഇല്ലത്തെയ്ക്ക് മാറേണ്ടിവരും....അതിനു ഇടയാക്കരുത്...

   ക്രീര്ര്‍ കീര്‍ ക്ട് ക്ട് ടെര്ര്ര്ര്ര്ര്ര്ര്ര്ര്ര്‍ .................

   മോനെന്താ പല്ലുകടിക്കുന്നത് വിരമരുന്നു കഴിക്കുന്നില്ലേ............

   അയ്യോ, അതുഞാന്‍ ഗര്ജിക്കുന്നതാണ്................എനിക്ക് രാജാവാകണം

    മോന്‍വന്ന്‍ അമൂലുകുടിച്ചു വേഗം റെഡിയാകൂ...........

 ആ സരബ്ജിത്‌ സിങ്ങിന്‍റെ ബോഡി ഇപ്പൊ കൊണ്ടുവരും....അവിടെ പോയി നന്നായൊന്നു കരഞ്ഞേച്ചു വാ ................വണ്ടിക്കൂലിക്കുള്ള കാശോക്കെ എടുത്തില്ലേ..............മറക്കരുത് പോകുന്ന വഴിക്ക് വല്ല പെട്ടിക്കടയിലും കയറി കോലുമുട്ടായിയും നുണഞ്ഞു നില്ക്കരുത്..പരിപ്പുവട കണ്ടാല്‍ വാങ്ങാന്‍ ഓടരുത്..സോഡാസര്‍ബത്ത് ഇന്നുകഴിക്കേണ്ട കേട്ടല്ലേ......ഇന്ന്, ഒണ്‍ലി കരച്ചില്‍ മാത്രമേ കാണിക്കാവൂ...

 കുറച്ചു ഗ്ലിസറിന്‍ കൂടി കരുതിക്കോളൂ...... കരച്ചില്‍ വരുന്നില്ലേല്‍ പഞ്ഞിയില്‍ മുക്കി കണ്ണില്‍ തേച്ചോളണം പറഞ്ഞേക്കാം...

  നീയവിടെ പൌഡറിട്ടു കളിക്കുവാ,,,, വേഗം ചെല്ല്... ഇല്ലേല്‍ വല്ലവനും കയറി കെട്ടിപ്പിടുത്തം തുടങ്ങും...പത്രക്കാരൊക്കെ റെഡിയായി നില്‍ക്കുവാ............. ദൂരദര്‍ശനില്‍ ലൈവ് കരച്ചിലും കെട്ടിപ്പിടുത്തവും  കൊടുക്കാന്‍ പറഞ്ഞിട്ടുണ്ട്...

സരബ്ജിത്തിന്‍റെ ഭാര്യയെയും മക്കളെയും വെവ്വേറെ കെട്ടിപ്പിടിക്കണം... പറ്റുമെങ്കില്‍ ഷാളുകൊണ്ട് കണ്ണിരോപ്പണം..കൂട്ടത്തില്‍ പൊട്ടിക്കരയണം... അറിയാമല്ലോ കാര്യങ്ങള്‍ ..നവരസങ്ങളും നന്നായി പഠിക്കണമെന്ന് പറഞ്ഞത് ഇതിനാ....

എന്നാ മോന്‍ വേഗം ചെല്ല്...... അമ്മാവന്‍ വെറുതെ കൈ പൊക്കുക മാത്രമേയുള്ളൂ... വായ്‌ തുറക്കരുതെന്ന് പ്രത്യേകം വിപ്പ് കൊടുത്തിട്ടുണ്ട്‌... അങ്ങേര്, ഇടയ്ക്കെവിടെയെങ്കിലും നിന്നുപോയാല്‍ ഒന്നു കീ കൊടുത്തേക്കണം... മറക്കരുത്............പിന്നെ കാര്യമൊക്കെ ശരിയാണ്; നമ്മുടെ തടി നമ്മളുനോക്കിക്കോളണം. ആ കരീമ്പൂച്ച ചെക്കന്മാരുടെ കണ്‍വെട്ടത്തുനിന്നു മാറിയെക്കരുത്..............അഥവാ കെട്ടിപിടിക്കാന്‍ ഇറങ്ങുന്നുണ്ടെങ്കില്‍ അവരോട്‌ ആദ്യമേ പറഞ്ഞേക്കണം....കേട്ടല്ലോ ...

       ഉവ്വ് ഉവ്വ് ........

