**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Saturday, December 7, 2013

പ്രശ്നപരിഹാരം ഊളമ്പാറയിലേക്ക്


  വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍

രണ്ടായിരത്തിപ്പതിമൂന്ന്‍ അവസാനിക്കാന്‍ പോകുന്ന ഈ സമയത്ത് പൈസ വസൂലാകുന്ന നല്ല ഒന്നാംതരം കോമഡിഷോ  കേരളത്തില്‍ കര്‍ട്ടന്‍വീഴാന്‍ പാകത്തിലിപ്പോള്‍ കളിച്ചുകൊണ്ടിരിക്കുകയാണ്... ബിജുവിന്‍റെ നേതൃത്വത്തില്‍ സോളാര്‍ തിയേറ്റര്‍ അവതരിപ്പിച്ച  ‘സരിതശാലു വിളയാട്ടം’ ബാലേയ്ക്ക് ശേഷം നടക്കുന്ന സൂപ്പര്‍ഹിറ്റ്‌ ഷോയാണിപ്പോള്‍ നടക്കുന്നത്..  ‘വഞ്ചിയിപ്പോഴും തിരുന്നക്കാരെത്തെന്നെ’യെന്നപേരില്‍  മന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഈ പരിപാടിയില്‍ കുറ്റവാളികള്‍,  ജയില്‍, പോലിസ്, നിയമം, രാഷ്ട്രിയം,മാധ്യമങ്ങള്‍ എന്നിങ്ങനെ  എല്ലാ മേഖലകളും  കടന്നുവരുന്നുണ്ട്.. പങ്കെടുക്കുന്ന എല്ലാവരും മുന്‍പരിചയമുള്ള നല്ല അഭിനേതാക്കളായതുകൊണ്ട് ഷോ കണ്ടിരിക്കാനും മുഷിപ്പില്ല..ഊളമ്പാറയില്‍ കിടക്കേണ്ടാവരാണ് നാടുഭരിക്കുന്നതെന്ന യുവനേതാവിന്‍റെ വെളിപ്പെടുത്തലുകള്‍ നിറഞ്ഞ  മുന്‍ എപ്പിസോഡില്‍ നിന്നും വിത്യസ്തമായി  കഴിഞ്ഞ എപ്പോസോഡില്‍ ജയില്‍ ഡീജിപി യുടെ തലയുരുട്ടിക്കൊണ്ട്‌ മന്ത്രിയുടെ ആട്ടമാണ് കണ്ടത്... ഇനിയങ്ങോട്ടുള്ള രണ്ടുമൂന്നു എപ്പിസോഡുകള്‍ മാധ്യമ വിചാരണയായിരിക്കും..ജയില്‍ ഡിജിപിയുടെ ചോര പൊടിഞ്ഞതിനാല്‍ ഫോണ്‍വിളിയും ഫേസ്-ബുക്കും രംഗത്തുനിന്നും ഒഴിവാക്കപ്പെരിക്കുന്നു.. ഇശ്ചിച്ച ഫലം കിട്ടിയതിനാല്‍ ഈ ചക്കളത്തി പോരിന് തല്‍ക്കാലം കര്‍ട്ടന്‍ വീഴുമെന്നു പ്രതീക്ഷിക്കാം..

 കഥയുടെ ഗതിവിഗതികള്‍ നോക്കിയാല്‍ കൊലക്കേസില്‍ പിടിക്കപ്പെട്ട് ജയിലില്‍ അടയ്ക്കപ്പെട്ട വിചാരണത്തടവുകാര്‍ മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും ഉപയോഗിക്കുന്നവെന്ന ഒരു ചാനലിന്‍റെ കണ്ടുപിടുത്തത്തോടെയാണ് ഷോ ആരംഭിക്കുന്നത്.. തുടര്‍ന്ന്‍ കേരളം മുഴുവന്‍ ഈ സംഭവത്തില്‍ ഞെട്ടലും വിറയലും രേഖപ്പെടുത്തുന്നു. നമ്മുടെ മഹാന്മാരായ രാഷ്ട്രിയനേതാക്കള്‍ പതിവുപോലെ രണ്ടുപക്ഷമായി പിരിഞ്ഞു നടപടിയും മറുപടിയും ആവശ്യപ്പെടുന്നു... പ്രതികള്‍ ഭൂലോക അലവലാതികളാണെന്ന് ഒരു പക്ഷവും  അല്ല അവര്‍ വെറും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ മാത്രമാണെന്ന്‍ മറുപക്ഷവും  വിശദീകരണങ്ങളിറക്കുന്നു..