    വാ, വന്നു അമൂല് കുടിക്ക് തണുത്തുപോകും................

     കലങ്ങീ,,,,ല്ലാ...............

 നീയെന്താ അരശുംമൂട്ടില്‍ അപ്പുകുട്ടന്‍ കളിക്കുവാ...............വേഗം പോകാന്‍ നോക്ക്...പഞ്ചാബിലെക്കുള്ള വിമാനം റെഡിയായി.................

      കമോണ്‍ ഫാസ്റ്റ് ബേബി.......................

  ഇരുപത്തിരണ്ടു വര്‍ഷമായി ജയിലില്‍ കിടക്കുന്നു...ഒരുത്തനും തിരിഞ്ഞു നോക്കിയില്ല...ഇപ്പൊ ആളെ ലെവന്മാര് തല്ലികൊന്നപ്പോ ശവത്തിനു വില പറയാന്‍ ചെന്നിരിക്കുന്നു..............ജീവിച്ചിരുന്നപ്പോള്‍ വെറും തടവുകാരന്‍ കൊല്ലപ്പെട്ടപ്പോള്‍ വീരപുത്രന്‍....സരബ്ജിത്തിന്‍റെ ജീവനല്ല..ശവമാണ് നമ്മുടെ നേതാക്കള്‍ ആഗ്രഹിച്ചിരുന്നതെന്നതിനു ഇതില്‍ക്കൂടുതല്‍ എന്തുതെളിവ്‌ വേണം..

 1990ല്‍ പഞ്ചാബ് പ്രവിശ്യയില്‍ നടന്ന സ്ഫോടനക്കേസില്‍ പങ്കുണ്ടെന്നാരോപിച്ചാണ് സരബ്ജിത്തിനെ പാകിസ്ഥാന്‍ അറസ്റ്റുചെയ്തത്. മദ്യലഹരിയില്‍ അബദ്ധത്തില്‍ അതിര്‍ത്തി കടന്ന സരബ്ജിത്തിനെ ആളുമാറിയാണ് അറസ്റ്റുചെയ്തതെന്ന അദ്ദേഹത്തിന്റെ കുടുംബത്തിന്‍റെ വാദം പാകിസ്ഥാന്‍ അംഗീകരിച്ചില്ല. തുടര്‍ന്ന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സരബ്ജിത് 22 വര്‍ഷം പാക് തടവറയില്‍ കഴിഞ്ഞു. എന്നിട്ടും നയതന്ത്ര ഇടപെടലുകള്‍ വഴി സരബ്ജിത്തിന് നീതി ലഭ്യമാക്കാന്‍ ഇന്ത്യന്‍ അധികൃതര്‍ ഒരു ശ്രമവും നടത്തിയില്ല. പാക് സുപ്രീംകോടതിയും പട്ടാളഭരണാധികാരി പര്‍വേസ് മുഷറഫും ദയാഹര്‍ജിയും തള്ളി. 2008ല്‍ അധികാരത്തില്‍ വന്ന പിപിപി സര്‍ക്കാരാണ് വധശിക്ഷ നടപ്പാക്കുന്നത് അനിശ്ചിതകാലത്തേക്ക് നീട്ടിവച്ചത്...............

 പാകിസ്താനിലെ കോട് ലോക്പത് ജയിലില്‍ നാലുമാസത്തിനിടെ കൊല്ലപ്പെട്ട രണ്ടാമത്തെ ഇന്ത്യക്കാരനാണ് സരബ്ജിത്ത് സിങ്. ഉന്നത സുരക്ഷാ സജ്ജീകരണങ്ങളുണ്ടെന്ന് പാകിസ്താന്‍ അവകാശപ്പെടുന്ന ഈ ജയിലില്‍ കഴിഞ്ഞ ജനവരി 15-ന് ചമേല്‍ സിങ് എന്ന ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടിരുന്നു. അതും സരബ്ജിത്സിങ് കൊല്ലപ്പെട്ടതിന് സമാനമായ രീതിയില്‍.

  ജമ്മുകശ്മീരിലെ പര്‍ഗ്വാള്‍ സ്വദേശിയായ ചമേല്‍ സിങ്ങിനെ ചാരപ്രവര്‍ത്തനം ആരോപിച്ച് 2008-ലാണ് പിടികൂടിയത്. അറുപതുകാരനായ അദ്ദേഹത്തിന്‍റെ ശിക്ഷാകാലാവധി കഴിയാനിരിക്കെയാണ് കൊല്ലപ്പെട്ടത്. ഹൃദയാഘാതംമൂലമാണ് ചമേല്‍ സിങ് മരിച്ചതെന്നായിരുന്നു ജയില്‍ അധികൃതരും സര്‍ക്കാറും ആദ്യം നല്‍കിയ വിശദീകരണം.

 ജയില്‍ ജീവനക്കാര്‍ മര്‍ദിച്ചതാണ് മരണകാരണമെന്ന് ജയില്‍ മോചിതനായ തെഹസിന്‍ ഖാന്‍ എന്നയാള്‍ വെളിപ്പെടുത്തിയതോടെയാണ് സത്യം പുറത്തായത്. മര്‍ദനത്തെത്തുടര്‍ന്നാണ് ചമേല്‍ സിങ് കൊല്ലപ്പെട്ടതെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പിന്നീട് ചിലപത്രങ്ങളും പുറത്തുവിട്ടു. എന്നാല്‍ സംഭവം നടന്ന് നാലുമാസം കഴിഞ്ഞിട്ടും ഈ റിപ്പോര്‍ട്ട് ഇന്ത്യക്ക് ഔദ്യോഗികമായി നല്‍കിയിട്ടില്ല.ഇതിനെതിരെ ശക്തമായ ഒരു പ്രതിഷേധം അറിയിക്കാനോ വിഷയം അന്താരാഷ്ട്രശ്രദ്ധയില്‍ കൊണ്ടു വരാനോ സരബ്ജിത്സിങ്ങിനു വേണ്ടി ഇപ്പോള്‍ മുതലക്കണ്ണിരൊഴുക്കുന്ന നമ്മുടെ നേതാക്കള്‍ഇതുവരെ തയ്യാറായില്ല എന്നതാണ് വാസ്തവം..

 വിദേശ രാജ്യങ്ങളില്‍ ജയിലില്‍ക്കിടക്കുന്ന ഇന്ത്യാക്കാര്‍ക്ക് വീരപുത്രരാകാന്‍ ഇതാ ഒരു അവസരം...നിങ്ങള്‍ മോചനത്തിനായി മുറവിളി കൂട്ടാതെ എത്രയുംവേഗം അവിടെക്കിടന്നു ചാകാന്‍ നോക്കൂ...സഹതടവുകാര്‍ക്ക്‌ കൈക്കൂലി കൊടുത്തിട്ടാണെങ്കിലും തലയ്ക്കു അടിവാങ്ങി ചാകൂ..ഞങ്ങള്‍ നിങ്ങളെ വീരപുത്രരാക്കാം..........നിങ്ങളുടെ ശവം കൊണ്ടുവരാന്‍ വിമാനം അയക്കാം..സംസ്കാരത്തിന് ഔദ്യോഗിക ബഹുമതികള്‍ നല്‍കാം....എന്താ പോരെ....

ഉണ്ടയില്ലാത്ത തോക്കും ആകാശത്തെയ്ക്കുള്ള ആചാരവെടികളും നിങ്ങള്‍ക്ക്...  വീടിനുചുറ്റും മതിലും കരിമ്പൂച്ചകളുടെ കാവലും ഞങ്ങള്‍ക്ക്...കാരണം മറ്റൊന്നുമല്ല ഞങ്ങള്‍ക്ക് വീരപുത്രരാവേണ്ട അതു തന്നെ..................

Thursday, May 2, 2013

പവര്‍കട്ട് സമയത്തെ കൃഷിരീതികള്‍....



 