 ഇങ്ങനെ സംഭവം കൊഴുക്കുമ്പോഴാണ് ആരോപണവിധേയമായ ഫേസ് ബുക്ക് ചിത്രങ്ങള്‍ ജയിലില്‍നിന്ന് അപ്-ലോഡ് ചെയ്യപ്പെട്ടതിനു തെളിവില്ലായെന്നും പ്രതിയുടെതെന്നു പറഞ്ഞുകൊണ്ട് ചാനല്‍ വെളിപ്പെടുത്തുന്ന ശബ്ദം സംശയം ജനിപ്പിക്കുന്നുവെന്നും പറഞ്ഞുകൊണ്ട് ജയില്‍ ഡീജിപി രംഗത്തുവരുന്നത്. തുടര്‍ന്ന്‍ ജയിലില്‍ അതിഭയങ്കരമായ ഒരു റെയിഡ് നടക്കുന്നു.. ഏതാനും പൊട്ടിയവയറുകളും, കത്തിപ്പോയ ബാറ്ററികളും, മൊബൈല്‍ ഫോണിന്‍റെ പൊട്ടിയ കഷണങ്ങളുമാണ് റെയിഡില്‍ കണ്ടത്തിയത്,,, ഡിറ്റക്റ്റരും മറ്റ് ഉപകരണങ്ങളും വെച്ചു നടത്തിയ ഭൂലോകപരിശോധനയില്‍ വേറെയൊന്നും കിട്ടിയില്ല.. ജയിലില്‍ നിന്നും വിളിച്ചെങ്കില്‍ അതിനുപയോഗിച്ച ഫോണ്‍ എവിടെ..?? അതുകണ്ടുകിട്ടിയോ...?? അതുമാത്രം ചോദിക്കരുത്..ഫോണ്‍ എവിടെയോ സുഖമായി ഇരിക്കുന്നു...ഒന്നും കിട്ടാത്ത സ്ഥിതിയ്ക്ക് ചാനലിന്‍റെത് വെറും ആരോപണം മാത്രമായിരുന്നോ...?? അതോ ഇപ്പോഴും കള്ളന്‍ കപ്പലില്‍ത്തന്നെ ഉണ്ടോ... റെയിഡിനുശേഷം ചായയും കടിയും കഴിച്ചശേഷം ആഭ്യന്തരമന്ത്രിയുടെ പത്രസമ്മേളനം നടക്കുന്നു.. അതില്‍ ഒന്ന്‍, രണ്ട്, മൂന്ന്‍,നാല്,അഞ്ച് അതുകഴിഞ്ഞാല്‍ ആറു  എന്ന രീതിയില്‍ കാര്യങ്ങള്‍ പറയുന്നു.. ഇതു ഒരുവശത്ത് നടക്കുമ്പോള്‍ പിന്നണിയില്‍ മന്ത്രി രാജിവെയ്ക്കണമെന്നുള്ള കീര്‍ത്തനങ്ങള്‍ കേള്‍ക്കാം.. മന്ത്രി രാജിയാവാണോ,അതോ രാജിയാണോ മന്ത്രിയാവേണ്ടത് തുടങ്ങി പ്രതികളെ ജയിലില്‍നിന്നും മാറ്റിയാല്‍ മഴപെയ്യുമോ... ഇതില്‍ ഗ്രൂപ്പുകളികളായ ചാക്കിലോട്ടവും കുതികാല്‍വെട്ടും