 വിദ്യാധരന്റെ വ്യാകുലചിന്തകള്‍

  നമ്മുടെ ബഹുമാന്യരായ മന്ത്രിമാര്‍ ലൈറ്റിട്ടു വെളിച്ചത്തുജീവിക്കുന്നത്, ചിലര്‍ക്കൊന്നും തീരെ പിടിക്കുന്നില്ല.ഓരോ മാസത്തെയും കറന്‍റ്‌ ബില്ലാണ് പൊക്കിപ്പിടിക്കുന്നത്.അവരുടെ കായ്‌,,, അവരുടെ വീട്,,, അവരുടെ കറന്‍റ്‌,,പിന്നെ നമ്മളെന്തിനു വെറുതേ ഭയക്കുന്നു..?   ശരിയല്ലേ..?? നമ്മുടെതാന്നു പറയാന്‍ രേഖ വല്ലതും കൈയ്യിലുണ്ടോ....?ഉണ്ടേല്‍ കാണിക്ക്..? ബില്ല് കഴിഞ്ഞ തവണത്തേക്കാള്‍ കൂടിപോലും....  കൂടലല്ലാതെ  കുറയലൊന്നും ഒരുകാലത്തും സംഭവിക്കില്ല .   ‘…ഭരണം…’എന്നൊക്കെ പറഞ്ഞാല്   ഇങ്ങനെതന്നെയാണ്. രാജാവിന് എന്തുമാകാം ആരും ചോദിക്കില്ല. അഥവാ ചോദിക്കാന്‍ പാടില്ല..കാരണവര്‍ക്ക് അടുപ്പിലും അപ്പിയിടാം  എന്നല്ലേ പ്രമാണം.... ഇതൊക്കെ അറിയാവുന്നവരുതന്നെ; കണ്ടോ,,, കണ്ടോ... ധൂര്‍ത്ത്... എന്നുപറഞ്ഞു പൊക്കിപ്പിടിച്ചാല്‍, ഞങ്ങള്‍ പാവം ജനങ്ങള്‍ എന്നാ ചെയ്യാനാ..  വല്ലതും ചെയ്യാന്‍പറ്റുമോ..ഇല്ല...നാളെ സെക്രട്ടറിയേറ്റിലേക്ക് ഇതില്‍ പ്രതിക്ഷേധിച്ച് ഒരു മാര്‍ച്ചുനടത്താം എന്നു വിചാരിച്ചാല്‍ നടക്കുമോ? വെറുതെ പോലിസിന്‍റെ തല്ലുകൊള്ളാം എന്നതൊഴിച്ചാല്‍ വല്ലതും സംഭവിക്കുമോ .....വോട്ടു കഴിഞ്ഞാല്‍ അവിടെത്തീര്‍ന്നു ജനാധിപത്യം. അതുകൊണ്ട് നമുക്ക്‌ മന്ത്രിമാര്‍ക്ക് അനുഭാവം പ്രഖ്യാപിക്കാം.....

    മൂന്നാലുകോടി ജനങ്ങളുടെ കാര്യംനോക്കുന്ന ആളുകളാ... പകല് ‘വര്‍ക്ക്’ തീരാത്തതുകൊണ്ടാണ്, രാത്രിയിലും ബള്‍ബിട്ട് കാര്യം നടത്തുന്നത്. അതിനെയാണ് മാധ്യമശിങ്കങ്ങള്‍ വലിയ അപരാധമായി പറയുന്നത്.കൃഷി മന്ത്രിയാണ് ഏറ്റവുംകൂടുതല്‍ ബില്ലടയ്ക്കുന്നതുപോലും..ഫൂള്‍സ്................. സെക്രട്ടറിയേറ്റ്‌ പരിസരത്തെ കൃഷിനിലങ്ങള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ...തെങ്ങും, കവുങ്ങും, മാവും, പ്ലാവും ഇടതിങ്ങിവളരുന്ന കാര്‍ഷികചാരുത നിറഞ്ഞ ഏക്കറുകള്‍............. കേരളത്തനിമ പ്രകടമാക്കുന്ന നെല്‍പ്പാടങ്ങള്‍............ കാന്റിനിലേക്കുള്ള പച്ചക്കറിവരെ  ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറിത്തോട്ടങ്ങള്‍.... ഇതിനൊക്കെ തളിക്കാനുള്ള വെള്ളം കരമനയാറ്റില്‍നിന്നും വലിച്ചു കയറ്റണമെങ്കില്‍ പഴയ പാളയുംകയറും, തേവുകുട്ടയും മതിയെന്നാ,,, ഫൂള്‍സ് വിചാരിച്ചിരിക്കുന്നത്. പതിനഞ്ചു എച്ച്.പി യുടെ മോട്ടറാ ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്നത്; അറിയാമോ....ഇതൊക്കെ ആരാ നടത്തുന്നത്? നമ്മുടെ കൃഷിമന്ത്രി..അല്ലാണ്ടാരാ...... ആ മന്ത്രിയേയാണ്; നിങ്ങ, മാധ്യമങ്ങള്‍ കുറ്റം പറയുന്നത്....ഞങ്ങ, സഹിക്കില്ല കേട്ടോ...

 ബില്ല് കൃത്യമായി അടയ്ക്കുന്നില്ലേ..!! ഏതു സ്ലാബിട്ടാലും,ഇട്ടില്ലെങ്കിലും, എത്ര കൂട്ടിയാലും, യൂണിറ്റിനു ആയിരം വേണമെന്ന് പറഞ്ഞാലും അടയ്ക്കുന്നില്ലേ..?(ആരുടെ കീശയില്‍ നിന്നാണെന്നുള്ള കാര്യം അവിടെ നില്‍ക്കട്ടെ അതിനിവിടെ പ്രസക്തിയില്ല) ......എന്താകാര്യം കെ.എസ്.ഇ.ബി- യെ രക്ഷിക്കാന്‍.... അതാണ്‌,,,, അതാണുരാജ്യസ്നേഹം.....ആദ്യത്തെ മുന്നൂറുയൂണിറ്റുവരെ ചെറിയതുകയേ ആകൂ. എന്നാലോ, അതിനുമുകളിലേക്കും അതേ കറന്‍റ്‌ തന്നെയാണ് ഉപയോഗിക്കുന്നത്. വോള്‍ട്ടേജിലും ആമ്പിയറിലും ഒരു വിത്യാസവുമില്ല. പക്ഷെ ബില്ല് കൂടും. അങ്ങനെവരുമ്പോള്‍, അധികതുക ആര്‍ക്കുകിട്ടും? ബോര്‍ഡിനു കിട്ടും... അങ്ങനെ ചെറിയ പൈസയുടെ സാധനം വലിയവിലയ്ക്ക് വാങ്ങി ഉപയോഗിക്കുമ്പോള്‍ ബോര്‍ഡിനു ലാഭംകൂടുന്നു. അങ്ങനെ കടംകൊണ്ട് കുത്തുപാളയെടുത്തുകിടക്കുന്ന ബോര്‍ഡിനെ രക്ഷിക്കാന്‍ മന്ത്രിമാരുടെ വക ഒരു എളിയശ്രമം.....അത്രയേയുള്ളു........ആ, ഉദാരവല്‍ക്കരണത്തെയാണ് ....ധൂര്‍ത്ത്‌... ധൂര്‍ത്ത്‌.... എന്നൊക്കെപ്പറഞ്ഞുകൊണ്ട് മാധ്യമമൂരാച്ചികള്‍ കരി വാരിത്തേയ്ക്കുന്നത്. മുല്ലപ്പെരിയാര്‍ വെള്ളപ്രശ്നത്തില്‍, ഇവിടുത്തെ ചില മാധ്യമയൂദാസുകള്‍ കേരളത്തെ ഒറ്റുകൊടുത്തുവെന്ന പ്രശ്നത്തില്‍, പോലിസ്‌ അന്വേഷണം നടക്കുകയാണ്..അപ്പൊ അതിനെ ഒതുക്കാന്‍ നമ്മള്‍ ഇങ്ങനെ ചില ബില്ലുമായി ഇനിയും വരും...അത്രയേയുള്ളു.

  നിങ്ങള്, ട്വന്റിഫോര്‍ അവറും ധൈര്യമായി ലൈറ്റ്‌ കത്തിച്ചോ മന്ത്രിമാരെ.. ഞമ്മക്കിപ്പോ ഇതൊരു പ്രശ്നമേ അല്ല..വെളിച്ചം ദുഖമാണുണ്ണി ഇരുട്ടല്ലോ സുഖപ്രദം എന്നല്ലേ.....

 തമസ്സാണ് ഞമ്മക്കുസുഖപ്രദം... പക്ഷെ ഒരു കാര്യം പറഞ്ഞേക്കാം.. ജനസംഖ്യ നൂറ്റിയിരുപത്തിയൊന്നുകോടി കഴിഞ്ഞുവെന്നും പറഞ്ഞു, നമ്മുടെ മേലെ മെക്കിട്ടു കേറാനൊന്നും പാടില്ല. ഇരുട്ടിന്‍റെ സുഖങ്ങള്‍ ആസ്വദിക്കുമ്പോള്‍ അങ്ങനെ ചില പെരുക്കങ്ങളും ഉണ്ടാകും...നെവെര്‍ മൈന്‍ഡ്‌,,,,,, ഈസ്‌ എ നാച്ചുറല്‍ പ്രോസസ്സ്... ഓക്കേയ്..........................