നടന്നോയെന്നൊക്കെ എല്ലാ ചാനലുകളും ന്യൂസവറില്‍ കൂലങ്കൂഷമായി പരിശോധിക്കുന്നതിനിടയിലാണ് കണ്ണൂരുള്ള പോലിസ് തെരുവിലുണ്ടായിരുന്ന പാര്‍ട്ടിപരസ്യങ്ങളെല്ലാം മാറ്റി നഗരത്തില്‍ സേവനവാരം ആഘോഷിച്ചത്,,, മറ്റെല്ലാബോര്‍ഡും മാറ്റാം പക്ഷെ ഭരണപ്പാര്‍ട്ടിയുടെ`ബോര്‍ഡോന്നും മാറ്റാന്‍ പാടില്ലായെന്ന കീഴ്വഴക്കം ലംഘിക്കപ്പെട്ടതിനാല്‍ ഭരണവിഭാഗം യൂത്ത്-നേതാവ് ഏതോ പൂക്കുറ്റി ആഭ്യന്തരമന്ത്രിയ്ക്ക് കമ്പിയടിക്കുന്നു.. ജയിലിലെ ചപ്പാത്തിയും കോഴിക്കറിയും മൂക്കുമുട്ടെക്കഴിച്ച് വയറിളക്കം പിടിച്ച ജയില്‍മന്ത്രി കൈയ്യിലിരുന്ന മൊബൈലില്‍ പച്ചമരുന്നിനായി സേര്‍ച്ച്‌ ചെയ്യുമ്പോഴാണ് പൂക്കുറ്റിയുടെ കമ്പിയടികിട്ടുന്നത്.. വയറ്റിളക്കം പിടിച്ചവന്‍റെ മനക്ലേശത്തോടെ ഏത് @#$%*&മോനാണ് ഈ നേരത്ത് കക്കൂസിന്‍റെ വാതിലില്‍ മുട്ടുന്നതെന്ന തനിമലയാളത്തിലുണ്ടായ  മന്ത്രിയുടെമറുപടി പൂക്കുറ്റിയെ ചൊടിപ്പിക്കുന്നു......... ആഭ്യന്തരമന്ത്രിയെ ഉടനടി ഊളമ്പാറയ്ക്ക് മാറ്റണമെന്നും കറണ്ട് അടിപ്പിക്കണമെന്നും`യൂത്തുനേതാവ് പറയുന്നു..തുടര്‍ന്ന്‍ തനിയാവര്‍ത്തനം പോലെ കോലംകത്തിക്കല്‍ നടക്കുന്നു..പരിപാടി ഇങ്ങനെ മുന്നേറുന്നതിനിടയിലാണ്  സ്വയം എരിഞ്ഞടങ്ങാന്‍ തയ്യാറായി ജയില്‍ ഡീജിപി വീണ്ടും രംഗത്തുവരുന്നത്.. ജയിലില്‍ എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിന്‍റെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നതായി അദേഹം പ്രസ്താവിക്കുന്നു.. തുടര്‍ന്ന്‍ അദേഹം ചില കാര്യങ്ങള്‍ പറഞ്ഞു..

  പരിശോധനവേണം പരിശോധനവേണം എന്നു മുറവിളികൂട്ടുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് അദേഹം പറഞ്ഞത്...... നിരീക്ഷണക്യാമറകള്‍ വച്ചപ്പോള്‍ മനുഷ്യാവകാശക്കാര്‍ അത് ഊരികൊണ്ടുപോയി, സര്‍ക്കാര്‍ വെച്ചുകൊടുത്ത മൊബൈല്‍ ജാമറുകള്‍ക്ക് പത്തുമീറ്റര്‍ പോലും പരിധിയില്ല..എന്നാലിനി പരിശോധന കര്‍ശനമാക്കാന്‍ എല്ലാം അഴിച്ചുതപ്പാമെന്നു കരുതിയപ്പോള്‍ കണ്ണൂരില്‍ തപ്പാന്‍നിന്ന മൂന്നു പോലീസുകാര്‍ക്ക് പണിപോയി..ശരീരത്തിന്‍റെ പല വിടവുകളും പരിശോധനാമേഖലയുടെ പുറത്തായതിനാല്‍ ആ വിടവുകളിലൂടെയുള്ള ഫോണ്‍കടത്തല്‍ തടയാനും കഴിയില്ല...ജയിലിലാണേല്‍  ഇങ്ങോട്ട് തല്ലിയാല്‍ തിരിച്ചുതല്ലാന്‍ പോലുമുള്ള ജീവനക്കാരില്ല... അതുകൊണ്ട് തടവുപുള്ളികളുടെ കൈയ്യില്‍നിന്നും തല്ലു കൊള്ളാതിരിക്കാന്‍ ജീവനക്കാര്‍ പുള്ളികളുടെ ഭൃത്യന്മാരാകുന്നു... കണ്ണൂര്‍ജയിലില്‍ മുന്പ് കലാപം നടക്കുകയും ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തിട്ടും ഇപ്പോഴും വേണ്ടത്ര മുന്‍കരുതല്‍ ഇല്ല... ഇങ്ങനെ കേള്‍ക്കുന്ന ജനങ്ങള്‍ക്ക് മനസിലാകുന്നതരത്തില്‍ ചില വസ്തുതകള്‍ ജയില്‍ ഡീജിപി ഏതോ ദുര്‍ബല നിമിഷത്തില്‍ പറഞ്ഞുപോയി.. ഉള്ളകാര്യം വിളിച്ചുപറഞ്ഞതിനാല്‍ ഉടനെ എല്ലാ ഊളമ്പാറ അന്തേവാസികളും ഡീജിപി യ്ക്കെതിരെ തിരിയുന്നു.. സര്‍ക്കാര്‍ നിലപാടുകള്‍ക്ക് വിരുദ്ധമായ പ്രസ്താവന ഇറക്കിയതുകൊണ്ട് വിശദികരണം ആവശ്യപ്പെടുന്നു ..കൊടുത്ത വിശദികരണം മനസിലാവാത്തതിനാല്‍ ഡീജിപി പണിപോകുന്നു...ജയിലില്‍ നടന്ന പ്രശ്നത്തിലല്ല ഡീജിപിക്ക് പണിപോയതെന്ന കാര്യം ശ്രദ്ധേയമാണ് മറിച്ചു ഡീജിപി പറഞ്ഞകാര്യങ്ങള്‍ സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമാണ് പോലും... കുഴപ്പങ്ങള്‍ക്കെല്ലാം കാരണം ആരുടെ നിലപാടാണെന്നു വ്യക്തം..അങ്ങനെ ജയിലിലെ ഫോണ്‍വിളിയില്‍ തുടങ്ങിയ അന്വേഷണം അവിടെത്തന്നെ കുഴിച്ചുമൂടി പകരം ജയിലില്‍ നടക്കുന്ന ചില ബാഹ്യ ഇടപെടലുകളെക്കുറിച്ച് പറഞ്ഞ ഡീജിപിയുടെ പണിപോയി...രാമായണം മുഴുവന്‍ വായിച്ചിട്ടും രാമന്‍ സീതയുടെ ആരാണെന്നു ചോദിച്ചപോലെയായി കാര്യങ്ങള്‍..ജയിലില്‍ ചട്ടലംഘനം നടത്തിയ പ്രതികളും അവര്‍ ഉപയോഗിച്ചുവെന്നു പറയുന്ന ഫോണും ഇപ്പോഴും പരിധിക്ക് പുറത്താണ്..ഫോണ്‍ കണ്ടെത്താനോ അത് ജയിലില്‍ എത്തിച്ചതെങ്ങനെയെന്നോ ഇതുവരെ ഒരു വിവരവുമില്ല.ജയിലില്‍ സുരക്ഷാക്രമികരണങ്ങള്‍ കൂട്ടാന്‍ നിര്‍ദേശമില്ല.....ഫലത്തില്‍ ഡിജിപിയുടെ പണിപോയത് മിച്ചം...ബാക്കിയെല്ലാം പഴയതുപോലെതന്നെ....