 പകലുമുഴുവന്‍ കറണ്ടില്ലെങ്കിലും പ്രശ്നമില്ല. പക്ഷെ രാത്രി കറണ്ടില്ലാതെ എങ്ങനെ ജീവിക്കും..പാട്ടവിളക്ക് കത്തിക്കാമെന്നുവച്ചാല്‍ അടുപ്പിലൊ ഴിക്കാനുള്ള മണ്ണെണ്ണപോലും കിട്ടുന്നില്ല. മെഴുകുതിരി വാങ്ങുന്നതിനേക്കാള്‍ ലാഭം ഒരു ജനറേറ്റര്‍ വാങ്ങുന്നതാണ്. അതുകൊണ്ട് ഇരുട്ടുവീഴുമ്പോഴെ, ഉള്ള കഞ്ഞിംചമ്മന്തിയും കഴിച്ച്, പായ്‌ വിരിക്കും...പിന്നെ ഉറക്കം വരേണ്ടേ...... ഉഷ്ണവുംചൂടും സഹിച്ചു തിരിഞ്ഞുംമറിഞ്ഞും കിടക്കുമ്പോള്‍ കഴിഞ്ഞ സീരിയലിലെ ലാസ്റ്റ്‌ എപ്പിസോഡ് ഓര്‍മ്മവരും...അയല്‍ക്കാരന്‍റെ ഭാര്യയുമായി അവിഹിതം നടത്താന്‍ രാത്രിയില്‍ വേലിചാടുന്ന ‘ശംഖുപുഷ്പത്തിലെ വാസവന്‍’...... കാമുകിയെ ബലാത്സംഗം ചെയ്യുന്ന ‘പാരിജാതത്തിലെ നാണപ്പന്‍’...... പ്രേമിച്ച പെണ്ണുമായി ഒളിച്ചോടി ആദ്യരാത്രി ആഘോഷിക്കുന്ന ‘കുത്തുവിളക്കിലെ പങ്കജാക്ഷന്‍’.... ഇവരൊക്കെ ആവേശിക്കാന്‍ തുടങ്ങും... പിന്നെ, തട്ടിയുംമുട്ടിയും കഥയിലെ രാജകുമാരനും രാജകുമാരിയും ഒന്നാവാന്‍ വലിയതാമസ്സം വരില്ല. തമസ്സല്ലോ സുഖപ്രദം... എന്ന കവിവാക്യം  മനസ്സിനെയുംശരീരത്തെയും പ്രക്ഷുബ്ധമാക്കും..കാറ്റും കോളും ഒരു പേമാരിയുടെ രൂപത്തില്‍ ഭൂമിയിലേക്ക് പെയ്തിറങ്ങുന്ന ആലസ്യത്തിലാണ് ഉറക്കം കടന്നുവരിക...ഇങ്ങനെ എല്ലാ രാവുകളിലും ഇടതടവില്ലാതെ ഭൂമിയിലേക്ക്‌ വൃഷ്ടിവര്‍ഷം ഉണ്ടാകുമ്പോള്‍ അണക്കെട്ടുകള്‍ നിറയുന്നതും , വൃഷ്ടിപ്രദേശത്ത്  ജീവന്‍റെ തുടിപ്പുകളുണ്ടാവുന്നതും   സ്വാഭാവികം മാത്രം... അതിനെ പരിപോഷിപ്പിച്ചു പുറത്തെടുക്കുമ്പോഴേക്കും, ഇതാ അടുത്തവേനല്‍ വന്നെത്തി..അണക്കെട്ടു കാലിയാകുന്നു.അതോടെ വീണ്ടും കറണ്ടുകട്ട് തുടങ്ങുന്നു..വീണ്ടും പഴയ ചര്യതന്നെ ആവര്‍ത്തിക്കും..... സമ്മതിക്കില്ല അല്ലേ..............

 എന്നിട്ട് ജനസംഖ്യ നൂറ്റിയിരുപത്തിയെന്നുകോടി കഴിഞ്ഞുവെന്നു പറഞ്ഞാല്‍ മതി....കട്ട് ഇങ്ങനെ തുടരുകയാണെങ്കില്‍ എപ്പോ അഞ്ഞൂറു കോടി കവിഞ്ഞുവെന്നുചോദിച്ചാല്‍ മതി...ജീവിതത്തില്‍ എന്തെകിലും എന്റര്‍ടെയിനറൊക്കെ വേണ്ടേ..അല്ലാതെ എന്തോന്ന്.../??/