ഇതിന്‍റെ മറ്റൊരുവശം ഈ പറയുന്ന പ്രതികളൊന്നും കുറ്റവാളികള്‍ ആണെന്നു കോടതിയില്‍ തെളിഞ്ഞിട്ടില്ല.. ഇവര്‍ ശിക്ഷയനുഭവിക്കുന്ന  തടവുകാരല്ല; വിചാരണത്തടവുകാര്‍ മാത്രമാണ് ..അതുകൊണ്ടുതന്നെ ശിക്ഷ അനുഭവിക്കുന്ന തടവുകാരെക്കാള്‍ പല ആനുകൂല്യങ്ങളും ഇവര്‍ക്കുണ്ടെ ന്നുള്ളതാണ് വസ്തുത.. പല കേസുകളിലും ജനരോഷം തണുപ്പിക്കാനും മാധ്യമശ്രദ്ധ തിരിച്ചുവിടാനും ഈ വിചാരണത്തടവെന്ന പരിപാടി സര്‍ക്കാര്‍ ഉപയോഗിക്കുന്നു..ഒരളവുവരെ മനുഷ്യാവകാശലംഘനവും ഇതില്‍ വരുന്നു.. ഒരു വ്യക്തി കുറ്റവാളിയെന്നു കോടതി വിധിക്കാത്തകാലത്തോളം അയാള്‍ കുറ്റവാളിയല്ല കുറ്റാരോപിതന്‍ മാത്രമാണ്...ജയിലില്‍ അടയ്ക്കപ്പെട്ടു എന്ന കാരണത്താല്‍ അയാളെ കുറ്റവാളിയെന്നു നിര്‍വചിക്കാന്‍ കഴിയില്ല..ജയിലില്‍ അയാളുടെ അവകാശങ്ങള്‍ പൂര്‍ണ്ണമായി നിഷേധിക്കപ്പെടണമെന്നുപറയാനും കഴിയില്ല..അങ്ങനെ വരുമ്പോള്‍ ഇതിനാവശ്യമായ നടപടികള്‍ എടുക്കേണ്ടത് സര്‍ക്കാരാണ്...നീതിനിര്‍വഹണത്തിലെ കാലതാമസമൊഴിവാക്കി വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണം;  ജയിലെന്നത് ശിക്ഷിക്കപ്പെട്ടവര്‍ക്കുള്ള സ്ഥലമായിമാറ്റാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തത് എന്തുകൊണ്ടാണ്.. അന്‍പത്തി ഏഴുരൂപ മണിയോര്‍ഡറില്‍ നിന്നും മോഷ്ടിച്ചുവെന്ന ആരോപണത്തിനു വിധേയനായ കാന്പൂരിലെ ഉമാകാന്ത് മിശ്രയെന്ന പോസ്റ്റ്‌മാന്‍ നമ്മുടെ നിയമത്തിനുമുന്നില്‍ ഇരുപത്തിയോന്‍പത് വര്‍ഷത്തെ വിചാരണയാണ് നേരിട്ടത്.. ഒടുവില്‍ നിരപരാധിയെന്നു കണ്ടെത്തി കോടതി വെറുതെ വിടുകയും ചെയ്തു..ഇങ്ങനെ, ഒരു കേസിന്‍റെ വിചാരണ വലിച്ചുനീട്ടി കാലങ്ങള്‍ കഴിക്കുമ്പോള്‍ നിരപരാധികളുടെ ജീവിതംതന്നെ  നശിക്കുകയും കുറ്റവാളികള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന ശിക്ഷകിട്ടാതെ വെറും വിചാരണ തടവുകാരന്‍ മാത്രമായി കാലം തള്ളിനീക്കാനും കഴിയുന്നു..അതുകൊണ്ട് ഒന്നുകില്‍ നീതിനിര്‍വഹണത്തിലെ കാലതാമസം ഒഴിവാക്കുക..അല്ലെങ്കില്‍ വിചാരണത്തടവുകാര്‍ക്കായി അവരുടെ കാര്യത്തിലുള്ള പ്രത്യേക ഇളവുകള്‍ അനുവദിച്ചുകൊണ്ട് പ്രത്യേക ജയിലുകള്‍ ഉണ്ടാക്കുക.. ഇതിനൊന്നും കഴിയില്ലായെങ്കില്‍ ജയിലില്‍ ആവശ്യത്തിനു ജീവനക്കാരെനിയമിക്കുകയും  നിരീക്ഷണ സംവിധാനങ്ങള്‍ ശക്തമാക്കുകയും ചെയ്യുക.... ഇവയെല്ലാം സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങളാണ്; അതിനുപകരം ജയിലില്‍ നടക്കുന്ന അപ്രീയസത്യങ്ങള്‍ പൊതുസമൂഹത്തിനു മുന്നില്‍ തുറന്നു കാണിച്ചുവെന്ന കാരണത്താല്‍ ഡീജിപിയെ സര്‍ക്കാര്‍ വിരുദ്ധനെന്ന ലേബലില്‍ തല്‍-സ്ഥാനത്തുനിന്നു മാറ്റുമ്പോള്‍...യഥാര്‍ത്ഥ പ്രശ്നം അതേ രീതിയില്‍ ഇപ്പോഴും നില്‍ക്കുന്നു..ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കുന്നതുപോലെയാണത്.  ഡീജിപി പറഞ്ഞ കാര്യങ്ങളിലെ വസ്തുതകള്‍ പരിശോധിച്ച് ഒരു ജയിലില്‍ ശുചീകരണം നടത്തുന്നതിന് പകരം ശരീരം അങ്ങനെതന്നെ നിറുത്തി തലമാത്രം മാറ്റുന്ന മാജിക് പരിപാടികൊണ്ട് കാര്യമൊന്നുമില്ല.. ഫോണ്‍വിളിക്കും ഫേസ് ബുക്കിനും ഒരു നിയന്ത്രണവും വന്നില്ല...ഇതാണ് സര്‍ക്കാര്‍ നിലപാടെങ്കില്‍; കുറ്റവാളികള്‍ക്ക് കുടപിടിക്കുന്ന നിലപാടുകളാണിതെന്നു ജനത്തിനു പറയേണ്ടിവരും....

7 comments:

  1. അന്‍പത്തി ഏഴുരൂപ മണിയോര്‍ഡറില്‍ നിന്നും മോഷ്ടിച്ചുവെന്ന ആരോപണത്തിനു വിധേയനായ കാന്പൂരിലെ ഉമാകാന്ത് മിശ്രയെന്ന പോസ്റ്റ്‌മാന്‍ നമ്മുടെ നിയമത്തിനുമുന്നില്‍ ഇരുപത്തിയൊന്‍പത് വര്‍ഷത്തെ വിചാരണയാണ് നേരിട്ടത്

    അനീതി പെരുകിയ രാജ്യം!!

    ReplyDelete
    Replies
    1. വളരെ ശരിയാണ് അനീതി മാത്രമല്ല കെടുംകാര്യസ്ഥതയും അഴിമതിയും നിറഞ്ഞ രാജ്യം

      Delete
  2. എല്ലാ നിയമങ്ങളും ഉണ്ട് പക്ഷെ എങ്ങനെയത് പ്രവര്‍ത്തിപ്പിക്കും എന്നതാണ് അറിയാന്‍ പാടില്ലാത്തത് ..

    ReplyDelete
  3. ഇടി വെട്ട് കൊണ്ട ഉമ്മച്ചന്റെ തലയില്‍ അഭ്യന്തര മന്ത്രി അണലി ആയി വന്നു കൊത്തി .. ഹി ഹി ഹി ഹി

    ReplyDelete
  4. ഒടുവില്‍ നിരപരാധിയെന്നു കണ്ടെത്തി കോടതി വെറുതെ വിടുകയും ചെയ്തു..ഇങ്ങനെ, ഒരു കേസിന്‍റെ വിചാരണ വലിച്ചുനീട്ടി കാലങ്ങള്‍ കഴിക്കുമ്പോള്‍ നിരപരാധികളുടെ ജീവിതംതന്നെ നശിക്കുകയും കുറ്റവാളികള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന ശിക്ഷകിട്ടാതെ വെറും വിചാരണ തടവുകാരന്‍ മാത്രമായി കാലം തള്ളിനീക്കാനും കഴിയുന്നു.....


    yep.. rules are only for poor!

    ReplyDelete
  5. "തലമാത്രം മാറ്റുന്ന മാജിക് പരിപാടി..."
    ആശംസകള്‍

    ReplyDelete
  6. ഈ ഇത്രേം ചെറിയ ജയിലിനകത്ത് നടക്കുന്ന കാര്യങ്ങള്‍ നിയന്ത്രിക്കാനോ മനസ്സിലാക്കാനോ കഴിയാത്ത ഉണ്നാക്കന്മാരാണോ നമ്മുടെ ഏമാന്മാര്‍ ? ഇവരാണോ നമ്മുടെ നാട് ഭരിക്കേണ്ടവര്‍ ?

    ReplyDelete